പീലാത്തോസിന്റെ കൊട്ടാരം: ഫ്‌ളജെല്ലേഷൻ മോണാസ്റ്ററി

പീലാത്തോസിന്റെ കൊട്ടാരമായ പ്രെത്തോറിയം ഉണ്ടായിരുന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ടിരിക്കുന്ന ആശ്രമ ദേവാലയമാണ് ഫ്‌ളജെല്ലേഷൻ മോണാസ്റ്ററി. പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തുള്ള വിചാരണക്ക് ശേഷം യേശുവിനെ ദുഃഖവെള്ളിയാഴ്ച രാവിലെ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. യേശുവിന്റെ കാലത്ത് പീലാത്തോസ് ജെറുസലേമില്‍ താമസിച്ചിരുന്ന സ്ഥലം അന്തോണിയാ കൊട്ടാരം (Fortress Antonia) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജെറുസലേം ദേവാലയത്തിന്റെ വടക്കുഭാഗത്തായി ദേവാലത്തെയും, ദേവാലയം സന്ദര്‍ശിക്കാന്‍ വരുന്ന തീര്‍ത്ഥാടകരെയും സംരക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടിരുന്ന വലിയൊരു കൊട്ടാരമായിരുന്നു അന്തോണിയാ കൊട്ടാരം.

യുദയയുടെ ഭരണാധികാരിയായ പീലാത്തോസ് താമസിച്ചു ഭരണം നടത്തിയിരുന്നത് മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള പട്ടണമായ കേസറിയായിലായിരുന്നു. യഹൂദര്‍ വര്‍ഷത്തില്‍ മൂന്നു തവണ ജെറുസലേമിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നതിനാല്‍ ആ സമയത്ത് മിക്കവാറും യഹൂദര്‍ ജെറുസലേമില്‍ ആയിരിക്കുമെന്നതിനാല്‍ അവിടെ ക്രമസമാധാന പാലനത്തിനത്തിനും അവരുടെ സംരക്ഷണത്തിനുമായി ഭരണാധിപനായ പീലാത്തോസും ജെറുസലേമിലേക്ക് വരുമായിരുന്നു. അങ്ങനെ ജെറുസലേമിലേക്ക് വന്നിരുന്ന പീലാത്തോസ് താമസിച്ചിരുന്ന കൊട്ടാരമായിരുന്ന അന്തോണിയാ കൊട്ടാരം. ഈ കൊട്ടാരത്തിലേക്കാണ് വിചാരണയ്ക്കുവേണ്ടി പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ കൊണ്ടുവരുന്നത്.

യേശുവിന്റെ കാലത്ത് അന്തോണിയാ കൊട്ടാരം ഉണ്ടായിരുന്ന അന്നത്തെ വിശാലമായ ആ സ്ഥലത്ത് ഇന്ന് ഫ്രാന്‍സിസ്‌കൻ അച്ചന്മാരുടെ ആശ്രമമായ ഫ്‌ളജെല്ലേഷൻ മോണാസ്റ്ററിയും സിയോണ്‍ സിസ്റ്റേഴ്‌സിന്റെ ആശ്രമമായ എച്ചേ ഹോമോയും ഒരു സ്‌കൂളും ആണ് ഉള്ളത്. ജറുസലേമിലെ കുരിശിന്റെ വഴി ഇവിടെയാണ് ആരംഭിക്കുന്നത്.

യേശുവിന്റെ പീഢാസഹനവുമായി ഏറ്റവും അടുത്ത ബന്ധമുള്ള സ്ഥലമാണ് ഇത്. ഇവിടെ വെച്ചാണ് ഈശോയെ പീലാത്തോസ് വിചാരണ ചെയ്യുന്നത്. ഇവിടെ വച്ചാണ് യേശുവിന്റെ സ്ഥാനത്ത് ബറാബാസ് മോചിപ്പിക്കപ്പെടുന്നത്. ഇവിടെവച്ചാണ് ഈശോ ചമ്മട്ടികളാല്‍ അടിക്കപ്പെടുന്നത്. ഇവിടെ നിന്നാണ് യേശുവിനെ മുള്‍ക്കിരീടം ചൂടിച്ചു പടയാളികള്‍ പരിഹസിക്കുന്നത്. ഇവിടെയാണ് അവനെ ക്രൂശിക്കുക എന്ന് യേശുവിനെതിരെ ജനങ്ങള്‍ ആര്‍ത്ത് അട്ടഹസിക്കുന്നത്. “ഇതാ മനുഷ്യന്‍” എന്നു പറഞ്ഞ് പീലാത്തോസ് യേശുവിനെ ജനങ്ങള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നത് ഇവിടെ വെച്ചാണ്. ഒടുവില്‍ യേശുവിനെ അന്യായമായി വിട്ടുകൊടുക്കുന്നതിന്റെ കുറ്റം യഹൂദഗണത്തില്‍ കെട്ടിവെച്ചുകൊണ്ട് പീലാത്തോസ് കൈകഴുകി കൈയ്യൊഴിയുന്നതും ഇവിടെ വച്ചാണ്. ഇവിടെ നിന്നാണ് കുരിശു വഹിച്ചുകൊണ്ടുള്ള തന്റെ അവസാന യാത്ര ഈശോ ആരംഭിക്കുന്നത്. യേശുവിന്റെ രക്തം വീണു നനഞ്ഞ ഈ സ്ഥലത്ത് പ്രാര്‍ത്ഥിക്കുക വലിയൊരു അനുഭവമാണ്.

