

“ഈശോ പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല’ (ലൂക്കാ 23:34).
ഓ, ഈശോയുടെ ആർദ്രമായ സ്നേഹം! വിശുദ്ധ ആഗസ്‌തിനോസ് പറയുന്നു: ശത്രുക്കൾ മുറിവേല്‌പിച്ചപ്പോഴും ഈശോ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയായിരുന്നു. കുരിശിൽ ഈശോ സ്നേഹിക്കുകയായിരുന്നു, ശത്രുക്കളെപ്പോലും. മുറിവുകളെക്കുറിച്ചും മരണത്തെക്കുറിച്ചും ഈശോ ചിന്തിച്ചതേയില്ല. സ്നേഹിതനുവേണ്ടി മരിക്കാനാണല്ലോ ഈശോയുടെ നിയോഗം!
അവരോടു ക്ഷമിക്കുന്നതിന് ഈശോ എന്തിനാണ് പിതാവിനോടു പ്രാർഥിക്കുന്നത്? തനിക്കു തന്നെ അതു കഴിയുമായിരുന്നല്ലോ? ആ ചോദ്യത്തിന് വി. ബർണാർദ് ഇങ്ങനെ മറുപടി നല്കുന്നു: തനിക്കുതന്നെ ക്ഷമിക്കാൻ അസാധ്യമായിരുന്നതുകൊണ്ടല്ല ഈശോ പിതാവിനോടു പ്രാർഥിക്കുന്നത്, നമ്മെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കാൻ നമ്മെ പഠിപ്പിക്കാനാണ്. “ക്ഷമിക്കണമേ, ഈശോ നിലവിളിക്കുന്നു. ക്രൂശിക്കുക, അവർ നിലവിളിക്കുന്നു.” എന്തൊരത്ഭുതം!
വിശുദ്ധ സിപ്രിയാൻ ഇങ്ങനെ എഴുതുന്നു: “ഈശോയുടെ രക്തം ചിന്തിയവരും ഈശോയുടെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടു.”തന്റെ മരണത്തിലൂടെ എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നതായിരുന്നു യേശുവിന്റെ തീവ്രമായ ആഗ്രഹം. അവൻ ശത്രുക്കളെപ്പോലും ഒഴിവാക്കിയില്ല. രക്തം ചിന്തിയവരും രക്തത്തിന്റെ അവകാശികളായി.
കുരിശിൽ നിന്നുള്ള ഈശോയുടെ ആദ്യ വാക്കുകളിൽ അസാധാരണമായ എന്തെങ്കിലും നാം കാണുന്നുണ്ടോ? അവന്റെ ഈ വാക്കുകളിൽ ഒരു പ്രാർത്ഥനയായിരുന്നുവെന്ന് നാം ശ്രദ്ധിക്കണം. എന്തിനു വേണ്ടിയുള്ള പ്രാർഥന? ക്ഷമയ്ക്കുവേണ്ടിയുള്ള പ്രാർഥന. ആർക്കുവേണ്ടിയുള്ള ക്ഷമ? തന്റെ ശത്രുക്കൾക്കും തന്നെ ദ്രോഹിച്ചവർക്കും, തന്നെ മർദ്ദിച്ചവർക്കും തന്നെ ക്രൂശിക്കാനായി മുറവിളി ഉയർത്തിയവർക്കും വേണ്ടി. ഈശോ ഇവിടെ തന്റെ കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും, ശിഷ്യന്മാർക്കും വേണ്ടി പ്രാർഥിച്ചില്ല.
അവൻ തന്റെ ശത്രുക്കൾക്കും പീഡീപ്പിക്കുന്നവർക്കും വേണ്ടി പ്രാർഥിച്ചു. നമ്മുടെ അനുദിന ജീവിതത്തിൽ, നമ്മെ അപ്രീതിപ്പെടുത്തുന്ന, വെറുപ്പുളവാക്കുന്ന, നമ്മെ നിരുത്സാഹപ്പെടുത്തുന്ന വ്യക്തികളെ നാം കണ്ടുമുട്ടുന്നുണ്ടാകാം. എപ്പോഴും നമുക്ക് അനിഷ്ടം തോന്നണമെന്നില്ല. നമ്മൾ മറ്റുള്ളവരെ വ്രണപ്പെടുത്തുകയും അവരുടെ ‘ശത്രുക്കൾ’ ആയിത്തീരുകയും ചെയ്തിരിക്കാം. നമ്മൾ അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടോ? നമ്മൾ അവരോടു ക്ഷമ ചോദിക്കുന്നുണ്ടോ? അത് മാനുഷികമായി ബുദ്ധിമുട്ടാണെന്ന് നമുക്കറിയം. പക്ഷേ, നമ്മുടെ ഗുരുവും നാഥനമായ ഈശോ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് അത് ചെയ്തു. നമുക്കൊരു ദൈവീക വെല്ലുവിളി നൽകി
നമുക്കു പ്രാർഥിക്കാം
“പിതാവേ, എന്റെ മുഴുവൻ ആത്മാവും, മനസ്സും, ശരീരവും ഉപയോഗിച്ച് എന്നോട് നീ ആവശ്യപ്പെടുന്നത് ചെയ്യാൻ എന്നെ ശക്തിപ്പെടുത്തണമേ. എന്റെ ശത്രുക്കൾക്കും, എനിക്ക് ബുദ്ധിമുട്ടു നൽകിയവർക്കും , എനിക്ക് അനിഷ്ടമുള്ള വ്യക്തികൾക്കുംവേണ്ടി പ്രാർഥിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.”
സി. റെറ്റി ജോസ് FCC