സീയോന്‍ മലയിലെ സെനക്കിള്‍ (സെഹിയോൻ ഊട്ടുശാല) ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെ അനുസ്മരിക്കുന്ന സ്ഥലമാണ്. വിശുദ്ധ കുര്‍ബാന സ്ഥാപനത്തെക്കുറിച്ച് ലൂക്കായുടെ സുവിശേഷം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: “പെസഹാ കുഞ്ഞാടിനെ ബലി കഴിക്കേണ്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ട് പറഞ്ഞു. നിങ്ങള്‍ പോയി നമുക്ക് പെസഹ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. അവര്‍ അവനോട് ചോദിച്ചു. ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ അവരോട് പറഞ്ഞു, ഇതാ നിങ്ങള്‍ പട്ടണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളവുമായി ഒരുവന്‍ നിങ്ങള്‍ക്കെതിരെ വരും. അവന്‍ പ്രവേശിക്കുന്ന വീടിനടുത്തേക്ക് നിങ്ങള്‍ അവനെ പിന്തുടരുക. ആ വീടിനുടമസ്ഥനോട് പറയുക, ഗുരു നിന്നോട് ചോദിക്കുന്നു എന്റെ ശിഷ്യന്‍മാരോട് കൂടെ ഞാന്‍ പെസഹ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്? സജജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും അവിടെ ഒരുക്കുക. അവര്‍ പോയി അവന്‍ പറഞ്ഞത് പോലെ കണ്ടു. പെസഹ ഒരുക്കുകയും ചെയ്തു” (ലൂക്കാ 22:7-13).
സജ്ജീകൃതമായ ഒരു വലിയ മാളിക മുറി എന്നിവിടെ പറഞ്ഞിരിക്കുന്നത് ഗ്രീക്കില്‍ “അനാഗയ്യോണ്‍” എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അര്‍ത്ഥം “മുകൾ നിലയിലെ മുറി” എന്നാണ്. ഇതിനെ ലത്തീനിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ചെന്നാക്കുളും (Cenaculum) എന്നാണ്. ഈ ലത്തീന്‍ പദത്തില്‍ നിന്നാണ് സെനക്കിള്‍ എന്ന പദം വന്നിരിക്കുന്നത്. വിശുദ്ധ കുര്‍ബാന സ്ഥാപനം വിശുദ്ധ മത്തായിയുടെയും മര്‍ക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിലും പൗലോസ് ശ്ലീഹ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലും വിവരിക്കുന്നുണ്ട് (മത്തായി 26:26-30; മര്‍ക്കോ 14:22-26; ലൂക്കാ 22:14-23; 1കോറി. 11:23-25).
ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച സീയോന്‍ മലയിലെ സെനക്കിള്‍ ക്രൈസ്തവർക്ക് ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലൊന്നാണ്. വിശുദ്ധ കുര്‍ബാനയോടൊപ്പം യേശു പൗരോഹിത്യവും സ്ഥാപിച്ചു. അതുപോലെ സഭയുടെ സ്ഥാപനവും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിലാണ് സംഭവിക്കുന്നത്. ഇതേ സെനക്കിളിലാണ് യേശുവിന്റെ മരണശേഷം ശിഷ്യന്‍മാര്‍ ഭയപ്പെട്ട് ഒളിച്ചിരിക്കുന്നത്. ഇവിടെയാണ് ഉത്ഥിതനായ യേശു ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്. സെനക്കിളില്‍ പരിശുദ്ധ കന്യാമറിയത്തോടൊത്ത് പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണ് പരിശുദ്ധാത്മാവ് തീനാളങ്ങളുടെ രൂപത്തില്‍ ശിഷ്യന്‍മാരിലേക്ക് ഇറങ്ങി വരുന്നതും അവര്‍ പല ഭാഷകളില്‍ സംസാരിക്കുന്നതും (നടപടി 2:1-4). അങ്ങനെ സെനക്കിളില്‍ വച്ചാണ് പരിശുദ്ധാത്മവിനെ സ്വീകരിച്ച പത്രോസ് ശ്ലീഹ തന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതും മൂവായിരത്തോളം ആളുകള്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വരുന്നതും (നടപടി 2:41). സെനക്കിളില്‍ നിന്നാണ് ശിഷ്യന്‍മാര്‍ സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോയത്. ജറുസലേമിലെ ക്രൈസ്തവ പാരമ്പര്യമനുസരിച്ചു സെനക്കിളില്‍ വച്ചുതന്നെയാണ് പരിശുദ്ധ കന്യാമറിയം നിത്യ ഉറക്കത്തിലേക്കു പ്രേവേശിക്കുന്നത്. അങ്ങനെ ക്രൈസ്തവ സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സെനക്കിള്‍. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃ ദേവാലയമായമാണിത്.
