ആധുനിക കാലഘട്ടത്തിലെ കുട്ടികളിൽ നന്ദിയുള്ള മനസ്സ് രൂപപ്പെടുത്താനുള്ള ആറ് വഴികൾ

നന്ദിയുള്ളവരാകുക എന്നത് ജീവിതവിജയത്തിന് അനിവാര്യമായ ഒന്നാണ്. നന്ദിപറയുക, നന്ദിയുള്ള മനസ്സുണ്ടായിരിക്കുക എന്നത് മക്കളിൽ വളർത്തിയെടുക്കേണ്ട ഒരു സ്വഭാവഗുണമാണ്. അതിനുള്ള പരിശീലനം ചെറുപ്പത്തിലേതന്നെ മക്കൾക്ക് കൊടുക്കുക. നന്ദിയുള്ള ഒരു മനസ്സ് അത്ര പെട്ടെന്ന് രൂപപ്പെടുന്ന ഒന്നല്ല. കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽതന്നെ അതിനുള്ള പരിശീലനം നൽകേണ്ടത് ആവശ്യമാണ്.

മനുഷ്യരോടുള്ള നന്ദിപ്രകാശനം മാത്രമല്ല, ദൈവത്തോടും നന്ദിപ്രകാശിപ്പിക്കാൻ മക്കൾക്ക് പരിശീലനം നൽകേണ്ടത് ആവശ്യമാണ്. വെറും വാക്കുകളിൽമാത്രം ഒതുങ്ങേണ്ടതല്ല നന്ദിപ്രകടനം; ജീവിതത്തിലൂടെയാണ് അത് പ്രകടമാക്കേണ്ടത്. ദൈവം നിങ്ങളെ ശരിക്കും അനുഗ്രഹിച്ചതായി നിങ്ങൾക്ക് തോന്നുന്നെങ്കിൽ, മറ്റുള്ളവരെ സേവിക്കാൻ ഈ അനുഗ്രഹങ്ങൾ ഉപയോഗിക്കാനും അവൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നാം ഓർമ്മിക്കേണ്ട ഒരു കാര്യമാണിത്. നന്ദിയുള്ള മനസ്സ് രൂപപ്പെടുത്താൻ മക്കളെ സഹായിക്കുന്ന ആറ് കാര്യങ്ങൾ ഇതാ…

1. ‘നന്ദി’ പറയുന്നതിനെക്കുറിച്ച് സംസാരിക്കുക

‘നന്ദി’ എന്ന വാക്ക് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. നന്ദി പറയുന്നത് വെറും അധരവ്യായാമമായി മാറാതിരിക്കാൻ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുക. കുട്ടികൾ മറ്റൊരാളോട് ‘നന്ദി’ പറയുമ്പോൾ, അവർ എന്തിനാണ് നന്ദിപറയുന്നതെന്ന് മാതാപിതാക്കൾക്ക് അവരോട് ചോദിക്കാം. നന്ദിപറയാനുണ്ടായ സാഹചര്യം, കാരണം എന്നിവ മനസിലാക്കാൻ പരിശ്രമിക്കുക. നന്ദിപറയാത്ത സാഹചര്യങ്ങളെ അതിനായി പ്രചോദിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

2. മക്കളുടെ മാതൃകാപരമായ തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കുക

മാതാപിതാക്കൾ, തങ്ങളുടെ പക്കലുള്ള പണം ചെലവഴിക്കേണ്ടത് എപ്രകാരമാണെന്ന് മനസ്സിലാക്കാൻ മക്കളെ സഹായിക്കണം. സമ്പാദ്യം, ദാനശീലം, ചെലവ് – ഏത് കാരണത്തിനുവേണ്ടിയാണ് പണം നൽകേണ്ടതെന്ന് തീരുമാനിക്കാൻ കുട്ടികളെ അനുവദിക്കുക എന്നതാണ് പ്രധാനം. പാവപ്പെട്ടവർക്ക് ഒരുനേരത്തെ ഭക്ഷണം നൽകുന്നതോ, ദാനം നല്കുന്നതോ ആയ കാര്യങ്ങൾ മക്കൾ സ്വയം തീരുമാനിക്കട്ടെ. ഇങ്ങനെയുള്ള നല്ല തീരുമാനങ്ങളെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക.

3. ലോകത്തിലെ വിഷമകരമായ അവസ്ഥകളെക്കുറിച്ച് മക്കളെ ബോധ്യപ്പെടുത്തുക

നമ്മളിൽ പലരും, ആഫ്രിക്കയിൽ പട്ടിണികിടക്കുന്ന കുട്ടികളുണ്ട് എന്ന് കേട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പട്ടിണികിടന്നു മരിക്കുന്ന നിരവധിപേരുണ്ട്. ശാരീരിക- മാനസികവിഷമതകളിലൂടെ കടന്നുപോകുന്നവരെക്കുറിച്ച് മക്കൾക്ക് പറഞ്ഞുകൊടുക്കുക. അപ്രകാരം ചെയ്യുന്നത് മക്കൾക്ക് പാവപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും തങ്ങൾക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദിപറയാനുമുള്ള ഒരു മനസ് രൂപപ്പെടുത്തും. സഹാനുഭൂതിയും നന്ദിയും വളർത്തിയെടുക്കാൻ ഇത് അവരെ സഹായിക്കും.

4. മറ്റുള്ളവർക്ക് സേവനം ചെയ്യുക എന്നത് ഒരു കുടുംബകാര്യമാക്കുക

ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലമുണ്ടെങ്കിൽ, മറ്റുള്ളവരെ സഹായിക്കാൻ ആ അവസരം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടേറിയ ചില അനുഭവങ്ങളിൽ നിന്നും അപ്രകാരം വേദന അനുഭവിക്കുന്ന മറ്റനേകം പേരെ മനസ്സിലാക്കാനുള്ള സാഹചര്യം കുടുംബങ്ങളിൽ ഒരുക്കുക. മക്കൾക്ക് അങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുക. മറ്റുള്ളവരെ സഹായിക്കാനുള്ള കാരണം ബോധ്യപ്പെടുത്തി സേവനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് നല്ല മാതൃക കൊടുംബത്തിൽ നിന്നുതന്നെ ആരംഭിക്കാം.

5. ഒരു പോസിറ്റീവ് റോൾ മോഡൽ ആകുക

മാതാപിതാക്കൾ പരാതിപ്പെടുകയോ, നന്ദികേട് കാണിക്കുകയോ ചെയ്യുമ്പോൾ ആ സ്വഭാവം മക്കളിലേക്കും വന്നുചേരും. മക്കൾക്കും നന്ദിയുള്ള മനോഭാവം വളർത്തിയെടുക്കാൻ പ്രയാസമാകും. അതിനാൽ മാതാപിതാക്കൾ, മക്കൾക്ക് നല്ല മാതൃകകളാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

6. ദൈവത്തിന് നന്ദി പറയുക

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദൈവം നൽകിയ ജീവിതത്തിനും അനുഗ്രഹങ്ങൾക്കും നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. ഭക്ഷണത്തിനുമുമ്പ്, ഉറങ്ങുന്നതിനുമുൻപ്, രാവിലെ എഴുന്നേൽക്കുമ്പോൾ ഒക്കെ ദൈവത്തിന് നന്ദിപറയാനും പ്രാർഥിക്കാനും ഒക്കെ സമയം കണ്ടെത്തുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.