മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 85

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

മാർ ഈവാനിയോസ് പിതാവിനു മുമ്പുതന്നെ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന് കുടശനാട് ദേശത്ത് പുനരൈക്യത്തിന്റെ വിത്ത് വിതച്ച ജേക്കബ് മുളപ്പോംപള്ളിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

മുളപ്പോംപള്ളിൽ അച്ചന്റെ പുനരൈക്യത്തെക്കുറിച്ചുള്ള ആദ്യപരാമർശം കാണാൻ സാധിക്കുക 1925 ൽ ഫാ. കൂട്ടുങ്കൽ വിൻസെന്റ് ഫെർണാണ്ടസ് എഴുതിയ ‘A Quarter Century of Progress in the Diocese of Quilon 1900-1925’ എന്ന ഗ്രന്ഥത്തിലാണ്. പുസ്തകത്തിലെ പേജ് 46 ൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “In 1922, there has been a movement of Jacobites towards the Catholic Church in a place called Kudassanad. Fr. Jacob Mulapponpallil House with his family and two other Syrian families submitted to the Catholic Church.”

കുടശനാട് സ്തെഫാനോസ് സഹദാപ്പള്ളി വികാരിയും (St. Stephen’s Orthdox Cathedral, Kudassanad) ദേശത്ത് പട്ടക്കാരനുമായിരുന്ന ഫാ. ജേക്കബ് തരകൻ മുളപ്പോംപള്ളിൽ, തകടിയേൽ തോമസ് കത്തനാർ – ആച്ചിയമ്മ ദമ്പതികളുടെ ഏകമകനായി 1899 ജനുവരി 16 ന് ജനിച്ചു. മാതാവായ ആച്ചിയമ്മ നാട്ടുപ്രമാണിയായിരുന്ന മുളപ്പോംപള്ളിൽ തോമാ തരകന്റെ മകളായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവായ തോമസ് കത്തനാരുടെ പാത പിന്തുടർന്ന് ഏകമകനായ ജേക്കബും പൗരോഹിത്യവഴി സ്വീകരിക്കാൻ തീരുമാനിക്കുകയും ഇടവക പൊതുയോഗത്തിന്റെ അനുമതിയോടെ സെമിനാരി പരിശീലനത്തിന് അയയ്ക്കപ്പെടുകയും 1914 ഒക്ടോബർ 15 ന് വൈദികനായി അഭിഷിക്തനാകുകയും ചെയ്തു. കുടശനാട് സ്തെഫാനോസ് പള്ളിയിലും സമീപ ഇടവകകളിലും അച്ചൻ ശുശ്രൂഷ ചെയ്തു.

കൊല്ലം ലത്തീൻ രൂപതയുടെ മെത്രാൻ പുണ്യശ്ളോകനായ ആർച്ച്ബിഷപ്പ് അലോഷ്യസ് മരിയ ബൻസിഗർ തിരുമേനി തന്റെ രൂപതയുടെ അതിർത്തിക്കുള്ളിലായി കത്തോലിക്കാ വിശ്വാസത്തിലേക്കും ചൈതന്യത്തിലേക്കും ആളുകളെ ചേർത്തുനിർത്താൻ തീവ്രമായി പരിശ്രമിക്കുന്ന ഇടയനായിരുന്നു. കറ്റാനം, ചാരുംമൂട് പ്രദേശങ്ങളിലായി കത്തോലിക്കാ സഭയുടെ മിഷൻ പ്രവർത്തനങ്ങൾ പിതാവ് ആരംഭിച്ചിരുന്നു. ചാരുംമൂട് കേന്ദ്രമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് പിന്നീട് കോട്ടാർ രൂപതയുടെ മെത്രാനായി ഉയർത്തപ്പെട്ട ഫാ. ലോറൻസ് പെരേരയായിരുന്നു. ലോറൻസ് അച്ചന്റെ പ്രവർത്തനങ്ങളും അച്ചനുമായുള്ള അടുത്ത സുഹൃദ്ബന്ധവും കത്തോലിക്കാ സഭയെ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും ജേക്കബ് അച്ചന് പ്രേരണയായി.