സെനക്കിള്‍ ഉള്ള സീയോന്‍ മല ഇന്ന് ജറൂസലേമിന്റെ ഓള്‍ഡ് സിറ്റിയുടെ വെളിയിലാണെങ്കിലും ഈശോയുടെ സമയത്ത് ജറൂസലേം പട്ടണത്തിന്റെ ഭാഗമായിരുന്നു. അന്നത്തെ ജറൂസലേം പട്ടണം സീയോന്‍ മലയുടെ കിഴക്കന്‍ ചെരുവില്‍ ശീലോഹക്കുളം വരെ വ്യാപിച്ചു നിന്നിരുന്നു. സെനക്കളില്‍ നിന്ന് ശീലോഹക്കുളം വരെയുള്ള സ്ഥലത്തേയ്ക്ക് വന്നിറങ്ങാന്‍ വേണ്ടിയുളള സ്റ്റെപ്പുകളും ഉണ്ടായിരുന്നു. ഈശോയുടെ കാലത്തുണ്ടായിരുന്ന ആ സ്റ്റെപ്പുകളുടെ അവശിഷ്ടം ഇന്നും കാണാന്‍ സാധിക്കും. ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന് ശേഷം ആ സ്റ്റെപ്പുകളിലൂടെ ഇറങ്ങി കെദ്രോമ് താഴ് വരയിലൂടെ നടന്ന് കെദ്രോണ്‍ അരുവി കടന്നാണ് ഗദ്‌സമേനില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്.
സെനക്കിള്‍ സ്ഥിതിചെയ്യുന്ന മല സീയോന്‍ മല എന്നറിയപ്പെടുന്നത് നാലാം നൂറ്റാണ്ട് മുതലാണ്. ബൈബിളിലെ “സീയോന്‍” ജറൂസലേം പട്ടണത്തിന്റെ പ്രതീകാത്മകമായ പേരാണ്. അത് യഹോവയുടെ പട്ടണമാണ്. സീയോന്‍ എന്ന പേര് ബൈബിളില്‍ ആദ്യം വരുന്നത് സാമുവേലിന്റെ രണ്ടാം പുസ്തകം അഞ്ചാം അധ്യായം ഏഴാം വാക്യത്തിലാണ്. ഇതിനെ “ദാവീദിന്റെ പട്ടണം” എന്ന പേരിലും വിളിച്ചിരുന്നു. എഴുപത്താറാം സങ്കീര്‍ത്തനം രണ്ടാം വാക്യം സീയോനെ “യഹോവയുടെ വാസസ്ഥലം” എന്നാണ് വിളിക്കുന്നത്. നൂറ്റിമുപ്പത്തിരണ്ടാം സങ്കീര്‍ത്തനം പന്ത്രണ്ടാം വാക്യം “യഹോവ സീയോനെ തിരഞ്ഞെടുത്തു” എന്ന് പറയുന്നു. എന്നാല്‍ പഴയ നിയമത്തില്‍ കാണുന്ന സീയോന്‍ മല ജറൂസലേം ദേവാലയം ഉണ്ടായിരുന്ന മോറിയമല തന്നെയാണ്. അവിടെയാണ് ദാവീദ് കര്‍ത്താവിന് ആലയം സ്ഥാപിക്കാനുള്ള വാഗ്ദാനം പേടകം സ്ഥാപിക്കുന്നത്. പിന്നീട് അവിടെത്തന്നെയാണ് സോളമന്‍ രാജാവ് ജറൂസലേം ദേവാലയം നിര്‍മ്മിക്കുന്നത്. എന്നാല്‍ എഡി 70-ല്‍ ജറൂലസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടു കൂടി സീയോന്‍ മലയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. അതിന്റെ സ്ഥാനം ക്രൈസ്തവരെ സംബന്ധിച്ചു ഈശോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച സെനക്കിള്‍ ഉള്‍പ്പെടുന്ന മല സീയോന്‍ മല ഏറ്റെടുത്തു.
