പുഞ്ചിരിക്കുന്ന മുഖമുള്ള സന്യാസിനി ദൈവദാസിയായ സിസ്റ്റർ ക്ലെയർ ക്രോക്കറ്റ് നന്മയുടെയും ലാളിത്യത്തിന്റെയും വലിയ സാക്ഷ്യമാണ് ലോകത്തിന് നൽകുന്നത്. ഈ യുവസന്യാസിനിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നാമകരണ നടപടികൾക്ക് തുടക്കമായി. സന്തോഷം കൈവിടാതെ, താൻ ചെയ്ത എല്ലാ കാര്യങ്ങളിലും, സി. ക്ലെയർ സ്വയം ദൈവത്തിനു സമർപ്പിക്കാൻ തീരുമാനിച്ചു. നമ്മുടെ വിളി എന്തുമാകട്ടെ, സന്തോഷകരമായിരിക്കുകയാണ് പ്രധാനം എന്ന് ഈ സന്യാസിനി നമ്മെ ഓർമിപ്പിക്കുന്നു. സന്തോഷകരമായ ക്രൈസ്തവ ജീവിതം നയിക്കാൻ ഈ സന്യാസിനി പഠിപ്പിക്കുന്ന നാലു കാര്യങ്ങൾ ഏവയെന്ന് നോക്കാം.
1. വ്യക്തിപരമായ മാനസാന്തരത്തിന്റെ ശക്തി
മോഡൽ രംഗത്ത് നിന്നും ദൈവവഴിയിലേക്കുള്ള സി. ക്ലെയറിന്റെ പരിവർത്തനം സമൂലമായിരുന്നു. ദൈവത്തിലുള്ള തന്റെ അസ്തിത്വത്തിന്റെ അഗാധമായ അർഥം കണ്ടെത്തി. ദൈവത്തിന്റെ വിളി പിന്തുടരാനും അവൻ നിങ്ങളോട് ആവശ്യപ്പെടുന്നത് ചെയ്യാനും ഭയപ്പെടരുത്. സി. ക്ലെയറിനെപ്പോലെ, അവനിൽ വിശ്വസിക്കുകയും നിങ്ങളുടെ കൈകൾ തുറക്കുകയും ചെയ്യുക.
2. ഇപ്പോൾ സന്തോഷത്തോടെയും നന്ദിയോടെയും ജീവിക്കുക
“നിങ്ങളെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളിലേക്ക് നോക്കുന്നത് നിർത്തുക. നിങ്ങൾക്കു ചുറ്റുമുള്ള മനോഹരമായ കാര്യങ്ങളിലേക്ക് നോക്കുക. ബുദ്ധിമുട്ടാണെങ്കിലും എപ്പോഴും പുഞ്ചിരിക്കുക”- സി. ക്ലയർ പഠിപ്പിക്കുന്നു. സിസ്റ്റർ ക്ലെയർ നിരവധി ബുദ്ധിമുട്ടുകളെ നേരിട്ടെങ്കിലും, അവൾ വലിയ സന്തോഷത്തോടെ ജീവിച്ചു. ഈ സന്തോഷം ബാഹ്യസാഹചര്യങ്ങളെ ആശ്രയിച്ചല്ല, മറിച്ച് ദൈവവുമായുള്ള അവളുടെ ബന്ധത്തെയും അവളുടെ ദൈനംദിന സ്വയം ദാനത്തെയും ആശ്രയിച്ചിരിക്കുന്നു.
ഓരോ നിമിഷത്തിലും സന്തോഷം കണ്ടെത്തുക; പ്രയാസങ്ങളിൽ പോലും. ഇതെല്ലാം ദൈവത്തിന്റെ സ്നേഹപൂർവമായ പദ്ധതിയുടെ ഭാഗമാണെന്ന് അറിയുക.
3. ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുക
സിസ്റ്റർ ക്ലെയറിനെ സംബന്ധിച്ചിടത്തോളം, ദൈവത്തെ സേവിക്കുന്നത് മഹത്തായ കാര്യങ്ങൾ ചെയ്യുന്നതിൽ മാത്രമല്ല, യേശു പഠിപ്പിച്ചതുപോലെ, ദൈനംദിന ജീവിതത്തിലെ ചെറിയ പ്രവർത്തനങ്ങളിൽ പോലും വിശ്വസ്തരായിരിക്കുക എന്നതായിരുന്നു. പലപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങളിൽ പോലും അംഗീകാരം തേടാതെ, എല്ലാ പ്രവൃത്തികളും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അവൾ ലളിതമായി ജീവിച്ചു. ഈ സമീപനം നമ്മെ പഠിപ്പിക്കുന്നത് ദൈവവിളിയുടെ ആനന്ദം അതിമനോഹരമായ കാര്യങ്ങൾ അന്വേഷിക്കുന്നതിലല്ല, മറിച്ച് ദൈവം നമ്മെ ഏൽപ്പിച്ച കാര്യങ്ങളിൽ, അത് എത്ര ചെറുതായി തോന്നിയാലും വിശ്വസ്തത പുലർത്തുന്നതിലാണ്.
വലിയ പ്രതിഫലമോ, അംഗീകാരമോ പ്രതീക്ഷിക്കാതെ ദൈവം ഇന്ന് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുക.
4. ദൈവവുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുക
അഗാധമായ പ്രാർഥനാ ജീവിതത്തോടും ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തോടും കൂടിയാണ് സി. ക്ലെയർ ജീവിച്ചത്. അവൾ തനിച്ചല്ല, ദൈവത്തോടൊപ്പമാണ് നടക്കുന്നുവെന്നറിഞ്ഞതിൽ നിന്നാണ് അവളുടെ സന്തോഷം പൂർണ്ണമായത്. സി. ക്ലെയറിനെ സംബന്ധിച്ചിടത്തോളം, പ്രാർഥന ദിവസത്തിലെ ഒരു നിമിഷം മാത്രമായിരുന്നില്ല, മറിച്ച് ദൈവവുമായുള്ള കൂട്ടായ്മയുടെ നിരന്തരമായ മനോഭാവമായിരുന്നു. ദൈവവുമായുള്ള ഈ അടുപ്പം അവൾക്ക് സമാധാനം നൽകുകയും പ്രയാസകരമായ നിമിഷങ്ങളിൽ പോലും സന്തോഷം നിലനിർത്താൻ സഹായിക്കുകയും ചെയ്തു.
പ്രാർഥന ധ്യാനം, ആരാധന എന്നിവയിലൂടെ ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിനായി സമയം ചെലവഴിക്കുക. ഇത് നിങ്ങളുടെ ദൈവവിളിയിൽ സന്തോഷത്തോടെ ജീവിക്കാനുള്ള ശക്തിയും സമാധാനവും നൽകും.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