കോപം എങ്ങനെ ശമിപ്പിക്കാം? വിശുദ്ധർ നിർദേശിക്കുന്ന ചില നുറുങ്ങുകൾ

പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവർ തങ്ങളുടെ ആ ദൗർബല്യംകൊണ്ട് വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാകാം. ദേഷ്യം ഉള്ളിൽ ഒതുക്കാതെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവമാണോ നിങ്ങളുടേത്. എങ്കിൽ, വി. ഫ്രാൻസിസ് ഡി സെയിൽസ് നിർദേശിക്കുന്ന ചില നുറുങ്ങുകൾ പരിശോധിക്കാം.

പിടിവാശിക്കാരായ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ പല മാതാപിതാക്കളും പൊട്ടിത്തെറിക്കാറുണ്ട്. മറ്റുചിലപ്പോൾ കുറച്ച് താമസിച്ചിറങ്ങി വേഗത്തിൽ ജോലിസ്ഥലത്തേക്ക് വാഹനമോടിച്ച് പോകുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങളുടെ പേരിൽ പെട്ടെന്ന് കൺമുൻപിൽ കാണുന്നവരോട് ദേഷ്യപ്പെടാം. ഇങ്ങനെയുള്ള പൊട്ടിത്തെറികൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. അതിനാൽ ഇപ്രകാരം പെരുമാറുന്നതിനുമുൻപ് സ്വയം ശാന്തരാകേണ്ടതുണ്ട്.

വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് കോപത്തെക്കുറിച്ച് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: പെട്ടെന്ന് കോപിക്കുന്നവർ സഹായത്തിനായി ആദ്യം അണയേണ്ടത്  ദൈവത്തിന്റെ പക്കലേക്കാണ്. സങ്കീർത്തകൻ പറയുന്നു: “എന്റെ കണ്ണ് കോപത്താൽ ക്ഷയിച്ചിരിക്കുന്നു” ഈ അവസ്ഥയുടെ മേൽ ‘കർത്താവേ, എന്നോടു കരുണയുണ്ടാകേണമേ’ എന്ന് പറഞ്ഞു പ്രാർഥിക്കുക. അങ്ങനെ ദൈവം തന്റെ വലംകൈ നീട്ടി നിങ്ങളുടെ ക്രോധത്തെ നിയന്ത്രിക്കും. കോപം അനുഭവപ്പെടുമ്പോൾ, സഹായത്തിനായി ദൈവത്തെ വിളിക്കണം. അവിടുന്ന് തീർച്ചയായും പറയും “അടങ്ങുക, ശാന്തമാകുക.”

നമ്മുടെ പ്രാർഥനയിൽ കോപം കടന്നുവരാൻ ഇടയാകരുത്. മറ്റൊരാൾക്കെതിരായ ക്രോധത്തിൽ ദൈവത്തെ ഉൾപ്പെടുത്താൻ ശ്രമിക്കരുത്. വി. ഫ്രാൻസിസ് ഡി സെയിൽസ് നിർദേശിക്കുന്നു “നിങ്ങളെ പ്രേരിപ്പിക്കുന്ന കോപാകുലമായ വികാരങ്ങൾക്കെതിരായ നിങ്ങളുടെ പ്രാർഥനകൾ സൗമ്യവും ശാന്തവും ആയിരിക്കണം. കോപത്തിനെതിരായ ഏത് പ്രതിവിധിയിലും ഈ നിയമം ഓർക്കുക.”

മറ്റൊരു മാർഗം, നിങ്ങളുടെ കോപത്തിൽ നിങ്ങൾ ആരെയെങ്കിലും ദ്രോഹിച്ചതിന് ഉടനടി പ്രായശ്ചിത്തം ചെയ്യുക എന്നതാണ്. നമ്മുടെ കോപത്തിൽ നാം എത്രത്തോളം ദൈവത്തിലേക്ക് തിരിയുകയും ഉടനടി തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നുവോ, അടുത്ത തവണ പ്രകോപിതരാകുമ്പോൾ നമുക്ക് കുറച്ചുംകൂടി ശാന്തമാകുവാൻ സാധിക്കും.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.