1982 ൽ ഫാ. സിറിൽ മോത്ത (Fr. Cyril Motha) രചിച്ച Archbishop Benziger എന്ന പുസ്തകത്തിൽ പേജ് 52 ൽ ജേക്കബ് അച്ചന്റെ പുനരൈക്യം വിവരിക്കുന്നത് ഇപ്രകാരമാണ്: “By 1921 twelve families from Charummood and a few families under the leadership of Fr. Jacob Mullappompil of Kodasanad followed suit.” 2006 ൽ പ്രസിദ്ധീകരിച്ച ‘ഞാൻ കണ്ട വിശുദ്ധൻ ആർച്ച്ബിഷപ്പ് ബൻസിഗർ’ എന്ന കൃതിയിൽ എഴുത്തുകാരനായ ഫാ. ബർണർഡിൻ വല്ലാത്തറ ഒ. സി. ഡി. ഈ സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ്: “1922 ൽ കുടശനാട്ട് മുളപ്പം പള്ളിയിൽ ബ. ജേക്കബ് അച്ചന്റെ കുടുംബവും മറ്റു രണ്ടു കുടുംബങ്ങളും പുനരൈക്യപ്പെട്ടു.”

‘Archbishop Benziger – Carmelite in India’ എന്ന പുസ്തകം Marieli Benziger, Rita Benziger എന്നിവർ ചേർന്ന് രചിച്ചതാണ്. ഈ പുസ്തകത്തിൽ കൊല്ലം രൂപതയിലെ പുനരൈക്യ പരിശ്രമങ്ങളിൽ ബൻസിഗർ പിതാവിന്റെ വലംകൈ ആയിരുന്ന ഫാ. ജോൺ മേരി ഒ. സി. ഡി. എന്ന വിദേശിയായ കർമലീത്ത പുരോഹിതൻ, ജേക്കബ് അച്ചൻ കത്തോലിക്കാ സഭയെ ആശ്ളേഷിച്ചത് വിവരിച്ചിരിക്കുന്നത്: “Father Jacob Mulapponapalli House with his family and two other Syrians Submitted to the Catholic Church” എന്നാണ്. ഏറെ നാളത്തെ പഠനത്തിനും പ്രാർഥനയ്ക്കും ആലോചനകൾക്കുമൊടുവിൽ ജേക്കബ് അച്ചൻ തന്റെ ബന്ധുക്കളായ തേവരത്ത് കിഴക്കേതിൽ ചാക്കോ, കൊട്ടുഴത്തി വടക്കേതിൽ ചാക്കോ എന്നിവരുടെ കുടുംബത്തോടൊപ്പം 1921 ൽ തന്നെ ചാരുംമൂട്ടിൽ ലോറൻസ് പെരേര അച്ചന്റെ മുമ്പാകെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഒരു നൂറ്റാണ്ടിനുമപ്പുറം കത്തോലിക്കാ സഭയിലേക്കു ചേരുന്നവരെ കുടുംബത്തിലും കൂട്ടായ്മയിലുംനിന്ന് അകറ്റിനിർത്തിയിരുന്ന കാലത്ത് കുടുംബജീവിതക്കാരനായ ഒരു സാധാരണ വൈദികൻ തന്റെയും കുടുംബത്തിന്റെയും മുന്നോട്ടുള്ള സ്ഥിതി എന്തായിരിക്കുമെന്നത് കേവലമായി ചിന്തിക്കുന്നതിനും അപ്പുറമാണെന്ന യാഥാർഥ്യബോധ്യത്തിലും ദൈവത്തിൽ അടിയുറച്ച് ആശ്രയിച്ച് മുന്നോട്ട് പ്രയാണം തുടർന്നത് ഇന്നും ആലോചിക്കുമ്പോൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.