പീലാത്തോസിന്റെ കൊട്ടാരമുണ്ടായിരുന്ന ഈ സ്ഥലത്ത് നാലാം നൂറ്റാണ്ടില്‍ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിരുന്നു. ആ ദേവാലയത്തെക്കുറിച്ച് ബോര്‍ദോയിൽനിന്നുള്ള ഒരു തീര്‍ത്ഥാടകനും ജെറുസലേമിലെ വിശുദ്ധ സിറിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിന്റെ അവസാനം ആ ദേവാലയം ഉപേക്ഷിക്കപ്പെട്ടുവെന്നും അവര്‍ സൂചിപ്പിക്കുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടെ വേറൊരു ദേവാലയം നിര്‍മ്മിക്കപ്പെടുകയും അതിനെ വിശുദ്ധ ജ്ഞാനത്തിന്റെ ദേവാലയം (Hagia Sofia) എന്ന് വിളിക്കുകയും ചെയ്തു. കുരിശുയുദ്ധക്കാര്‍ രാജയപ്പെട്ടതിനുശേഷം ഈ ദേവാലയം നാമാവശേഷമാവുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്തു. 1838-ല്‍ ഫ്രാന്‍സിസ്‌കൻ സന്യാസിമാര്‍ ഈ സ്ഥലം ഏറ്റെടുക്കുകയും ഇവിടെ പുരാവസ്തു ഗവേഷണ പഠനം നടത്തുകയും പഴയ ദേവാലയങ്ങളുടെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു. അങ്ങനെ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഇവിടെയാണ് പീലാത്തോസിന്റെ കൊട്ടാരമായ അന്തോണിയാ കൊട്ടാരം ഉണ്ടായിരുന്നതെന്ന നിഗമനത്തിലെത്തിച്ചേരുന്നത്. 1929-ല്‍ ഇവിടെ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചു. ആ ദേവാലയമാണ് ഫ്‌ളജെല്ലേഷൻ (ചമ്മട്ടിയടി) എന്ന പേരില്‍ അറിയപ്പെടുന്നത്.

