മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽനിന്ന് ദൈവസന്നിധിയിലേക്കു വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു
ജനമനസ്സുകളിൽ കൊട്ടാരം പണിത കൊട്ടാരത്തിലച്ചൻ
ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ജ്യേഷ്ഠസഹോദരി ശോശാമ്മയുടെ മകൻ കെ. തോമസിന്റെ നാലു മക്കളിൽ രണ്ടാമനാണ് 1936 സെപ്റ്റംബർ 13 നു ജനിച്ച മോനി എന്ന ഓമനപ്പേരുകാരൻ കൊട്ടാരത്തിലച്ചൻ. തോമസച്ചന്റെ അമ്മ വെണ്ണിക്കുളം മാരിത്തോട്ടത്തിൽ മേടയിൽ പാപ്പി സാറിന്റെ മകൾ ആച്ചിയമ്മയായിരുന്നു.
കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുന്നതിനായി എല്ലാം ഉപേക്ഷിച്ച് പെരുനാട് ബഥനി ആശ്രമം വിട്ടിറങ്ങിയ മാർ ഈവാനിയോസ് പിതാവും ബഥനി ആശ്രമസ്ഥരും വെണ്ണിക്കുളത്ത് എത്തിയപ്പോൾ അവർക്ക് അഭയമരുളിയവരിൽ ഒരാളായിരുന്നു പാപ്പിസാർ. മാർ ഈവാനിയോസ് പിതാവുമായുള്ള അടുപ്പം തന്നെയാണ് പിതാവിന്റെ അനന്തരവൻ തോമസും ആച്ചിയമ്മയുമായുള്ള വിവാഹത്തിനു കാരണവും.
ബാല്യത്തിൽ തന്നെ മോനിയുടെ അപ്പനായ തോമസ് ദൈവസന്നിധിയിലേക്കു കടന്നുപോയെങ്കിലും ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച് അതിനെയെല്ലാം അതിജീവിച്ച് മക്കൾക്കെല്ലാം ഉന്നതനിലയിൽ വിദ്യാഭ്യാസം നൽകാനും ജീവിതം ക്രമീകരിക്കാനും അമ്മയ്ക്കായി. രാജമ്മ ഉമ്മൻ, ഡോ. ഏബ്രഹാം തോമസ് (രാജു), മേരി തോമസ് എന്നിവരാണ് അച്ചന്റെ സഹോദരങ്ങൾ.
മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മൂത്ത സഹോദരി ശോശാമ്മയുടെ മകൾ ചിന്നമ്മ പണിക്കരുടെ മകനാണ് പരേതനായ ഫാ. ഡോ. തോമസ് പണിക്കർ. ശോശാമ്മയുടെ രണ്ടാമത്തെ പുത്രൻ ഫാ. അപ്രേം ബഥനി സന്യാസ സമൂഹത്തിലെ വൈദികനായിരുന്നു. മൂന്നാമത്തെ പുത്രൻ കെ. തോമസ് സാറിന്റെ മകനാണ് സ്മര്യപുരുഷനായ ഫാ. തോമസ് കൊട്ടാരത്തിൽ.
പഠനത്തിൽ അതിസമർഥനായിരുന്ന മോനി ബി. എച്ച്. എച്ച്. എസ്. എസ്. (Bishop Hodges Higher Secondary School) മാവേലിക്കരയിൽനിന്നും ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. കുടുംബത്തിന്റെ സവിശേഷമായ പശ്ചാത്തലത്താലും പൗരോഹിത്യജീവിതത്തോടു ബാല്യം മുതലേയുള്ള ആഗ്രഹത്താലും വൈദികപരിശീലനത്തിനായി പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. പഠനമികവിനാൽ തന്നെ ശ്രീലങ്കയിലെ കാൻഡി സെമിനാരിയിലേക്കാണ് (Papal Seminary, Kandy) തുടർപഠനത്തിനായി അയച്ചത്. പിന്നീട് 1955 ൽ മഹാരാഷ്ട്രയിലെ പൂനെയിലേക്ക് പേപ്പൽ സെമിനാരി മാറ്റിയപ്പോൾ പഠനം അവിടെയായി. തത്വശാസ്ത്ര ൦ – ദൈവശാസ്ത്ര പഠനങ്ങൾ പൂനെ സെമിനാരിയിൽ പൂർത്തീകരിച്ച് 1961 ഒക്ടോബർ മൂന്നിന് കർദിനാൾ വലേറിയൻ ഗ്രേഷ്യസ് പിതാവിൽനിന്നും പൂനെ സെമിനാരി ചാപ്പലിൽവച്ച് വൈദികപട്ടം സ്വീകരിച്ചു. സെമിനാരിക്കാലത്തെ സതീർഥ്യരായിരുന്നു ചങ്ങനാശേരി ആർച്ചുബിഷപ്പായിരുന്ന ജോസഫ് പൗവ്വത്തിൽ പിതാവും ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ ജയിംസ് പഴയാറ്റിൽ പിതാവും.
