മൂന്നു കരങ്ങളുള്ള ദൈവമാതാവിന്റെ ഐക്കൺ

എട്ടാം നൂറ്റാണ്ടിൽ ലെയോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (717-740) പൗരസ്ത്യസഭയില്‍ ഐക്കണോക്ലാസം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുന്നതിന് എ. ഡി. 726 ലാണ് ലെയോ രാജാവ് കല്പന പുറപ്പെടുവിച്ചത്. അതേത്തുടര്‍ന്ന് പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും എതിരെ രൂക്ഷമായ ഒരു വിപ്ലവംതന്നെ പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ‘ഐക്കണോക്ലാസം’ എന്നറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സന്യാസികള്‍ ലെയോ മൂന്നാമന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ക്രൈസ്തവ ദൈവാലയങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും സ്ഥാപിക്കുന്നതും വണങ്ങുന്നതും അദ്ദേഹം നിരോധിച്ചു.

ഡമാസ്‌ക്കസിലെ വി. ജോണ്‍ (675-749) തിരുസ്വരൂപങ്ങളും ഐക്കണുകളും പുന:പ്രതിഷ്ഠിക്കുന്നതിനായി പ്രബോധനങ്ങള്‍ നടത്തി. ഇതിൽ കോപാകുലനായ ലെയോ മൂന്നാമൻ രാജാവ് ദമാസ്ക്കസിലെ ഖലീഫയെ വിവരമറിയിക്കുകയും ജോൺ, ഖലീഫാത്തിനെതിരെ രാജദ്രോഹക്കുറ്റം ചെയ്യുകയാണെന്ന് അസത്യം പ്രചരിപ്പിക്കുകയും ചെയ്തു. ജോണിന്റെ കൈകൾ മുറിക്കാനും അത് ചന്തയിൽ കൊണ്ടുവരാനും ഖലീഫ ഉത്തരവിട്ടു. വൈകുന്നേരമായപ്പോൾ ജോൺ തന്റെ മുറിച്ചുമാറ്റിയ കൈ ഖലീഫയോട് ആവശ്യപ്പെടുകയും അതുമായി ദൈവമാതാവിന്റെ ഐക്കണു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുകയും വിശ്വാസ സംരക്ഷണത്തിനുവേണ്ടി എഴുതിയ തന്റെ കൈ സുഖമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നീണ്ട പ്രാർഥനയ്ക്കൊടുവിൽ ഉറങ്ങിപ്പോയ ജോണിന് ദൈവമാതാവ് സ്വപ്നത്തിൽ ദർശനം നൽകി സൗഖ്യംമേകി. ഉറക്കമുണർന്നപ്പോൾ ജോണിന്റെ കരം സുഖപ്പെട്ടിരുന്നു. അതിന്റെ ഉപകാരസ്മരണയ്ക്കായി ജോൺ വെള്ളി കൊണ്ടുള്ളൊരു കരം ആ മാതൃചിത്രത്തിൽ വരച്ചുചേർത്തു. പാരമ്പര്യമനുസരിച്ച്, “കൃപ നിറഞ്ഞവളേ, എല്ലാ സൃഷ്ടികളും നിന്നിൽ സന്തോഷിക്കട്ടെ” എന്ന ഒരു മരിയൻ സ്ത്രോതഗീതവും ജോൺ എഴുതി. വി. ബേസിലിന്റെ ആരാധനക്രമത്തിൽ ഈ ഗാനം ഉൾച്ചേർത്തിട്ടുണ്ട്.

പിന്നീട് ജോൺ സന്യാസിയായി ജീവിച്ച വിശുദ്ധനാട്ടിലെ സെന്റ് സാവാ ആശ്രമത്തിലേക്ക് ഈ ഐക്കൺ കൊണ്ടുപോയി. പതിമൂന്നാം നൂറ്റാണ്ടിൽ സെർബിയിലെ മെത്രാപ്പോലീത്തയായിരുന്ന വി. സാവയ്ക്കു അത് സമ്മാനമായി ലഭിച്ചു. തുർക്കികൾ സെർബിയ ആക്രമിച്ചപ്പോൾ ഐക്കൺ സംരക്ഷിക്കുന്നതിനായി അത് ഒരു കഴുതയുടെ പുറത്തു കെട്ടിവിട്ടു. അതോസ് മലമുകളിലേക്കു പോയ കഴുത ഹിലാൻഡർ ആശ്രമത്തിനുമുന്നിൽ എത്തിയപ്പോൾ തനിയെ നിന്നു. ഐക്കൺ തിരിച്ചറിഞ്ഞ സന്യാസിമാർ ദൈവമാതാവിന്റെ ചിത്രം ആശ്രമദൈവാലയത്തിൽ പ്രതിഷ്ഠിച്ചു.

ജൂലൈ പന്ത്രണ്ടിനാണ് സെർബിയൻ സഭ ഈ ഐക്കണിന്റെ ഓർമ ആഘോഷിക്കുന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.