നാലാം നൂറ്റാണ്ടിൽ സീയോന്‍ മലയിൽ ഹാഗിയാ സീയോന്‍ (Hagia Sion) എന്ന പേരിൽ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. വളരെ വലിയ ദേവാലയമായിരുന്ന ഈ ബസലിക്കയിൽ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെ അനുസ്മരിച്ച് സെനക്കിളിന്റെയും, പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെന്റെയും ചാപ്പലുകൾ ഉണ്ടായിരുന്നു. സെനക്കിള്‍ രണ്ട് നിലകളിലായാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിക്കുന്ന ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും പരിശുദ്ധാത്മാവിന്റെ ആഗമനവും അനുസ്മരിക്കുന്ന ചാപ്പല്‍. താഴത്തെ ചാപ്പലിന്റെ ഒരു ഭാഗത്ത് വിശുദ്ധ സ്‌തെഫാനോസിന്റെ കല്ലറയുടെ അനുസ്മരണവും ഉണ്ടായിരുന്നു. ഹാഗിയാ സീയോന്‍ ബസലിക്ക ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ജറുസലേമിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൊഡസ്തൂസ് ആ ദേവാലയം പുതുക്കി നിര്‍മ്മിച്ചു. പിന്നീട് 1009-ൽ മുസ്ലീം ആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗിയാസീയോന്‍ പള്ളി കുരിശുയുദ്ധക്കാര്‍ പുതുക്കി നിര്‍മ്മിച്ചു. അവര്‍ നിര്‍മ്മിച്ച ദേവാലയം “സെഹിയോൻ മലയിലെ പരി. കന്യാമറിയത്തിന്റെ ബസലിക്ക” (Santa Maria in Mounte Sion) എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനു വേണ്ടി ഒരു ആശ്രമവും ദേവാലയത്തോട് ചേര്‍ന്ന് കുരിശുയുദ്ധക്കാര്‍ തയ്യാറാക്കിയിരുന്നു.
1219-ല്‍ ഈജിപിത് രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ ബസലിക്ക തകര്‍ത്തു കളഞ്ഞു. മാര്‍പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് വിശുദ്ധ നാട് സംരക്ഷിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സീയോന്‍ മലയില്‍ താമസിച്ചു കൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാദര്‍ റോജര്‍ ഫാരന്‍ സീയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദേവാലയം നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നു. വളരെക്കാലം ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ക്ക് മുസ്ലീം ഭരണാധികാരികളിൽ നിന്നും വളരെ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്നു. 1336-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാര്‍ വിശുദ്ധ നാടിന്റെ സംരക്ഷണം ഏറ്റെടുക്കുകയും “വിശുദ്ധ നാടിൻറെ സംരക്ഷകർ” (Custodian of the Holy Land) എന്ന സ്ഥാനപ്പേര് മാര്‍പാപ്പയില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ നാടിന്റെ സംരക്ഷകരായ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാരുടെ തലവനായ കുസ്‌തോസ് “സിയോൺ മലയുടെ സംരക്ഷകൻ” (Guadian of the Mount Zion) എന്നാണ് ഇന്നും അറിയപ്പെടുന്നത്.
