ചരിത്രത്തിൽ ഈ ദിനം – ഒക്ടോബർ 15

കഴിഞ്ഞ കാലങ്ങളിലെ ഈ ദിനത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ നിരവധി സംഭവങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ജർമനിയിൽ റബ്ബിക് വിദ്യാർഥിയായി പഠിക്കുമ്പോൾ ക്രിസ്തുമതം സ്വീകരിക്കുകയും ഒടുവിൽ ഷാങ്ഹായിലെ ബിഷപ്പായിത്തീരുകയും ചെയ്ത ജോസഫ് ഷെറെഷെവ്സ്കിയുടെ ടോക്കിയോയിൽവച്ച് അന്തരിച്ചത് 1906 ഒക്ടോബർ 15 -നായിരുന്നു. ചൈനയിൽ ഒരു മിഷനറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഷാങ്ഹായിലെ ബിഷപ്പായി അവരോധിക്കപ്പെട്ടു. അദ്ദേഹം ബൈബിളും മറ്റ് ക്രിസ്ത്യൻ കൃതികളും വെൻലി ഭാഷയിലേക്ക് വിവർത്തനം ചെയ്തു. പ്രായാധിക്യത്താൽ ശരീരം തളർന്നതിനുശേഷവും അദ്ദേഹം ജോലി തുടർന്നു.

1917 ഒക്ടോബർ 15-നായിരുന്നു ഒന്നാം ലോക മഹായുദ്ധകാലത്ത് ചാരപ്രവൃത്തി നടത്തിയ മാതാ ഹരി എന്ന സ്ത്രീയെ മരണശിക്ഷയ്ക്കു വിധിച്ചത്. മാർഗരീറ്റ എന്നായിരുന്നു അവരുടെ ശരിയായ പേര്. ഡച്ച് കൊളോണിയൽ ക്യാപ്റ്റനായിരുന്ന റുഡോൾഫ് മക്ലോയിഡിനെ വിവാഹം കഴിച്ച് അവർ ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെത്തി. പിന്നീട് ആ വിവാഹബന്ധം തകർന്നപ്പോൾ മാർഗരീറ്റ ഇന്തോനേഷ്യൻ കലകൾ അഭ്യസിക്കുകയും തനത് നൃത്തരൂപങ്ങളിൽ പ്രാഗത്ഭ്യം നേടുകയും ചെയ്തു. ഇതോടെ മാതാ ഹരി എന്ന പുതിയ പേര് ഇവർ സ്വീകരിച്ചു. തന്റെ സൗന്ദര്യത്താൽ ഒരു ഡാൻസിംഗ് സെൻസേഷനായി മാറിയ മാതാ ഹരി നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചു. അതുകൊണ്ടുതന്നെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ ബന്ധങ്ങളുപയോഗിച്ച് അവർ ചാരവൃത്തി നടത്തുകയും ഫ്രഞ്ച് രഹസ്യപൊലീസിന്റെ പിടിയിലാകുകയും ചെയ്തു. അവർ ചെയ്ത കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് മജിസ്ട്രേറ്റ് വധശിക്ഷയ്ക്കു വിധിച്ചു. 1917 ഒക്ടോബർ 15-ന് ഫയറിംഗ് സ്ക്വാഡ് അവരുടെ വധശിക്ഷ നടപ്പാക്കി.

ഇന്ത്യയിലെ ആദ്യ വ്യാവസായിക വിമാനസർവീസ് ആരംഭിച്ചത് 1932 ഒക്ടോബർ 15-നാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയായിരുന്നു സർവീസിന് തുടക്കം കുറിച്ചത്. ടാറ്റ എയർലൈൻസ് എന്ന വിമാന കമ്പനിയുടെ പേര് പിന്നീട് സർക്കാർ, പൊതുമേഖലാസ്ഥാപനമായി ഏറ്റെടുത്ത്, എയർ ഇന്ത്യ എന്ന് മാറ്റി. കറാച്ചിയിൽനിന്ന് അഹമ്മദാബാദ് വഴി ബോംബെയ്ക്കായിരുന്നു ആദ്യ വിമാനസർവീസ്. സർവീസ് നടത്തിയ സിംഗിൾ എഞ്ചിൻ എയർക്രാഫ്റ്റിൽ 25 കിലോ എയർമെയിൽ കത്തുകളായിരുന്നു ഉണ്ടായിരുന്നത്. ജെ. ആർ. ഡി. ടാറ്റ തന്നെയാണ് ആദ്യവിമാനം നിയന്ത്രിച്ചത്. ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയതും അദ്ദേഹം തന്നെയായിരുന്നു.

ത്രിപുര സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായത് 1949 ഒക്ടോബർ 15-നായിരുന്നു. മാണിക്യവംശത്തിൽപെട്ട രാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യമായിരുന്ന ത്രിപുര. ത്രിപുരയുടെ രാജകീയ നാൾവഴിയായ രാജമാലയിലെ സൂചനകൾപ്രകാരം, ഇന്ത്യയുടെ ഭാഗമാകുന്നതുവരെ, 184 രാജാക്കന്മാർ ത്രിപുര ഭരിച്ചിട്ടുണ്ട്. ഇന്ത്യൻ ഏകീകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഭാഗമായി മാറിയെങ്കിലും സി കാറ്റഗറി സ്റ്റേറ്റ് പദവിയാണ് പ്രദേശത്തിന് ആദ്യം ലഭിച്ചത്. 1956 നവംബർ ഒന്നിന് ത്രിപുര കേന്ദ്രഭരണപ്രദേശമായി മാറി. തുടർന്ന് ജനങ്ങൾ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായാണ് 1972 ജനുവരി 21-ന് ത്രിപുരയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നത്.

തയ്യാറാക്കിയത്: സുനീഷാ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.