അത് ദൈവത്തിന്റെ പരിപാലനയാണ്

കുറച്ചുനാൾ മുമ്പാണ്. വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. പലവിധ സംഘർഷങ്ങളുടെ ഞെരുക്കം. സമ്മർദങ്ങളുടെ ഭാരം. മുന്നോട്ടുനോക്കുമ്പോഴുള്ള ഇരുട്ട്. ഭയം. ഒറ്റപ്പെടൽ. പക്ഷെ ഒന്നും ആരോടും പറയാൻ തോന്നിയില്ല. വിശുദ്ധ കുർബാന തന്ന ധൈര്യം മാത്രമേ അക്കാലത്ത് കൂട്ടിനുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും മനുഷ്യനല്ലേ, ചിലപ്പോൾ ഒന്നു ചാരിനിൽക്കാൻ, വീഴാതിരിക്കാൻ ഒരു സഹായമൊക്കെ ആഗ്രഹിച്ചേക്കാം.

ഒടുവിൽ പ്രതീക്ഷയോടെ ഒരു സുഹൃത്തിനെ വിളിച്ചു. അങ്ങനെ എപ്പോഴും വിളിക്കുന്ന ആളൊന്നുമല്ല. പ്രതീക്ഷ തെറ്റിയില്ല, അദ്ദേഹം ഫോണെടുത്തു. തിരക്കുണ്ടായിരുന്നിട്ടും സ്നേഹത്തോടെ കേട്ടു. പ്രാർഥിച്ചു, ആശ്വസിപ്പിച്ചു. ദൈവത്തിൽ പ്രത്യാശവയ്ക്കാൻ പറഞ്ഞു. ഒരു വചനം വായിക്കാൻ നിർദേശിച്ചു: “നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന് കഴിയുന്ന സര്വശക്തനായ ദൈവത്തിലാണ്  നമ്മുടെ പ്രത്യാശ” (2 മക്ക. 8:18).

നിമിഷങ്ങൾ മാത്രമേ ആ സംഭാഷണം നീണ്ടുനിന്നുള്ളൂ. പക്ഷെ അതു പകർന്നുതന്ന ആത്മീയ ഊർജം വളരെ വലുതായിരുന്നു. ഒരൊറ്റ ദൈവവചനമേ പറഞ്ഞുതന്നുള്ളൂ. പക്ഷെ ഒരായുഷ്കാലം മുഴുവൻ ഓർക്കാനുള്ളത്ര അതിലുണ്ടായിരുന്നു. ബലഹീനനായ ഒരു മനുഷ്യന്റെ നാവിലൂടെ ദൈവം ഹൃദയത്തിലേക്കു കയറിവരുന്നത് ഞാനറിഞ്ഞു.

തിരയടങ്ങിയ കടലുകണക്കെ പതിയെ മനസ്സ് ശാന്തമായി. പ്രശ്നങ്ങൾക്കുമുന്നിൽ പതറാതെനിൽക്കാനുള്ള ധൈര്യം കിട്ടി. വീണുപോകാതിരിക്കാൻ അപ്പോൾ അങ്ങനെയൊരാൾ എനിക്ക് ആവശ്യമായിരുന്നു. ദൈവം ഒരാളെ കരുതിവയ്ക്കുകയും ചെയ്തു.

ഇത്ര കോടി മനുഷ്യരുള്ള ഭൂമിയാണെങ്കിലും കരയുമ്പോൾ കേൾക്കാൻ ഒരാളുണ്ടാവുന്നതും ചാരിനിൽക്കാൻ ഒരു തോളുണ്ടാവുന്നതും അത്ര ചെറിയ കാര്യമല്ല. അത് ദൈവത്തിന്റെ പരിപാലനയാണ്.

ഫാ. ഡാനിയേൽ പൂവണ്ണത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.