നോമ്പ് വിചാരങ്ങൾ 37: ഓർക്കാം, എനിക്കായി ക്ഷതമേറ്റവനെ…

സി. റെറ്റി എഫ്. സി. സി.

അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌ യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്‌. നമ്മുടെ ദുഃഖങ്ങളാണ്‌ അവന്‍ ചുമന്നത്‌. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്‌ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. (ഏശയ്യാ 53: 4-5)

അപരനുവേണ്ടി കണ്ണീർ വാർത്ത അവന്റെ നാമമാണ് ക്രിസ്തു. നീയും ഞാനും കരയാതിരിക്കാൻ വേണ്ടി അവൻ കുരിശിൽ കരഞ്ഞു. എന്റെ രക്ഷയായിരുന്നു അവന്റെ ലക്ഷ്യം. എന്റെ നന്മയായിരുന്നു അവന്റെ ജീവൻ. ഒടുങ്ങാത്ത എന്റെ വിശപ്പ് അകറ്റാൻ അവൻ തന്റെ ശരീരം മുറിച്ചു നൽകി. തീരാത്ത എന്റെ ദാഹം തീർക്കാൻ അവൻ തന്റെ ചങ്കിനുള്ളിലെ രക്തം എനിക്കായി ചിന്തി.

എന്റെ ഇരുൾ വഴികളെ പ്രകാശിപ്പിക്കാൻ ആയിരുന്നു അവന്റെ ജനനം. എന്നെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കാൻ ആയിരുന്നു അവന്റെ ജീവിതം. എന്റെ ഉത്ഥാനത്തിനു വേണ്ടി ആയിരുന്നു അവന്റെ മരണം. അവൻ നൽകിയ സ്നേഹത്തിന്റെ റോസാപ്പൂക്കൾ ആണ് എന്റെ ജീവിത സമ്പാദ്യം. ഒരിക്കൽ അവൻ എനിക്ക് നേരെ നീട്ടിയ റോസാപ്പൂക്കളിൽ ഞാൻ മുള്ളുകൾ കണ്ടില്ല. ഞാൻ ആരാഞ്ഞു എവിടെപ്പോയി ഈ റോസാപ്പൂക്കളുടെ മുള്ളുകൾ? അവന്റെ മൗനം എന്നെ അസ്വസ്ഥതപ്പെടുത്തി. ഞാൻ വീണ്ടും ചോദിച്ചു: ‘പറയൂ, എവിടെയാണ് ആ റോസാപ്പൂവിൻ്റെ മുള്ളുകൾ. ഒരു ചെറുപുഞ്ചിരിയോടെ അവൻ എന്റെ മിഴികളിലേക്ക് അലിവോടെ നോക്കി. അതിനുശേഷം അവന്റെ തല എനിക്ക് മുമ്പിൽ ചായിച്ചു. കരയാൻ തോന്നി എനിക്കപ്പോൾ, കാരണം അവൻ ആ റോസാപ്പൂക്കളുടെ മുള്ളുകൾ ശിരസ്സിൽ ഏറ്റുവാങ്ങുകയായിരുന്നു. റോസാപ്പൂക്കളെ സ്വീകരിക്കുന്ന എന്റെ കരങ്ങളിലും ഞാൻ ചുംബിക്കുന്ന എന്റെ ചുണ്ടുകളിലും മുള്ളിന്റെ മുറിവോ, പോറലോ ഏൽക്കരുതെന്ന് ശാഠ്യവും അവനുണ്ടായിരുന്നു എനിക്ക് തിരിച്ചറിവിന്റെ നേരമായിരുന്നു അത്. അവന്റെ തലയിൽ നിന്ന് അപ്പോഴും ചോര ഒഴുകുന്നുണ്ടായിരുന്നു. റോസാപ്പൂവിന്റെ മുഴുവൻ സൗന്ദര്യവും സൗരഭ്യവും എനിക്ക് നൽകി എന്നെ സ്നേഹിച്ച ഏറ്റവും വലിയ എന്റെ സുഹൃത്തായിരുന്നു ഈശോ. അവൻ ഏറ്റെടുത്ത ഓരോ പീഡനവും എനിക്കുവേണ്ടിയാണെന്ന് പ്രവാചകൻ പറഞ്ഞത് എത്രയോ സത്യം. ഈ സ്നേഹം ഞാൻ ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടോ. ഇത് തിരിച്ചറിയാതെ പോകുന്നതല്ലേ എന്റെ ഏറ്റവും വലിയ ശാപം.

എന്നെ സ്നേഹിക്കുന്ന എന്റെ ഈശോയെ ഇനി നിന്നെ പിരിയാൻ എന്നെ അനുവദിക്കരുത് നിന്നെ മറന്നുള്ള യാത്ര ഇനി എന്റെ ജീവിത പുസ്തകത്തിൽ ഉണ്ടാകരുതെന്ന് അതിയായി ഞാൻ ആശിക്കുന്നു. മനസ്താപപ്രകരണത്തിലെ അവസാന വാചകം ഞാൻ ഏറ്റു ചൊല്ലുന്നു. മേലിൽ പാപം ചെയ്തു നിന്നെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരണമാണെന്ന് ഭേദമെന്ന അവബോധത്തിലേക്ക് നീ എന്നെ വളർത്തണമേ.

സി. റെറ്റി ജോസ് FCC

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.