സെമിനാരി കാലയളവിൽ പൊതുചർച്ചകളിലും ഡിബേറ്റുകളിലും അവതാരകനായി പ്രശോഭിച്ച അച്ചൻ വോളിബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ കായികവിനോദങ്ങളിലും അസാധാരണമായ പാടവം പ്രദർശിപ്പിച്ചിരുന്നു. അതിനൊപ്പം തന്നെ സെമിനാരിയിലെ ലൈബ്രറി കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിരുന്ന ഒരു പഠിതാവും അതിമനോഹരമായ കൈയക്ഷരത്തിന്റെ ഉടമയുമായിരുന്നു. “പുസ്തകശേഖരണങ്ങളിലും വായനയിലും ഏറെ തൽപരനായിരുന്ന അച്ചനാണ് പല ദൈവശാസ്ത്രഗ്രന്ഥങ്ങളുമായി എന്നെ പരിചയപ്പെടുത്തിയത്. ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ ഞങ്ങൾ പല അവസരങ്ങളിലും ചർച്ചകൾ നടത്തുകയും അത് ഞങ്ങളെ ആത്മസുഹൃത്തുക്കളാക്കിയ ഒരു സുപ്രധാന ഘടകമാവുകയും ചെയ്തു.” ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പ് ഭാഗ്യസ്മരണാർഹനായ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ വാക്കുകളിൽ സതീർഥ്യരായ അച്ചനും പിതാവും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധം വെളിപ്പെടുന്നു.
മാർ ഈവാനിയോസ് കോളേജിൽ നിന്നും ബി. എസ്. സി., എം. എസ്. സി. ബിരുദങ്ങൾ നേടി. 1967 ൽ അവിടെത്തന്നെ കെമിസ്ട്രി അധ്യാപകനായി. 1971 ൽ ഫ്രാൻസിലെ പാരീസിലേക്ക് ഉപരിപഠനത്തിനായി പോകുകയും കാത്തലിക് യൂണിവേഴ്സിറ്റി (University of Lille) യിൽ നിന്നും 1975 ൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരികെയെത്തി കോളേജിൽ അധ്യാപകവൃത്തി തുടർന്നു. അതിനൊപ്പം സെന്റ് തോമസ് ഹോസ്റ്റൽ വാർഡനായും കാത്തലിക് ക്യാമ്പസ് മിനിസ്ട്രിയായ ഐക്കഫിന്റെ (All India Catholic University Federation -AlCUF) ചാപ്ളയിനായും (Chaplin) ചുമതല നിർവഹിച്ചു. 1979 ൽ കോളേജിന്റെ ബർസാറായി. 1982 ൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെ പ്രിൻസിപ്പളായി ചുമതലയേറ്റ അച്ചൻ 1984 ൽ വീണ്ടും മാർ ഈവാനിയോസ് കോളേജിലേക്കു വന്നു; ഇത്തവണ ചുമതല പ്രിൻസിപ്പളായിട്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ വിവിധ അക്കാദമിക് കൗൺസിലുകളിൽ വിശിഷ്ടാംഗമായും അച്ചൻ സേവനം ചെയ്തു.
