അനുദിനം പ്രാർഥിക്കുക എന്നത് നമ്മെ ആത്മീയമായി ദൈവത്തിലേക്ക് ഏറെ അടുപ്പിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. ആത്മീയതയിലുള്ള വളർച്ചയ്‌ക്കൊപ്പം സ്വസ്ഥമായിരിക്കാനും മാനസികമായി ബലം നേടിയെടുക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും അനുദിനമുള്ള പ്രാർഥന നമ്മെ സഹായിക്കുന്നുണ്ട്. അനുദിനം പ്രാർഥിക്കുന്ന, പ്രാർഥനയിലൂടെ ദൈവത്തിൽ ആശ്രയം വയ്ക്കുന്ന ഒരാൾ മാനസികമായും, പ്രാർഥയിൽ നിന്നും അകന്നുനിൽക്കുന്ന ഒരാളേക്കാളും ശക്തനായിരിക്കും. അതിനാൽ പ്രാർഥനാശീലം അനുദിനജീവിതത്തിന്റെ ഭാഗമായി വളർത്തിയെടുക്കാം. അതിനു സഹായിക്കുന്ന ഏതാനും ചില മാർഗങ്ങളിതാ…
തിരക്കുകൾക്കിടയിലും പ്രാർഥനയ്ക്കായി എടുക്കാം ഇടവേള
ഓരോരുത്തർക്കും ഓരോ വിധത്തിലുള്ള തിരക്കുകളാണുള്ളത്. ചിലർക്ക് ജോലിത്തിരക്കുകൾ, മറ്റുചിലർക്ക് വീടുകളിലെ ഉത്തരവാദിത്വങ്ങളും മറ്റും. തിരക്കുകൾ ഏതുവിധത്തിലുള്ളതാണെങ്കിലും അതിനിടയിൽ ഒരു ചെറിയ ഇടവേളയെടുക്കാം. അത് അരമണിക്കൂറോ, ഒരു മണിക്കൂറോ ഒന്നുമല്ല. ഒരു അഞ്ചോ, പത്തോ മിനിറ്റ്. ഈ സമയം സ്വസ്ഥമായിരിക്കാം; മനസ് ശാന്തമാക്കാം. കൂടെയുള്ള ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാനായി ഉള്ളുകൊണ്ട് ആഗ്രഹിക്കാം. അതുവരെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയാം. കണ്ണുകളടച്ച് ഈശോയെ മനസ്സിൽ ധ്യാനിക്കാം. ദീർഘശ്വാസം എടുത്തുകൊണ്ട് ആ അല്പസമയം ആയിരിക്കാം. അപ്പോൾ വലിയ ഒരു ശാന്തിയും സമാധാനവും നമ്മിൽ വന്നുനിറയുന്നത് അനുഭവിക്കാൻ നമുക്ക് സാധിക്കും.
പതിവാക്കാം ഒരു അഞ്ചു മിനിറ്റ് പ്രാർഥന
ചില ആളുകളെ കണ്ടിട്ടുണ്ട്, ഞാൻ ഇത്ര സമയം പ്രാർഥിച്ചു എന്ന് വീരവാദം മുഴക്കുന്നവർ. എന്നാൽ ഇത്ര സമയം പ്രാർഥിച്ചു എന്നതല്ല, നമ്മുടെ പ്രാർഥന എത്രത്തോളം ഫലവത്തായിരുന്നു എന്നതാണ് പ്രധാനം. മണിക്കൂറുകളോളം പ്രാർഥിക്കാനിരുന്നിട്ട് അല്പനേരം പോലും ശ്രദ്ധയോടെ ആയിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പ്രാർഥനയെ പരിഹസിക്കുന്നതിനു തുല്യമാണ്. അതിനാൽ അഞ്ചു മിനിറ്റെങ്കിലും പതിവായി മാറ്റിവയ്ക്കാം. ഈ സമയം കൂടുതൽ ആത്മാർഥതയോടെ പ്രാർഥിക്കാം. കുറച്ചു സമയം ഉള്ളതിനാൽത്തന്നെ ആ സമയം ഏറ്റവും ഫലപ്രദമാക്കി ഉയോഗിക്കാം. മാത്രവുമല്ല ഈശോയോടൊത്ത് കൂടുതൽ സമയം ഇരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പ്രാർഥനയുടെ സമയം വർധിപ്പിക്കുകയുമാകാം.
ഇടവിട്ട് ഇടവിട്ട് പ്രാർഥനയിൽ ആയിരിക്കാം
എപ്പോഴും ഒരേ സമയം പ്രാർഥനയ്ക്കായി തിരഞ്ഞെടുക്കുന്നത് ഒരു നല്ല ശീലം തന്നെയാണ്. എങ്കിലും ഇടവിട്ടുള്ള സമയങ്ങളിൽ പ്രാർഥനാപൂർവം ആയിരിക്കുന്നത് ആത്മീയതയിൽ വളരാൻ സഹായിക്കും; ഒപ്പം പ്രതിസന്ധികളിൽ തളരാതെ നിൽക്കാനുള്ള ശക്തിയും ഇടവിട്ടുള്ള പ്രാർഥന പ്രധാനം ചെയ്യും.