വിശുദ്ധനാട്ടിലെ ജനങ്ങൾക്കായി സഹായം അഭ്യർഥിച്ച് ലത്തീൻ പാത്രിയർക്കീസ്

വിദ്വേഷത്താൽ മുറിവേറ്റ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ പരിചരിക്കുന്നതിന് സംഭാവനകൾ ആവശ്യപ്പെട്ട് ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, തുറന്ന കത്തിലാണ് അദ്ദേഹം സഹായാഭ്യർഥന നടത്തിയത്.

അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിനെ (എൽ.പി.ജെ) മുന്നോട്ടുപോകാൻ സഹായിച്ചത് ദാനധർമ്മവും പ്രാർഥനയുമാണെന്നും അങ്ങനെ നിരവധി ജീവൻ രക്ഷിക്കപ്പെട്ടു, വളരെയധികം കഷ്ടപ്പാടുകൾ ലഘൂകരിക്കപ്പെട്ടു എന്നും കർദിനാൾ കത്തിൽ വെളിപ്പെടുത്തി. “ഈ സാഹചര്യങ്ങളിലെല്ലാം ഞങ്ങൾ പാവങ്ങളുടെ നിലവിളി കേൾക്കുകയും ഉത്തരം നൽകുകയും ചെയ്തു.” ഇപ്പോൾ മൂന്നാഴ്ചയിലേറെയായി തുടരുന്ന യുദ്ധംനിമിത്തം അവരുടെ നിലവിളി പുണ്യഭൂമിയിൽ വീണ്ടും കേൾക്കുന്നു എന്ന് കർദിനാൾ കൂട്ടിച്ചേർത്തു.

യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഗാസയിൽ മരണത്തിനും നാശത്തിനും പട്ടിണിക്കും മാത്രമല്ല, അതോടൊപ്പം ഉയർന്ന തൊഴിലില്ലായ്മയ്ക്കും കാരണമായി എന്നും അദ്ദേഹം വെളിപ്പെടുത്തി. വിവിധ മതങ്ങളിൽനിന്നുള്ള എണ്ണമറ്റ കുടുംബങ്ങളെയും സ്കൂളുകൾ, ആശുപത്രികൾ, ഇടവകകൾ എന്നിവയുൾപ്പെടെ ഈ മേഖലയിലെ എല്ലാ കത്തോലിക്കാസ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും പിസബല്ല ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സഹായാഭ്യർഥന നടത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.