വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ്: ഇരുപത്തിയൊമ്പതാം ദിനം – കര്‍ത്താവിനോട് എപ്പോഴും വിശ്വസ്തരായിരിക്കാം

“കർത്താവിനോട് എപ്പോഴും വിശ്വസ്തയായിരിക്കാൻ ഞാൻ ആഗ്രഹിച്ചു” എന്ന അൽഫോൻസാമ്മയുടെ വാക്കുകൾ അവളുടെ ആത്മീയ ജീവിതത്തെ വ്യക്തമാക്കുന്നു. വിശ്വസ്തത എന്നത് ദൈവത്തോടുള്ള അനുരാഗത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. മനുഷ്യജീവിതത്തിൽ ഉണ്ടായേക്കാവുന്ന സംശയങ്ങൾക്കും പ്രലോഭനങ്ങൾക്കും നടുവിലും ദൈവനിഷ്ഠയിൽ ഉറച്ചുനില്ക്കാനാണ് അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിലെ സങ്കീർണ്ണതകളിലും ദുഃഖങ്ങളിലും, ദൈവത്തോടുള്ള ആത്മബന്ധം നിലനിർത്തുന്നതിന് ഈ വാക്കുകൾ പ്രചോദനമാണ്. ജീവിതത്തിലുടനീളം പ്രതിബദ്ധതയും വിശ്വസ്തതയും സംരക്ഷിച്ചാൽ മാത്രം ദൈവാനുഗ്രഹം അനുഭവിക്കാൻ സാധിക്കും.

കർത്താവിനോട് വിശ്വസ്തനായിരിക്കാൻ മൂന്ന് പ്രായോഗിക മാർഗങ്ങൾ നമുക്കു പരിശോധിക്കാം

1. ദൈവവചനത്തോടുള്ള അർപ്പണം

ദൈവവചനത്തെ പ്രതിദിനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. വചനം വഴി ദൈവിക ചിന്തകളിലൂടെ ദൈവത്തിന്റെ മനസ്സറിയുക. ഇതിലൂടെ മനസ്സാക്ഷി ശക്തമാവുകയും ജീവിതത്തിലുടനീളം ദൈവത്തിന്റെ സുരക്ഷിത വഴി നാം കണ്ടെത്തുകയും ചെയ്യും.

2. പ്രാർഥനയും ആത്മസംയമനവും

പ്രാർഥന ദൈവവുമായി അടുത്ത ബന്ധം ഉറപ്പിക്കുന്നു. പ്രാർഥനയെ അനുദിന ജീവിതത്തിലെ വിശുദ്ധമായ ശീലമാക്കുക. പ്രാർഥനയിൽ വളരുമ്പോൾ ആത്മസംയമനവും വിശ്വസ്തയും വർധിക്കും

3. തുറവിയുള്ള സമീപനം വളർത്തുക

തുറവിയും ആത്മാർഥമായ ഇടപെടലുകളും ഉണ്ടെങ്കിലേ വിശ്വസ്തതയിൽ വളരാൻ കഴിയു. സഭയുടെ പഠനങ്ങളോടും പാരമ്പര്യളോടും ഉള്ള തുറവിയുള്ള സമീപനം കർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധയോടെ പങ്കാളിയാകാൻ നമ്മെ ശക്തിപ്പെടുത്തുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.