ദാവീദിന്റെ കല്ലറയുടെ അനുസ്മരണം ഉണ്ടായിരുന്നതിനാല്‍ സെനക്കിള്‍ പിടിച്ചടക്കാന്‍ യഹൂദര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. അങ്ങനെ 1429-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാരെ പുറത്താക്കിക്കൊണ്ട് സെനക്കിളിന്റെ താഴത്തെ നിലയിലുള്ള ദേവാലയം അവര്‍ പിടിച്ചെടുക്കുകയും അവിടെ ദാവീദിന്റെ കല്ലറയുടെ അനുസ്മരണം പുനരാരംഭിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടില്‍ ദാവീദിന്റെ കല്ലറയുണ്ടായിരന്ന സ്ഥലത്തെ ചാപ്പല്‍ ഫ്രാന്‍സിസ്‌കന്‍മാര്‍ക്ക് പരിപൂര്‍ണ്ണമായി നഷ്ടപ്പെട്ടു. 1517-ല്‍ പലസ്തീന്റെ നിയന്ത്രണം ഓട്ടോമന്‍ തുര്‍ക്കികള്‍ ഏറ്റെടുത്തപ്പോള്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ അവസ്ഥ കൂടുതല്‍ മോശമായി. സീയോന്‍ മലയില്‍ നിന്ന് അവർ പുറത്താക്കപ്പെടുകയും ഇപ്പോൾ സെന്റ് സേവ്യേഴ്‌സ് മൊണാസ്ട്രി എന്നറിയപ്പെടുന്ന അന്നത്തെ ജോര്‍ജ്ജിയന്‍ മൊണാസ്ട്രിയിലേക്ക് 1560-ല്‍ സ്ഥാനം മാറേണ്ടതായി വരികയും ചെയ്തു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം 1936-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാര്‍ സെനക്കിളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ആശ്രമം സ്ഥാപിച്ച് അവിടെ താമസം തുടങ്ങി. അവിടെ അവര്‍ നിര്‍മ്മിച്ച ദേവാലയം അദ് ചെനാക്കുളും (Ad cenaculum) എന്ന പേരിലാണ് അറിയപ്പെടുന്നത്.
1898-ല്‍ സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന ആദ്യത്തെ ഹാഗിയാ സീയോന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്ന ഒരു ഭാഗം തുര്‍ക്കി സുല്‍ത്താനായ അബ്ദുള്‍ ഹമീദ് ജര്‍മ്മന്‍ ചക്രവര്‍ത്തിയായ വില്യം രണ്ടാമന് സമ്മാനമായി നല്‍കി. വില്യം രണ്ടാമന്‍ അത് കൊളോണ്‍ രൂപതയെ ഏല്‍പിക്കുകയും കൊളോണ്‍ രൂപത അത് ബനഡിക്ടന്‍ സന്യാസിമാര്‍ക്കു കൈമാറുകയും ചെയ്തു. 1926-ല്‍ നിര്‍മ്മിക്കപ്പെട്ട ആ ദേവാലയം മറിയത്തിന്റെ നിത്യഉറക്കത്തിന്റെ ദേവാലയം (Dormitio) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1951-ല്‍ ആ ആശ്രമം പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേക്ക് ഉയർത്തപ്പെട്ടു.
ഇന്ന് സെനക്കിള്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് കൈവശം വച്ചിരിക്കുന്ന ഒരു സ്ഥലമാണ്. ക്രൈസ്തവര്‍ക്ക് അവിടെ സന്ദര്‍ശനം നടത്താന്‍ മാത്രമേ അനുവാദമുള്ളൂ. പ്രാര്‍ത്ഥനയ്ക്കായി കത്തോലിക്കര്‍ക്ക് സെനക്കിള്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വിട്ടുകൊടുക്കാറുമുണ്ട്: പെസഹാ വ്യാഴാഴ്ച കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് വേണ്ടിയും പെന്തക്കുസ്ത ദിനത്തില്‍ പ്രാര്‍ത്ഥനയ്ക്കായും. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തില്‍ സഭൈക്യ വാരത്തില്‍ എല്ലാ ക്രൈസ്തവര്‍ക്കും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ട്. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃ ദേവാലയമായ സെനക്കിളിൽ പ്രാർത്ഥിക്കുക ഹൃദ്യമായ അനുഭവമാണ്.
നമുക്കു പ്രാര്‍ത്ഥിക്കാം:
ഞങ്ങൾക്ക് വിശുദ്ധ കുർബാനയിലൂടെ സ്വയം നൽകിയ യേശുവേ ഞങ്ങളുടെ ജീവിതങ്ങളെ കുർബാനയായി മുറിച്ചു മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ അങ്ങ് കൃപ നൽകണമേ. അങ്ങേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നയിക്കണമേ. ആമ്മേൻ.
റവ. ഡോ. പോൾ കുഞ്ഞാനയിൽ
joypaul.paul@gmail.com