വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ്: ഇരുപത്തിയേഴാം ദിനം – ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം കര്‍ത്താവിനു കാഴ്ച കൊടുക്കണേ

“ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം” എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ വാക്കുകൾ കർത്താവിനു കാഴ്ചസമർപ്പിക്കുമ്പോൾ നമ്മൾ പുലർത്തേണ്ട ആത്മീയ നിഷ്ഠയെകുറിച്ചാണ് പഠിപ്പിക്കുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം തന്നെ ദൈവഹിതത്തിനു കീഴ്‌വഴങ്ങിയുള്ള സഹനത്തിന്റെയും ആത്മാർപ്പണത്തിന്റെയും ഒരു കാഴ്ചസമർപ്പണമായിരുന്നു.

ജീവിതത്തിൽ സംഭവിക്കുന്ന വേദനകൾ, വെല്ലുവിളികൾ, കഷ്ടപ്പാടുകൾ, രോഗബാധകൾ, ദുഃഖങ്ങൾ എന്നിവയെ ക്ഷമാപൂർവ്വം സഹിച്ച് ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുക എന്നതാണ് ഈ വാക്കുകളുടെ സാരാംശം. തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വന്നാലും അതിനെ ദൈവത്തിന്റെ പദ്ധതിയായി അംഗീകരിച്ച്, ദുഖങ്ങളും സങ്കടങ്ങളും ദൈവത്തിനുള്ള ഒരു ബലിക്കാഴ്ചയായി കാണുക, അത് ദൈവാനുഗ്രഹങ്ങൾക്കായി അർപ്പിക്കുക എന്നതാണ് വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്ന വലിയ പാഠം.

സഹിച്ചുകൊണ്ടുള്ള ആത്മാർപ്പണം ദൈവവിശ്വാസത്തിലധിഷ്ഠതമാകുമ്പോൾ മനുഷ്യൻ ശക്തനാകുന്നു. എല്ലാം ദൈവത്തിന്റെ കൃപയോടെ സ്വീകരിക്കാനുള്ള മനോഭാവം ആർജ്ജിക്കുകയും ചെയ്യുന്നു. ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച സമർപ്പണം നടത്തുവാൻ പ്രായോഗികമായി ജീവിതത്തിൽ സ്വീകരിക്കാൻ മൂന്ന് മാർഗങ്ങൾ

1. അനുദിന കഷ്ടതകൾ ദൈവത്തിനു സമർപ്പിക്കുക

ദിവസേന അനുഭവിക്കുന്ന ചെറിയ നിരാശകളും ദുഃഖങ്ങളും ദൈവത്തിനു കാഴ്ചവെക്കുക. ഉദാഹരണമായി, മറ്റുള്ളവരുടെ വിമർശനങ്ങൾ, അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ, പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തത് എന്നിവയെ ക്ഷമയോടെ സഹിക്കുക. ഈ നൊമ്പരങ്ങൾ ദൈവത്തിന്റെ മുൻപിൽ ആത്മാർത്ഥമായ പ്രാർഥനയായി സമർപ്പിക്കുക.

2. പ്രതിസന്ധികളിൽ കൃത്യമായ മനസാന്നിധ്യം പാലിക്കുക

ആശയക്കുഴപ്പം, നിരാശ, ദുഃഖം എന്നിവ നേരിടുമ്പോൾ, ദൈവത്തിന്റെ കരങ്ങളിൽ വിശ്വസിച്ച് മനഃസമാധാനം പുലർത്തുക. “കർത്താവേ, ഇക്കഴിഞ്ഞ കഷ്ടതകൾക്കു ഞാൻ നന്ദി പറയുന്നു” എന്ന് മനസ്സിൽ ആവർത്തിക്കുക. ഈ മനോഭാവം ദുഃഖത്തെ ദൈവാനുഗ്രഹമായി കാണാൻ സഹായിക്കും.

3. ആത്മീയമായ കരുത്ത് വീണ്ടെടുക്കുക

നിരന്തര പ്രാർത്ഥന, വിശുദ്ധഗ്രന്ഥ വായന, പരിശുദ്ധ കുർബാന, കരുണാപ്രവർത്തികൾ എന്നിവയിലൂടെ ദൈവത്തോട് അടുത്തു നിൽക്കുക. ഇങ്ങനെ ആത്മീയമായി കരുത്ത് പ്രാപിച്ച്, പ്രതിസന്ധികളിൽ കരുത്തോടെ നിൽക്കാനും ദുഖങ്ങൾ ദൈവത്തിനു സമർപ്പിക്കാനും നമുക്കാവും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.