മംഗളവാർത്തയിലൂടെയാണ്, താൻ ഗർഭിണിയാണെന്ന വിവരം പരിശുദ്ധ മറിയം അറിഞ്ഞത്. അപ്പോൾ മുതൽതന്നെ, താൻ കടന്നുപോകാനിരിക്കുന്നത് ദുർഘടമായ അവസ്ഥയിലൂടെയാണെന്ന് അവൾക്ക് അറിയാമായിരുന്നു. എങ്കിലും വളരെ സന്തോഷത്തോടെ മറിയം ആ വാർത്ത സ്വീകരിച്ചു. ഈശോയുടെ ജനനത്തിരുനാൾ ആചരിക്കുന്ന ഈ ദിവസങ്ങളിൽ പരിശുദ്ധ കന്യകാമറിയം അമ്മമാർക്കു നൽകുന്ന നാല് മാതൃകകൾ ഏതൊക്കെയാണെന്നു നോക്കാം.
1. തുറന്ന മനസ്
ഒരു കാര്യത്തിലും മറിയം നിരാശയോ, ഭയമോ കാണിച്ചിട്ടില്ല. ഭാവിയെ പ്രത്യാശയോടെ സമീപിച്ചു. ഗർഭധാരണം മുതൽ കുഞ്ഞുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ഏതൊരു ബുദ്ധിമുട്ടിനെയും സന്തോഷത്തോടെയും പ്രത്യാശയോടെയുംവേണം നമ്മളും കൈകാര്യം ചെയ്യാൻ.
2. കുഞ്ഞിനെ തന്നത് ദൈവമാണെന്ന് ഓർമ്മിക്കാം
വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമായിരുന്നിട്ടും ദൈവഹിതത്തോട് ‘ആമ്മേൻ’ പറയുകയാണ് മറിയം ചെയ്തത്. കാരണം, കുഞ്ഞിനെ നൽകിയത് ദൈവമാണെന്ന് അവൾക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ദൈവം നൽകിയ കുഞ്ഞിനെ ഏറ്റവും സ്‌നേഹത്തോടെ സ്വാഗതംചെയ്യാം.
3. വേദനയും ദൈവം അനുവദിക്കുന്നതാണ്
കുട്ടികളുടെ രോഗവും വേദനയുമാണ് മാതാപിതാക്കളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. മറിയത്തിനും ഈശോയുടെ ജീവിതത്തിലെ അപകടങ്ങളെ മാറ്റാൻ സാധിക്കുമായിരുന്നില്ല. അവൾക്ക് ചെയ്യാൻ സാധിച്ചത്, അവനോടുകൂടി സഹനത്തിൽ പങ്കാളിയാവുക എന്നതായിരുന്നു. കുട്ടിയുടെ വേദനയും രോഗവും പങ്കുവയ്ക്കുക, അവരോടു ചേർന്ന് നിലകൊള്ളുക എന്നതാണ് നമുക്കും ചെയ്യാവുന്നത്.
4. പൂർണ്ണമായ സമർപ്പണം
ദൈവതിരുമനസ്സിന് പൂര്‍ണ്ണമായും സമർപ്പിച്ചവളാണ് മറിയം. മകനോടുള്ള സ്‌നേഹത്തെപ്രതിയായിരുന്നു അത്. സ്‌നേഹം ത്യാഗമാണല്ലോ. അതുപോലെ മക്കൾക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുമ്പോൾ നമുക്ക് തിരിച്ചുകിട്ടുന്നത് സ്‌നേഹമായിരിക്കുമെന്നും മറക്കാതിരിക്കാം.