രണ്ടുവർഷം മാത്രമേ അഞ്ചൽ കോളേജിന്റെ അമരക്കാരനായി ഇരുന്നുള്ളുവെങ്കിലും കോളേജിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനും നാട്ടുകാരോടും രക്ഷകർത്താക്കളോടും അടുത്ത ബന്ധം സൂക്ഷിക്കുന്നതിനും അച്ചനായി. മാർ ഈവാനിയോസ് കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ഒരു സംഘടനയായി ക്രമീകരിച്ചതും അതിന് AMICOS (Association of Mar Ivanios College Old Students) എന്ന പേര് നിർദേശിച്ചതും അച്ചനാണ്. മാർ ഈവാനിയോസ് കോളേജിൽ കമ്പ്യൂട്ടറുകൾ വാങ്ങിയതും കമ്പ്യൂട്ടർ അധിഷ്ഠിത ക്ളാസുകൾ ആരംഭിച്ചതും അച്ചനാണ്.
കോളേജിൽനിന്നും വിദ്യാർഥികളുമായി ടൂർ പോയപ്പോൾ എല്ലാവർക്കും ട്രെയിനിൽ ബർത്ത് കിട്ടാതിരുന്നതും ലഭിച്ച സീറ്റുകൾ പെൺകുട്ടികൾക്കു നൽകി രാത്രിയിൽ ന്യൂസ് പേപ്പർ വിരിച്ച് തറയിൽ ഉറങ്ങിയിരുന്ന അച്ചനെ അന്ന് ടൂറിലുണ്ടായിരുന്ന കോളേജ് വിദ്യാർഥിയായ, കേരള നിയമസഭയുടെ മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി അനുസ്മരിക്കുന്നു.
മാർ ഈവാനിയോസ് കോളേജിലെ വിദ്യാർഥികളായ ജീസസ് യൂത്ത് അംഗങ്ങളെ ഉൾപ്പെടുത്തി തന്റെ ഇടവകയിൽ യുവജനങ്ങൾക്കായി സെമിനാറുകൾ സംഘടിപ്പിച്ചു. വിദ്യാർഥിപ്രസ്ഥാനങ്ങളുടെ തീവ്രമായ സമരങ്ങളാൽ പ്രക്ഷുബ്ധവും കലാപഭരിതവുമായിരുന്ന കോളേജ് അന്തരീക്ഷത്തിൽ സമരത്തിന്റെയും സംഘട്ടനത്തിന്റെയും ഇടയിലേക്ക് ധൈര്യപൂർവം കടന്നുചെല്ലാനും പരസ്പരം പോർവിളികൾ നടത്തുന്ന വിദ്യാർഥികളെ ശാന്തരാക്കാനും അച്ചൻ ശ്രദ്ധിച്ചിരുന്നു. “സ്വന്തം മനഃസാക്ഷിയോട് അദ്ദേഹം പുലർത്തിയിരുന്ന സത്യസന്ധത എടുത്തുപറയേണ്ടതാണ്. അതിനെ പണയം വയ്ക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ല. ശുദ്ധമനഃസാക്ഷിയോടെ പൊതുനന്മ മുൻനിർത്തിയെടുക്കുന്ന തീരുമാനങ്ങൾ ഏതു പ്രതികൂലത്തെയും അതിജീവിച്ചുകൊണ്ട് നിറവേറ്റാൻ കഴിഞ്ഞിരുന്നു.” കൊട്ടാരത്തിലച്ചൻ പ്രിൻസിപ്പളായിരുന്ന കാലയളവിൽ മാർ ഈവാനിയോസ് കോളേജ് ബർസാറായിരുന്ന, ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷനായിരിക്കുന്ന അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് പിതാവിന്റെ വാക്കുകൾ കൊട്ടാരത്തിലച്ചന്റെ ജീവിത ഔന്നത്യത്തിന്റെ നേർസാക്ഷ്യമാണ്.
