വിനയത്തോടെയുള്ള സേവനം ദൈവവിളിയിലേക്കു വഴിയൊരുക്കി: അനുഭവങ്ങളുമായി പുരോഹിതനായിമാറിയ സ്വിസ് ഗാർഡ്

ദൈവവിളിയുടെ വിത്തുകൾ ഓരോ വ്യക്തിയിലും പാകപ്പെടുന്നത് വ്യത്യസ്തമായ മാർഗങ്ങളിലൂടെയാണ്. അതിന് സ്ഥലമോ, കാലമോ, ദേശമോ, വ്യക്തിയുടെ യോഗ്യതയോ ഒന്നും ഒരു തടസമല്ല. അത്തരത്തിൽ വ്യത്യസ്തമായ ഒരു അനുഭവമാണ് ദിദിയർ ഗ്രാൻഡ്‌ജീന്റേത്. പാപ്പയുടെ സ്വിസ് ആർമിയുടെ ഭാഗമായി 2011 മുതൽ 2019 വരെ സേവനം ചെയ്ത വ്യക്തിയായിരുന്നു ദിദിയർ. തന്റെ സേവനത്തിലുടനീളം അദ്ദേഹം പുലർത്തിയ വിനയം ജീവിതത്തിൽ കൂടുതൽ പ്രാവർത്തികമാക്കാൻ പൗരോഹിത്യത്തിലൂടെ കഴിയുമെന്ന തിരിച്ചറിവ് നൽകിക്കൊണ്ട് ദൈവം തന്റെ മുന്തിരിത്തോപ്പിൽ ശുശ്രൂഷചെയ്യാൻ അദ്ദേഹത്തെ ക്ഷണിച്ചു. ഇന്ന് 34 വയസുള്ള ദിദിയർ പൗരോഹിത്യത്തിലൂടെ അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ്.

സ്വിറ്റ്‌സർലൻഡിലെ ഫ്രിബർഗിലെ ഒരു കുടുംബത്തിലാണ് ദിദിയർ ഗ്രാൻഡ്‌ജീൻ ജനിച്ചുവളർന്നത്. 21-ാം വയസിൽ, അദ്ദേഹം സ്വിസ് ആർമിയിൽ ചേർന്ന് തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. തന്റെ സേവനത്തിനിടയിൽ പലപ്പോഴും അദ്ദേഹം തീർഥാടകരുമായി സമ്പർക്കം പുലർത്തിയിരുന്നു. തീർഥാടകരായെത്തുന്ന പലരുടെയും ആഴമായ വിശ്വാസം അദ്ദേഹത്തെയും സ്വാധീനിച്ചു എന്നുവേണം പറയാൻ. തീർഥാടകരുമായും അവരുടെ വിശ്വാസവുമായും ഉണ്ടായ ഇടപെടലുകൾ അദ്ദേഹത്തിന്റെ വിശ്വാസത്തെയും കൂടുതൽ ഉറപ്പുള്ളതാക്കി; ഒപ്പം പൗരോഹിത്യത്തെക്കുറിച്ചുള്ള ചിന്തകളും അദ്ദേഹത്തിന്റെയുള്ളിൽ രൂപപ്പെടാനിടയായി. കൂടാതെ, ഒഴിവുസമയങ്ങളിൽ കൂടുതൽ പ്രാർഥിക്കാനും തുടങ്ങി. ഈ പ്രാർഥനകളിലൂടെ, ദൈവം തന്നെയും പൗരോഹിത്യത്തിലേക്കു ക്ഷണിക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിനു ലഭിച്ചു.

2013-ലെ കോൺക്ലേവിൽ, സഭയുടെ മഹത്വത്തിനും പ്രതീകാത്മകതയ്ക്കും ഫ്രാൻസിസ് മാർപാപ്പയുടെ സമർപ്പണത്തിനും സാക്ഷിയായി ഗ്രാൻഡ്‌ജീൻ നിന്നു. അങ്ങനെ, സഭയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും അദ്ദേഹത്തിന്റെ മനസിനെ കൂടുതൽ ആകർഷിച്ചു. ഒരു സ്വിസ് ഗാർഡിന്റെയും പുരോഹിതന്റെയും സത്തയെ ബന്ധിപ്പിക്കുന്ന സേവനത്തിന്റെ മൂല്യങ്ങളിലൊന്നാണ് അച്ചടക്കവും സൗഹൃദവുമെന്ന് അതുവഴി അദ്ദേഹം മനസിലാക്കി. പ്രാർഥന ഒരു യുദ്ധം പോലെയാണെന്നും ഈ കാലയളവിൽ അദ്ദേഹം മനസിലാക്കി. മറ്റുള്ളവരോടോ, ഒരു ലക്ഷ്യത്തോടോ അചഞ്ചലമായ ഭക്തിയോടെ സ്വയം സമർപ്പിക്കുന്നതിന് സ്ഥിരോത്സാഹം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം അതേ ഉത്സാഹത്തോടെ ദൈവഹിതത്തിന് ആമ്മേൻ പറയാൻ തീരുമാനിച്ചു.

താൻ ഒരു പുരോഹിതനാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആദ്യം വെളിപ്പെടുത്തിയത് കുടുംബാംഗങ്ങളോടായിരുന്നു. ഇത് കേട്ടമാത്രയിൽ വീട്ടുകാർക്ക് അമ്പരപ്പായിരുന്നു. എന്നാൽ, തന്റെ പ്രിയപ്പെട്ടവരിൽനിന്നുള്ള ക്രിയാത്മകപ്രതികരണവും പിന്തുണയും തന്റെ വിളിയിൽ ദൃഢതയോടെ മുന്നേറാൻ സഹായിച്ചു എന്ന് ഈ വൈദികൻ ഓർക്കുന്നു. “പോകൂ, ഇതാണ് നിന്റെ വഴി” എന്നായിരുന്നു ഗ്രാൻഡ്ജീന്റെ പിതാവ് മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തോടു പറഞ്ഞത്.

സെമിനാരിയിലെ ആദ്യസമയങ്ങൾ ഗ്രാൻഡ്ജീന് അത്ര എളുപ്പമായിരുന്നില്ല. വീട്ടുകാരിൽനിന്നും മറ്റും അകന്നുള്ള ജീവിതം ഒരു ഒറ്റപ്പെടൽ സമ്മാനിച്ചുവെങ്കിലും ആത്മീയതയുടെ ആഴങ്ങളിൽ സഹസെമിനാരിക്കാരുടെ ഇടയിൽ ഒരു കുടുംബാനുഭവം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ പ്രതിസന്ധികളെ അതിജീവിച്ച് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന്, വിനയമാർന്ന തന്റെ പ്രവർത്തികളിലൂടെ അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് ഈ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.