ഫ്‌ളഞ്ചലൈസേഷന്‍ ദേവാലയത്തിന്റെ നേരെ എതിര്‍ഭാഗത്ത് 19-ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പഠനത്തിൽ മറ്റൊരു ദേവാലയത്തിന്റെ അവശിഷ്ടവും കൂടി കണ്ടെത്തുകയുണ്ടായി. അവിടെ 1904-ല്‍ ഈശോയെ മരണത്തിന് വിധിച്ചത് അനുസ്മരിക്കുന്ന ദേവാലയം (Chapel of Condemnation) നിര്‍മ്മിച്ചു. ഈ ദേവാലയത്തിന്റെ അള്‍ത്താരയ്ക്ക് പുറകില്‍ കുരിശു വഹിച്ചുകൊണ്ട് കാല്‍വരിയിലേക്ക് യാത്രയാകുന്ന ഈശോയ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കല്ലുകള്‍ പാകിയിരുന്നതുകൊണ്ട് പീലാത്തോസിന്റെ കൊട്ടാരം ഗബ്ബാത്ത / കല്‍ത്തളം എന്നറിയപ്പെട്ടു. യേശുവിന്റെ കാലത്ത് ഈ സ്ഥലത്തെ തറയില്‍ പാകിയിരുന്ന കല്ലുകള്‍ പിന്നീട് എ.ഡി. 135-ല്‍ ഹഗ്രേണ്‍ ചക്രവര്‍ത്തി ജെറുസലേം പട്ടണം പുനര്‍ നിര്‍മ്മിച്ചപ്പോള്‍ വീണ്ടും ഉപയോഗിച്ചു. അതേ കല്ലുകള്‍ ഇന്നും എച്ച്.ഐ.ഹോമോ ആശ്രമത്തിന്റെ മ്യൂസിയത്തില്‍ കാണാന്‍ സാധിക്കും. അതില്‍ റോമന്‍ പട്ടാളക്കാര്‍ കളിക്കാന്‍ ഉപയോഗിച്ചിരുന്ന, ഇന്നത്തെ ചെസ്സ് കളിയോട് സാമ്യമുള്ള, ഒരു കളി (King’s Game) ശിലകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ശില ഈശോയെ മരണത്തിന് വിധിച്ചത് അനുസ്മരിക്കുന്ന ദേവാലയത്തിന്റെ തറയില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഫ്‌ളജെല്ലേഷൻ മോണാസ്റ്ററിയുടെ തൊട്ടടുത്തുള്ള ആശ്രമമായ എച്ചേ ഹോമോയിൽ മനോഹരമായ ഒരു ചാപ്പലുണ്ട്. “ഇതാ മനുഷ്യന്‍” എന്ന് പീലാത്തോസ് പറഞ്ഞതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ ആശ്രമത്തിന് ആ പേര് ലഭിച്ചിരിക്കുന്നത്. എച്ചേ ഹോമോ ആശ്രമ ദേവാലയത്തിലെ അൾത്താരയിലെ കമാനം എ.ഡി. 135-ല്‍ ഹഡ്രിയൻ ചക്രവര്‍ത്തി നിര്‍മ്മിച്ച ജെറുസലേം പട്ടണത്തോട് ചേര്‍ന്ന് ഉണ്ടായിരുന്ന ആര്‍ച്ചിന്റെ ഒരു ഭാഗമാണ്. അത് ഇപ്പോഴും മനോഹരമായി ഈ ദേവാലയത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിന്റെ മറുഭാഗം വിയ ഡോളറോസയിൽ കാണാം.

യേശുവിന്റെ പീഡാസഹനത്തിന്റെ ഓരോ നിമിഷവും രക്ഷാകരമായിരുന്നു. ഈശോ മരണത്തിന് വിധിക്കപ്പെടുമ്പോള്‍ ബറാബാസ് എന്ന കൊടുംകുറ്റവാളി മോചിതനാവുകയാണ്. കുരിശില്‍ മരിക്കുമ്പോള്‍ നല്ല കള്ളന്‍ പറുദീസായിലേക്ക് സ്വീകരിക്കപ്പെടുന്നു. അവസാന തുള്ളി രക്തവും ചീന്തി വേദന അനുഭവിച്ച് ഈശോ മരിക്കുമ്പോള്‍ മനുഷ്യകുലം മുഴുവനും രക്ഷിക്കപ്പെടുന്നു. ഓരോ മനുഷ്യജീവിതത്തിനും അര്‍ത്ഥം ലഭിക്കുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ബലിയാകുവാന്‍ അനുവദിക്കുമ്പോഴാണെന്ന് യേശുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

നമുക്ക് പ്രാര്‍ത്ഥിക്കാം:
ഞങ്ങള്‍ക്കു രക്ഷ ലഭിക്കുവാന്‍ വേണ്ടി അന്യായമായ സഹനത്തിന് സ്വയം വിധേയനാക്കിയ യേശുവേ ഞങ്ങളുടെ ജീവിതങ്ങളിലെ പല സഹനങ്ങളും ഞങ്ങളുടെ കുറവുകള്‍ കൊണ്ടും പാപങ്ങള്‍ കൊണ്ടും ഉണ്ടാകുന്നതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ വേദനകള്‍ അങ്ങയുടെ കുരിശിനോട് ചേര്‍ന്ന് സഹിക്കുവാനുള്ള കൃപ അവിടുന്ന് തരണമേ. സ്വീകരിക്കുന്നതിനല്ല കൊടുക്കുന്നതിലാണ് ശരിയായ മൂല്യം അടങ്ങിയിരിക്കുന്നതെന്ന് പഠിപ്പിച്ചുതരണമേ. അങ്ങയുടെ കുരിശിന്റെ പാതയിലൂടെ നടക്കുന്ന യഥാര്‍ത്ഥ ക്രൈസ്തവരായി ഞങ്ങളെ രൂപാന്തരപ്പെടുത്തണമെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സര്‍വ്വേശ്വരാ എന്നേക്കും ആമ്മേന്‍.

റവ. ഡോ. പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.