ഇംഗ്ലീഷും മലയാളവും ഫ്രഞ്ചും ഒരുപോലെ കൈകാര്യം ചെയ്യാൻ പ്രാപ്തനായിരുന്ന അദ്ദേഹം, താനുമായി പരിചയപ്പെടുന്ന ഏവരുടെയും മനസ്സുകളെ കീഴടക്കാൻ അനിതരസാധാരണമായ സിദ്ധിവൈഭവം ലഭിച്ച വ്യക്തിയുമായിരുന്നു. 1984 ൽ അഞ്ചൽ കോളേജിൽ അച്ചൻ പ്രിൻസിപ്പളായിരുന്ന കാലത്ത്, വിദ്യാർഥിനേതാവായിരുന്ന ഉണ്ണികൃഷ്ണന്റെ ജീവിതത്തെയും ചിന്താരീതികളെയും അച്ചൻ മാറ്റിമറിച്ചതും അതിരൂക്ഷമായിരുന്ന വിദ്യാർഥിപ്രശ്നങ്ങളെ അച്ചൻ തന്മയീഭാവത്തോടെ ഉൾക്കൊണ്ടതും വർഷങ്ങൾക്കുശേഷം ബസിൽ കണ്ടുമുട്ടിയ തന്നെ പേര് വിളിച്ച് “ഉണ്ണികൃഷ്ണൻ ഇപ്പോൾ എന്തുചെയ്യുന്നു?” എന്ന് കുശലമന്വേഷിക്കാൻ സാധിക്കുന്ന അച്ചന്റെ ഓർമശക്തിയെയും ഓരോരുത്തരെയും പേരെടുത്തു വിളിക്കാനുള്ള സിദ്ധിയെയും അനുസ്മരിക്കുന്നു.
കുടുംബബന്ധം നിലനിർത്തുന്നതിലും ബന്ധുഭവനങ്ങൾ സന്ദർശിക്കുന്നതിലും ശ്രദ്ധിച്ചിരുന്ന അച്ചൻ, വിശ്വാസത്തിലും ദൈവാശ്രയത്തിലും സഭാസ്നേഹത്തിലും തലമുറകളെ വളർത്തുന്നതിലും ശ്രദ്ധ പതിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിർധനരായ രോഗികളെ കരുതാനും അവർക്ക് ആവശ്യമായ സഹായം നൽകാനും അച്ചൻ ശ്രദ്ധിച്ചിരുന്നു.
പൗരോഹിത്യജീവിതത്തിൽ ഏറിയപങ്കും കോളേജ് അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, കോളേജ് ബർസാർ, പ്രിൻസിപ്പൾ എന്നീ ഉത്തരവാദിത്വങ്ങളിൽ മുഴുകിയ അച്ചൻ ആടുകളെ അറിയുന്ന, അവരെ പേരുചൊല്ലി വിളിച്ച് കൂടെയായിരിക്കുന്ന ഉത്തമനായ ഒരു ഇടവക വികാരിയുമായിരുന്നു. കരകുളം, ശാസ്തമംഗലം, പേരൂർക്കട, അമ്പിളികോണം, കുളത്തൂർ, അഞ്ചൽ, ആല, കുറിച്ചിമുട്ടം, ചെങ്ങന്നൂർ തുടങ്ങി നിരവധി പള്ളികളിൽ വികാരിയായി സേവനം ചെയ്ത അച്ചൻ ചെങ്ങന്നൂർ വൈദിക ജില്ലാവികാരിയായും ശുശ്രൂഷ ചെയ്തു. അനുഗ്രഹീതമായ ശബ്ദമാധുര്യത്തിന് ഉടമയായിരുന്ന അച്ചന്റെ പ്രാർഥനകളും ഗാനാലാപനവും ശുശ്രൂഷകളും പ്രസംഗങ്ങളും വിശ്വാസ സമൂഹത്തിന് ആത്മീയ നിറവും ഔത്സുക്യവും പ്രദാനം ചെയ്യുന്നതായിരുന്നു.
ചെങ്ങന്നൂർ പള്ളിവികാരി എന്ന നിലയിൽ 1991 ജൂൺ മാസം മുതൽ ഡിസംബർ വരെ ഏതാനും മാസങ്ങൾ മാത്രമേ അച്ചന് ശുശ്രൂഷ ചെയ്യാൻ സാധിച്ചുള്ളുവെങ്കിലും സൗമ്യമായി സംസാരിക്കുകയും കൃത്യതയോടെ ഇടപെടുകയും ചെയ്യുന്ന അച്ചന്റെ സാന്നിധ്യം ആ ഇടവകയുടെ മാത്രമല്ല, ആ ദേശത്തിനുതന്നെ ആത്മീയമായ മാറ്റത്തിനും കൂട്ടായ്മയിലുള്ള വളർച്ചയ്ക്കും മുഖാന്തിരമായതായും വിവിധ സഭകൾ തമ്മിലുള്ള ഊഷ്മളബന്ധം സംജാതമായതായും അന്ന് പുലിയൂർ ഇടവക വികാരിയായിരുന്ന വന്ദ്യ ചാമക്കാലായിൽ ജോസഫ് റമ്പാച്ചൻ സാക്ഷിക്കുന്നു.