കത്തോലിക്കാ സഭയിലേക്കു ചേർന്ന ജേക്കബ് അച്ചനെ ചെത്തിപ്പുഴ സി. എം. ഐ ആശ്രമത്തിലേക്ക് കത്തോലിക്കാ വിശ്വാസവും പൗരസ്ത്യ സുറിയാനിയും (East Syriac) സീറോമലബാർ കുർബാനയും അഭ്യസിക്കുന്നതിനായി അയച്ചു. കേരളക്കരയിൽ ആദ്യം മുതലേയുണ്ടായിരുന്ന പൗരസ്ത്യ സുറിയാനിയും കൽദായ കുർബാനയുമാണ് പുനരൈക്യപ്പെടുന്നവർ സ്വീകരിക്കേണ്ടത് എന്ന ബൻസിഗർ പിതാവിന്റെ ബോധ്യത്താലാണ് മാർ ഈവാനിയോസ് പിതാവിനുമുമ്പ് കൊല്ലം രൂപതയിലേക്കു പുനരൈക്യപ്പെട്ട വൈദികരെ കൊല്ലം രൂപതയിൽ അംഗങ്ങളായി സ്വീകരിച്ച് കൽദായ വിശുദ്ധ കുർബാനയും പ്രാർഥനകളും സഭയുടെ പ്രമാണങ്ങളും വിശ്വാസപാരമ്പര്യങ്ങളും മനസ്സിലാക്കുന്നതിനായി ഇപ്രകാരം അയച്ചിരുന്നത്. ‘ഉത്തരായനം പുനരൈക്യ പ്രസ്ഥാനത്തിന്റെ ഊടും പാവും’ എന്ന പുസ്തകത്തിൽ ഫാ. റൊമാൻസ് ആന്റണി വിവരിക്കുന്നു: “1924 ജൂലൈ രണ്ടിനായിരുന്നു ജേക്കബ് കത്തനാർ കൊല്ലത്ത് പോയി ബിഷപ്പ് ബൻസിഗറിൻ്റെ മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത് കത്തോലിക്ക സഭയിൽ പ്രവേശിച്ചത്.” അതായത് 1921 ൽ ചാരുംമൂട്ടിൽ ലോറൻസ് പെരേര അച്ചന്റെ മുമ്പിൽ വിശ്വാസം ഏറ്റുപറഞ്ഞ് കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന ജേക്കബ് അച്ചൻ ചെത്തിപ്പുഴ ആശ്രമത്തിലെ പഠനത്തിനുശേഷം 1924 ജൂലൈ രണ്ടിന് ബിഷപ്പ് ബൻസിഗറിനെ നേരിട്ട് കണ്ട് കൊല്ലം രൂപതയുടെ വൈദിക കൂട്ടായ്മയുടെ ഭാഗമായി.

കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ടവർക്കായി കൽദായ റീത്തിൽ ജേക്കബ് അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. ഈ കാലത്തുതന്നെ വർഗീസ് രാമനാട്ട്, മോഴിയാട്ട് ഉമ്മൻ, തോമസ് നാമ്പൂഴിൽ തെക്കേതിൽ എന്നിവരുടെ കുടുംബങ്ങളും പുനരൈക്യപ്പെട്ടു. ചാരുംമൂട് ഇടവക വികാരിയും ഈ പ്രദേശത്തെ പുനരൈക്യ ശ്രമങ്ങളുടെ ചുമതല ബൻസിഗർ പിതാവിനാൽ ഭരമേൽപിക്കപ്പെട്ട ഫാ. ലോറൻസ് പെരേരയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അവർ പുനരൈക്യപ്പെട്ടത്.

