![Rosary-Prayer](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/Rosary-Prayer.webp?resize=696%2C435&ssl=1)
സഭയിലെ മിക്ക വിശുദ്ധരുടെയും പ്രധാനപ്പെട്ട പ്രാര്ഥനയായിരുന്നു ജപമാല. ആത്മീയയുദ്ധത്തില്‍ ജപമാല പ്രാര്‍ഥനയ്ക്കുള്ള ശക്തി തിരിച്ചറിഞ്ഞവരായിരുന്നു മിക്ക വിശുദ്ധരും. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് ഏതാനും വിശുദ്ധരുടെ വാക്കുകളാണ് താഴെ ചേര്‍ക്കുന്നത്.
1. ഒമ്പതാം പീയൂസ് പാപ്പാ
“പിശാചിനെതിരായുള്ള യുദ്ധത്തിലും പാപങ്ങളില്‍നിന്ന് അകന്നുനില്ക്കുന്നതിനും സഹായിക്കുന്ന ആയുധമാണ് ജപമാല. മനസ്സിലും കുടുംബത്തിലും രാജ്യത്തും സമാധാനം കൈവരിക്കണമെങ്കില്‍ എല്ലാദിവസവും വൈകുന്നേരം ഒരുമിച്ചുകൂടിയിരുന്നു ജപമാല ചൊല്ലി പ്രാർഥിക്കുക. നിങ്ങള്‍ എത്ര ക്ഷീണിതരായാലും ഭാരംവഹിക്കുന്നവരായാലും ഒരു ദിവസംപോലും ജപമാല ചൊല്ലാതെ കടന്നുപോകരുത്.”
2. വി. പാദ്രെ പിയോ
“മാതാവിന്റെ സഹായംകൂടാതെ കടന്നുപോകാന്‍ കഴിയുമെന്നു കരുതുന്നവര്‍ വിഡ്ഢികളാണ്. മറിയത്തെ സ്നേഹിക്കുകയും ജപമാല പ്രാര്‍ഥിക്കുകയും ചെയ്യുക. ഇന്നത്തെ ലോകത്തിന്റെ തിന്മകള്‍ക്കെതിരായുള്ള ആയുധമാണ് ജപമാല. ദൈവത്തില്‍നിന്നുള്ള എല്ലാ കൃപകളും മാതാവിലൂടെയാണ് കടന്നുവരുന്നത്.”
3. വി . ലൂയിസ് ദേ മോണ്ട്ഫോര്ട്ട്
“മരണംവരെ വിശ്വസ്തതയോടെ ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്നവര്‍ക്ക്, അവരുടെ പാപങ്ങള്‍ എത്ര കഠിനമായാലും അന്ധകാരത്തിന്റെ കിരീടം ലഭിക്കുകയില്ല. ഇപ്പോള്‍ നിങ്ങള്‍ നരകത്തിന്റെ വക്കിലാണെങ്കിലും നിങ്ങളുടെ ഒരു കാല് നരകത്തിലാണെങ്കിലും നിങ്ങളുടെ ആത്മാവിനെ നിങ്ങള്‍ പിശാചിന് വില്‍ക്കുകയാണെങ്കിലും എല്ലാ ദിവസവും ജപമാല ചൊല്ലിയാല്‍ നിങ്ങള്‍ അതില്‍നിന്നും പിന്മാറുകയും നിങ്ങളുടെ ആത്മാവ് രക്ഷിക്കപ്പെടുകയും ചെയ്യും.”
4. ലെയോ പതിമൂന്നാമന്‍ പാപ്പാ
“പ്രാര്‍ഥനയുടെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ് ജപമാല. നിത്യജീവന് സ്വന്തമാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് അത്. നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരവും അനുഗ്രഹങ്ങളിലേക്കുള്ള വേരുകളുമാണ് ജപമാല പ്രാര്‍ഥന. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ഥനയില്ല.”
5. പത്താം പീയൂസ് പാപ്പാ
“എല്ലാ പ്രാര്ഥനകളിലുംവച്ച് ഏറ്റവും മനോഹരവും കൃപകളാല്‍ നിറഞ്ഞതുമായ പ്രാര്‍ഥനയാണ് ജപമാല. ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന പ്രാര്‍ഥനയാണിത്. കുടുംബത്തില്‍ സമാധാനം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജപമാല പ്രാര്‍ഥിക്കുക.”
6. വി. ലൂസിയ (ഫാത്തിമായിലെ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ ഒരാള്‍)
“ജപമാല എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമുള്ള ഒന്നാണ്. അത് ഫാത്തിമായിലെ മാതാവ് പറഞ്ഞതുകൊണ്ടുമാത്രമല്ല. ജപമാലയുടെ ശക്തിയും ഫലവും ചരിത്രത്തിലുടനീളം ദര്‍ശിക്കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ്. എങ്ങനെ പ്രാര്‍ഥിക്കണമെന്ന് അറിയാത്ത സാധാരണക്കാരെ ഈശോയോടു ചേര്‍ത്തുനിര്‍ത്താന്‍ മാതാവ് നല്കിയ ലളിതമായ പ്രാര്‍ഥനയാണ് ജപമാല.”
7. പന്ത്രണ്ടാം പീയൂസ് പാപ്പാ
“നമ്മുടെ കാലഘട്ടത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്ന തിന്മകള്ക്കെതിരെ ജപമാലയില്‍ ശരണംവയ്ക്കുക.”