ചെങ്ങന്നൂർ ജില്ലാവികാരി ആയിരുന്ന കൊട്ടാരത്തിലച്ചൻ 1991 ഡിസംബർ 25 ന് ആ പ്രദേശത്തെ എല്ലാ ക്രൈസ്തവസഭകളെയും കോർത്തിണക്കി അനുഗ്രഹീതമായ ഐക്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. “ഇഹലോകം വിട്ട് യാത്രയാകുമ്പോൾ നാം ഇവിടെ എന്ത് വെട്ടിപ്പിടിച്ചു നേടി എന്നതിലല്ല, ഇവിടെ എന്ത് അവശേഷിപ്പിച്ച് യാത്രയാകുന്നു എന്നതാണ് പ്രധാനം” എന്ന് പറഞ്ഞാണ് ഈ സംഗമത്തിലെ തന്റെ സന്ദേശം അച്ചൻ അവസാനിപ്പിച്ചത്.
മരണത്തിന്റെ തലേരാത്രി സ്വസഹോദരിയായ രാജമ്മ ഉമ്മന്റെ മണ്ണാറക്കുളഞ്ഞിയിലെ ഭവനത്തിലെത്തി രാത്രി അവിടെ താമസിച്ച് പിറ്റേന്ന് പുലർച്ചെ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് അർപ്പിക്കുന്ന കുർബാനയിൽ പങ്കുചേരാൻ ചെങ്ങന്നൂരേക്കു മടങ്ങുംവഴി കോഴഞ്ചേരിക്കു സമീപം കോഴിപ്പാലം ഭാഗത്തുവച്ച് ശബരിമലയിലേക്കുവന്ന ഒരു ബസ് അച്ചൻ സഞ്ചരിച്ച ജീപ്പിലിടിച്ചാണ് അപകടമുണ്ടായത്. സഹോദരിയുടെ മക്കളുടെ മടിയിൽക്കിടന്ന്, “ഈശോയെ, എന്റെ ദൈവമേ, എല്ലാ വസ്തുക്കളെയുംകാൾ അങ്ങയെ ഞാൻ സ്നേഹിക്കുന്നു” എന്ന സുകൃതജപം ആവർത്തിച്ച് ഉരുവിട്ടുകൊണ്ട് ആശുപത്രിയിലേക്കു പോകുംവഴി അച്ചൻ ഇഹലോകവാസം വെടിഞ്ഞു. മാതൃദൈവാലയമായ മാവേലിക്കര പുതിയകാവ് ഇടവകയിൽ അച്ചന്റെ ഭൗതീകശരീരം കബറടക്കി.
കൊട്ടാരത്തിലച്ചന്റെ വേറിട്ട ജീവിതത്തെ അടുത്തറിഞ്ഞ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് പിതാവിന്റെ വാക്കുകളിൽ ആ മഹത് ജീവിതത്തെ സംഗ്രഹിക്കാം.
“Father Kottarathil was a man of
deep faith and prayer. It was his faith
in God and the strength that he drew
from his intense prayer life that helped
him to face and overcome some of the
extremely difficult situations in life
with exceptional calmness and
optimism. He took life seriously; he
took his priesthood seriously; he took
his ministry seriously and he took
every person he came across seriously.
This profoundly serious approach to
life was the result of his deep faith in
God.”
സ്നേഹത്തോടെ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
കടപ്പാട്: സ്നേഹസ്മരണിക (2016) – ഫാ. തോമസ് കൊട്ടാരത്തിൽ, രാജമ്മ ഉമ്മൻ കളീക്കൽ (കൊട്ടാരത്തിലച്ചന്റെ മൂത്ത സഹോദരി)