മുളപ്പോംപള്ളിൽ കുടുംബസ്വത്തിൽനിന്നും കൊല്ലം രൂപതയ്ക്കായി ജേക്കബ് കത്തനാർ നൽകിയ അര ഏക്കർ ഭൂമിയിൽ 90 അടി നീളവും 45 അടി വീതിയുമുള്ള ഒരു ഓടുമേഞ്ഞ പള്ളി കുടശനാട് ദേശത്തെ പുനരൈക്യപ്പെട്ടവർക്കായി ബൻസിഗർ പിതാവ് പണിതുനൽകി. കുടശനാട് ലത്തീൻ പള്ളിയുടെ ചുമതല അച്ചനിൽ ബൻസിഗർ പിതാവ് ഭരമേൽപിച്ചു. കാലക്രമേണ കല്ലിനാൽ, കാവിനാൽ, ആനമുടി, പൗവ്വത്തയ്യത്ത്, വെൺമണി വടക്കേതിൽ, പുത്തൻവിളയിൽ തുടങ്ങിയ കുടുംബങ്ങളിൽനിന്നും നിരവധി ആളുകൾ പുനരൈക്യപ്പെട്ടു.

സുദീർഘമായ 24 വർഷം കൊല്ലം രൂപതയിൽ വൈദികനായി ശുശ്രൂഷ ചെയ്ത ജേക്കബ് അച്ചൻ പിന്നീട് 1948 ജനുവരി 10ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്കു ചേർന്ന് തിരുവനന്തപുരം അതിരൂപതയിലെ വൈദികനായി. തുടർന്ന് കുടനാട്, പഴകുളം, പെരിങ്ങനാട്, തുവയൂർ, കടമ്പനാട് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ നിർദേശാനുസരണം വിവിധ ശുശ്രൂഷകളിൽ വ്യാപൃതനായി.

കുടശനാട് ഓർത്തഡോക്സ് പള്ളിയുടെ വികാരിയായിരുന്ന കീപ്പള്ളിൽ പത്രോസ് കത്തനാർ, ജേക്കബ് മുളപ്പോംപള്ളിൽ അച്ചന്റെ ഉറ്റസുഹൃത്തായിരുന്നു. പത്രോസ് അച്ചനും കത്തോലിക്കാ സഭയിലേക്ക് ചേരാൻ ആഗ്രഹിച്ചുവെങ്കിലും വിവിധ കാരണങ്ങളാൽ യഥാസമയം അത് നടക്കാതെവന്നു. 1944 ൽ മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് പത്രോസ് കത്തനാർ വിശ്വാസം ഏറ്റുപറഞ്ഞ് കത്തോലിക്കാ സഭയിലേക്ക് കടന്നുവരുകയും ധന്യൻ മാർ ഈവാനിയോസ് പിതാവിൽനിന്ന് തിരുവനന്തപുരം പട്ടം അരമനയിൽവച്ച് തൈലാഭിഷേകം സ്വീകരിക്കുകയും ചെയ്തു. പത്രോസ് അച്ചന്റെ കബറടക്കം നടത്തിയത് രാമനാട്ട് വർഗീസ് നൽകിയ സ്ഥലത്ത് പണിത താൽകാലിക ചാപ്പലിലായിരുന്നു, അതാണ് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ കുടശനാട് സ്ഥാപിതമായ ആദ്യ പള്ളി. 1956 ൽ
ഫാ. തോമസ് ഇഞ്ചക്കലോടി വികാരി ആയിരിക്കുമ്പോൾ ഇപ്പോൾ കുടശനാട് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങുകയും അവിടെ പുതിയ പള്ളി പണിയുകയും ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് ദൈവാലയ കൂദാശ ചെയ്യുകയും ചെയ്തു. കൊല്ലം രൂപതയുടെ പള്ളി നിന്നിരുന്ന സ്ഥലം പിന്നീട് ബഥനി സിസ്റ്റേഴ്സിനായി നൽകി. കുടശനാട് ബഥനി മഠത്തിന്റെ ഭാഗമാണ് ഇപ്പോൾ ഈ സ്ഥലം.

