നോമ്പ് വിചാരങ്ങൾ 50: ഈസ്റ്റർ – രക്ഷാകര പദ്ധതി വിജയം കൈവരിച്ച തിരുനാൾ

സി. റെറ്റി എഫ്. സി. സി.

മോചനത്തിന്റെ കാഹളധ്വനിയുമായി ജീവന്റെ പുത്തൻ തുടിപ്പുമായി ഉയിർപ്പ് തിരുനാൾ. രക്ഷാകര ചരിത്രത്തിലെ അതിനിർണായകമായ ഒരു നിമിഷമാണ് നമ്മുടെ കർത്താവിന്റെ ഉയിർപ്പ്. രക്ഷാകര പദ്ധതി വിജയം കൈവരിച്ചതിന്റെ സ്മരണയാണ് നാം കർത്താവിന്റെ ഉയിർപ്പിലൂടെ ആഘോഷിക്കുക. ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. അപ്പസ്തോലന്മാരുടെ പ്രബോധനത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും കേന്ദ്ര ആശയം യേശുക്രിസ്തുവിന്റെ ഉയിർപ്പ് തന്നെ. ഉത്ഥാനത്തിലൂടെ യേശുനാഥൻ സമ്പൂർണ്ണമായി രൂപാന്തരപ്പെട്ടു.

സ്വരൂപിയായിരുന്ന അവിടുന്ന് അരൂപിയായി തീർന്നു. ജോസഫ് ഷി മിത്ത് എന്ന പണ്ഡിതന്റെ വാക്കുകളിൽ ഉയിർപ്പ് മിശിഹായുടെ സമ്പൂർണ്ണമായ ആവിഷ്കാരമായിരുന്നു. അവിടുത്തെ ദൈവികതയുടെയും ദൈവപുത്ര സ്ഥാനത്തിന്റെയും സ്ഥിരീകരണം ആയിരുന്നു. സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാൾ റാനറുടെ അഭിപ്രായത്തിൽ, മിശിഹായെ ഉയിർപ്പിച്ചുകൊണ്ട് അവിടുത്തെ കുരിശിലെ ബലിയുടെ സ്വീകാര്യതയെ പിതാവായ ദൈവം യഥാർത്ഥത്തിൽ പ്രഖ്യാപിച്ചു. അതുകൊണ്ട് ഉത്ഥാനം കുരിശിലെ ബലിയുടെ ഏറ്റവും മർമ്മ പ്രധാന ഭാഗമായിത്തീർന്നത്.

ഗാഗുൽത്താ അല്ല, താബോറാണ് സഹനം അല്ല, സന്തോഷമാണ് സ്ഥായിയാട്ടുള്ളതെന്ന സത്യം ക്രിസ്തുനാഥൻ തന്റെ ഉത്ഥാനത്തിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. ഉത്ഥാനം ചെയ്ത കർത്താവ് വ്യക്തികൾക്കും സമൂഹങ്ങൾക്കും പലപ്രാവശ്യം പ്രത്യക്ഷപ്പെട്ടു. അവരുടെ യേശു അനുഭവമാണ് ഉത്ഥാനത്തിന്റെ അച്ചാരം.

ഉയിർപ്പിന്റെ രഹസ്യം കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും അത്യധികം ആഹ്ലാദത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ തുടങ്ങി. ഉത്ഥാനം ചെയ്ത കർത്താവിനും അവിടുന്ന് അയച്ച പരിശുദ്ധാത്മാവിനാലും ശക്തി സംഭരിച്ച പത്രോസ് സധൈര്യം പ്രഘോഷിച്ചു: നിങ്ങൾ കുരിശിൽ തറച്ച് കൊന്ന യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഉയർത്തെഴുന്നേറ്റ ഈശോയെ ദർശിക്കുകയും ശ്രവിക്കുകയും അനുഭവിക്കുകയും ചെയ്ത പൗലോസ് ആകട്ടെ ഉത്ഥാനത്തിന്റെ ശക്തിയിലും സന്തോഷത്തിലും ലയിച്ചു. ക്രൈസ്തവ സന്തോഷത്താൽ നിറഞ്ഞ ശ്ലീഹ ആവർത്തിച്ച് പറഞ്ഞു: ‘സന്തോഷിക്കുവിൻ വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു. കർത്താവിൽ സന്തോഷിക്കുവിൻ. (ഫിലി 4/4)

ഉത്ഥാനം നൽകുന്ന സന്തോഷത്തിലേക്ക് നമുക്കിന്ന് കടന്നു വരാം. ക്രിസ്തു തന്റെ ദാനം വഴി നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിച്ചു. അവിടുന്ന് അരൂപിയിൽ നമ്മോടു കൂടിയായി തീർന്നു മരണത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ നാം ഇനി ഭയപ്പെടേണ്ടതില്ല. പൗലോസിനും പത്രോസിനും അതുപോലെ യേശുവിനെ വിശ്വസ്തതയോടെ പിന്തുടർന്ന എല്ലാവർക്കും ലഭിച്ച അതേ കൃപയാണ് അവിടുത്തെ ഉത്ഥാനം വഴി നമുക്കും ലഭിക്കുക. നമുക്കതിൽ സന്തോഷിക്കാം. ഏവർക്കും ഈശോമിശിഹായുടെ ഉത്ഥാനതിരുനാൾ മംഗളങ്ങൾ. സമാധാനവും സൗഭാഗ്യവും!

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.