നോമ്പ് വിചാരങ്ങൾ 49: മാമ്മോദീസായുടെ സ്മരണയിൽ വലിയ ശനിയാഴ്ച നമുക്കു വ്യാപരിക്കാം

സി. റെറ്റി എഫ്. സി. സി.

ആദിമസഭയിൽ ജ്ഞാനസ്നാനം നൽകിയ ദിനമാണ് ദുഃഖശനി. സാധാരണയായി വലിയ ശനിയാഴ്ചകളിലാണ് ഇത് നൽകിയിരുന്നത്. ദുഃഖവെള്ളിയുടെ പിറ്റേ ദിവസവും ആയിരുന്നു ഇത്. ഈശോയുടെ മരണത്തിനും ഉത്ഥാനത്തിലും ഉള്ള പങ്കുചേരൽ ആണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ജലത്തിൽ മുക്കിയാണ് ആദിമസഭ മാമോദിസ നൽകിയിരുന്നത്. മാമ്മോദീസാ എന്ന വാക്കിന്റെ അർത്ഥം മുക്കുക എന്നാണ്. മൂന്നുപ്രാവശ്യം മുക്കിയാണ് മാമ്മോദീസാ നൽകിയിരുന്നത്. ഈ ക്ഷാളനം ഈശോയുടെ മരണത്തിനും ഉയർപ്പിലും ഉള്ള പങ്കാളിത്തമായി വ്യാഖ്യാനിക്കപ്പെട്ടു.

ഈശോ മൂന്നുദിവസം കല്ലറയ്ക്കുള്ളിൽ ആയിരുന്നതിനെ സൂചിപ്പിക്കാൻ വേണ്ടിയാണ് മൂന്നുപ്രാവശ്യം വെള്ളത്തിൽ മുക്കുന്നത്. ജലത്തിൽ മുങ്ങിപ്പോയ മനുഷ്യൻ അപ്രത്യക്ഷനായി ഈശോയോട് ഒപ്പം മരിച്ച് സംസ്കരിക്കപ്പെട്ട് വെള്ളത്തിൽ നിന്ന് പൊക്കിയെടുക്കുമ്പോൾ ഈശോയോട് ഒപ്പം ഉയിർപ്പിക്കപ്പെട്ട് പുതിയ വ്യക്തി ആയിത്തീരുന്നു എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നത്. നമ്മിലുള്ള പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിച്ച് പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെട്ട പുതിയ മനുഷ്യരായി നാം മാറുന്നു.

ജലത്തിന് മൂന്ന് ധർമ്മങ്ങളാണല്ലോ ഉള്ളത്

1. നശീകരണം – അമിതമായ വെള്ളപ്പൊക്കം എല്ലാം നശിപ്പിക്കുന്നു. നോഹയുടെ കാലത്ത് വെള്ളപ്പൊക്കം ഉണ്ടായി എല്ലാം നശിപ്പിച്ചു.

2. സൃഷ്ടി – മിതമായ ജലം എല്ലാത്തിനെയും സൃഷ്ടിക്കുന്നു. സസ്യങ്ങൾക്കും, പുഷ്പങ്ങൾക്കും ജലം കൂടിയേ തീരൂ.

3. ശുചീകരണം – ഈശോ പത്രോസിനെ കാലു കഴുകി ശുദ്ധീകരിച്ചു. കുളികഴിഞ്ഞവന്റെ കാൽ കഴുകിയാൽ മതിയാകും. അവൻ ശുദ്ധിയുള്ളവൻ ആണെന്ന് ഈശോ പറയുന്നു.

നിക്കോദേമോസിനോട് ഈശോ പറയുന്നു: ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല (യോഹ: 3/5) ജലവും തൈലവും പരിശുദ്ധാത്മാവിനെ പ്രതീകമാണ്. മാമ്മോദീസാ എന്നകുദാശ നമ്മിൽ സൃഷ്ടിക്കുന്ന ഫലങ്ങൾ താഴെപ്പറയുന്നവയാണ്.

1. ദൈവപിതാവിന്റെ മക്കളായി തീർക്കുന്നു. ഭയത്തിന്റെ ആത്മാവിന് അല്ല. ആബാ പിതാവേ എന്ന് വിളിക്കുന്ന പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ് ഈശോയിലൂടെ നാം സ്വീകരിക്കുന്നത് (റോമാ:8/14) ഇവൻ എന്റെ പ്രിയപുത്രൻ ആവുന്നു ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. (ലൂക്കാ 3/21)

2. പുത്രന്റെ പെസഹാ രഹസ്യത്തിൽ പങ്കുകാരാകുന്നു. മക്കളെങ്കിൽ അവകാശികളാണ് ദൈവത്തിന്റെ അവകാശിയും ഈശോയുടെ കൂട്ടവകാശികളും (റോമാ 8/14) നമ്മുടെ പാപ പ്രകൃതിയെ നമ്മൾ ക്രൂശിക്കുമ്പോൾ പാപ പരിഹാരാർത്ഥം ഈശോയോട് ഒപ്പം നാം നമ്മെ തന്നെ ക്രൂശിക്കുകയും ഉത്ഥാനം ചെയ്ത ഈശോയോട് ഒപ്പം ഉത്ഥാനം ചെയ്യുകയും ചെയ്യുന്നു.

3. പരിശുദ്ധാത്മാവിന്റെ ആലയമാക്കി മാറ്റുന്നു. നാമെല്ലാവരും ആത്മാവിൽ ഏക ശരീരമായി തീരാൻ സ്നാനമേറ്റു. (1കൊറി 6/19), (1കൊറി:12/13)

4. സഭയിലെ അംഗങ്ങൾ ആക്കുന്നു. ഈശോയിൽ വിശ്വസിച്ചു സ്നാനം സ്വീകരിച്ച ആദിമസഭയെ പറ്റി പറയുന്നത് പങ്കുവെക്കുന്നവരായിരുന്നു, പ്രാർത്ഥിക്കുന്നവർ ആയിരുന്നു, ബലിയർപ്പണത്തിൽ പങ്കുചേരുന്നവരായിരുന്നു, ബലിജീവിതം നയിക്കുന്നവരായിരുന്നു. ഇങ്ങനെ ഈശോയോട് ഒപ്പം ഉയർത്തെഴുന്നേൽക്കുവാൻ പാപത്തെയും പാപസാഹചര്യങ്ങളെ ഉപേക്ഷിച്ച് ജ്ഞാനസ്നാന വ്രതങ്ങളെ നമുക്കു നവീകരിക്കാം.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.