ജേക്കബ് അച്ചന്റെ സഹധർമിണി സാറാമ്മ, തുമ്പമൺ പുത്തൻവീട്ടിൽ മൽപാൻ ജേക്കബ് കത്തനാരുടെ മകളായിരുന്നു. മൽപാൻ അച്ചന്റെ മകളായിരുന്നതിനാൽ സുറിയാനി ഭാഷ കൈകാര്യം ചെയ്യുന്നതിൽ വശമുണ്ടായിരുന്ന സാറാമ്മ, തന്റെ ജീവിതപങ്കാളിയായ ജേക്കബ് അച്ചന്റെ ശുശ്രൂഷാവേദികളിൽ താങ്ങായി ഒപ്പമുണ്ടായിരുന്നു. കുഞ്ഞ്കുഞ്ഞ്, കോശികുട്ടി, ജോർജ്, ജോയ്, അഗസ്റ്റിൻ, ബേബി, ചിന്നമ്മ, മേരി, തങ്കമ്മ, ത്രേസ്യാമ്മ, ആലീസ്, പൊന്നമ്മ എന്നിവരാണ് അച്ചന്റെ മക്കൾ. ജേക്കബ് അച്ചന്റെ കൊച്ചുമകനാണ് മാവേലിക്കര ഭദ്രാസനത്തിലെ വൈദികനായ ഫാ. ജെയിംസ് തരകൻ മുളപ്പോംപള്ളിൽ. കുടുംബാംഗങ്ങളായ വൈദികരാണ് മാവേലിക്കര ഭദ്രാസന അംഗങ്ങളായ ഫാ. സാം ജി പാരുവേലിൽ, ഫാ. സിജോയി തെക്കേവിള, ബഥനി ആശ്രമാംഗമായ ഫാ. ജിതിൻ ജോർജ് കൊട്ടുവിരുത്തി വടക്കേതിൽ, ഓർത്തഡോക്സ് സഭാംഗങ്ങളായ ഫാ. എസ്. ജേക്കബ്, ഫാ. ജോസ് തോമസ് തെങ്ങുവിളയിൽ എന്നിവർ.

1968 ജൂൺ 22 ന് ജേക്കബ് അച്ചൻ സ്വർഗീയസമ്മാനത്തിനായി യാത്രയായി. പഴകുളം സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ മുൻവശത്ത് തയ്യാറാക്കിയ കല്ലറയിൽ അച്ചന്റെ ഭൗതീകശരീരം സംസ്കരിച്ചു.

വെല്ലുവിളികളും പ്രയാസങ്ങളും നിറഞ്ഞ പുനരൈക്യ വഴിയിലൂടെ അചഞ്ചലനായി സഞ്ചരിക്കാനും അനേകരെ സഭാസംസർഗത്തിലേക്ക് ചേർത്തുനിർത്താനും പ്രചോദിപ്പിക്കാനും ജേക്കബ് അച്ചനായി എന്നത് നമുക്കോരോരുത്തർക്കും മാതൃകയാണ്.

സ്നേഹത്തോടെ,
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

സഹായക ഗ്രന്ഥങ്ങൾ:

1. Fr.Koottungal Vincent Fernandes, ‘A Quarter Century of Progress in the Diocese of Quilon 1900-1925’, page 46.
2.Marieli Benziger assisted by Rita Benziger, ‘Archbishop Benziger – Carmelite in India’, page 346.
3. ഫാ. റൊമാൻസ് ആൻ്റണി, ‘ഉത്തരായനം പുനരൈക്യ പ്രസ്ഥാനത്തിൻ്റെ ഊടും പാവും’, pages 105-108.
4.ഫാ. ബർണർഡിൻ വല്ലാത്തറ ഒ.സി.ഡി, ‘ഞാൻ കണ്ട വിശുദ്ധൻ ആർച്ച്ബിഷപ്പ് ബെൻസിഗർ’, page 145

കടപ്പാട്: ജോയി കോശി തേവരേത്ത്, മുളപ്പോംപള്ളിൽ കുടുംബാംഗം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.