സ്വയം സമർപ്പണം പരിശീലിക്കുന്നതിനുള്ള അഞ്ച് മാർഗങ്ങൾ

വിശുദ്ധി കൈവരിക്കുന്നതിനുള്ള ഒരു മാർഗമാണ് സ്വയം സമർപ്പണം. നോമ്പുകാലത്തു മാത്രമല്ല, ഓരോ ദിവസവും നാം ആത്മാർപ്പണം പരിശീലിക്കണം. സ്വർഗം എന്ന ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും കുരിശിലൂടെ കടന്നുപോകണമെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ദൈനംദിനജീവിതത്തെ വിശുദ്ധീകരിക്കാൻവേണ്ടി “യഥാർഥ തപസിന്റെ ആത്മാവോടെയാണ് നാം ജീവിക്കേണ്ടത്”എന്ന് വി. ജോസ്മരിയ എസ്‌ക്രീവയും ഓർമ്മപ്പെടുത്തുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ, ആത്മാർപ്പണം എന്ന പുണ്യം നമുക്ക് പരിശീലിക്കാം. അതിനു നമ്മെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ

1. ഒരു ദിവസം നാം കടന്നുപോയ അനുഭവങ്ങളെ വിചിന്തനം ചെയ്യാം

നാം എഴുന്നേൽക്കുന്നതുമുതൽ ഉറങ്ങുന്നതുവരെയുള്ള ഒരു ദിവസത്തിലെ ദൈനംദിനപ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ കുറച്ചുസമയം മാറ്റിവയ്ക്കുക. നമ്മുടെ ഒരു ദിവസത്തെക്കുറിച്ച് വിശകലനം ചെയ്യുന്നതിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട മേഖലകൾ എന്താണെന്ന് തിരിച്ചറിയാൻ നമുക്കു കഴിയും. ഒപ്പം, നമ്മുടെ തെറ്റുകുറ്റങ്ങൾ മനസിലാക്കാനും ഓരോ ദിവസത്തെയും വിശകലനം നമ്മെ സഹായിക്കും.

2. നിസാരകാര്യങ്ങളിലെ ത്യാഗം

നിസാരമായ കാര്യങ്ങളിലൂടെ സ്വയം സമർപ്പണത്തിന്റേതായ ശീലം നമുക്കു വളർത്തിയെടുക്കാം. അതിരാവിലെ എഴുന്നേൽക്കാൻ പലർക്കും മടിയാണ്. എന്നാൽ സാധാരണ എഴുന്നേൽക്കുന്നതിനേക്കാൾ പത്തുമിനിറ്റ് നേരത്തേ എഴുന്നേൽക്കാൻ നമുക്ക് ശ്രമിക്കാം. ചില വിട്ടുവീഴ്ചകൾ, മറ്റുള്ളവരെ മനസിലാക്കിയുള്ള പ്രവൃത്തികൾ, കാര്യങ്ങൾ കണ്ടറിഞ്ഞുചെയ്യൽ തുടങ്ങിയവയിലൂടെ സ്വയം സമർപ്പണം എന്ന നന്മയെ നമുക്ക് കരഗതമാക്കാം.

3. ജോലി

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ ഉത്സാഹത്തോടെ ചെയ്യാനും ശ്രമിക്കുക. “ജോലിയോടുള്ള അലസതയോ, മടിയോ നേരിടുമ്പോൾ ഉത്സാഹമാണ് ത്യാഗത്തിന്റെ ഏറ്റവും നല്ല ചൈതന്യം” എന്ന് വി. ജോസ്മരിയ പറയുന്നു. നമ്മുടെ ജോലി തീവ്രമായും സ്ഥിരമായും നീതിപൂർവമായും ചെയ്തുകൊണ്ട് നാം സ്വയം സമർപ്പിക്കണം. അങ്ങനെ നാം ചെയ്യുന്ന ജോലി മനോഹരമാകും.

4. ചെറിയ അവസരങ്ങളെ ഫലപ്രദമാക്കുക

ആത്മത്യാഗപ്രവർത്തികളെ വളരെ ലളിതമാക്കുക. അങ്ങനെ ചെറിയ പ്രവർത്തികളിലൂടെ നന്മയിലേക്കു വളരാനും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹത്തിലേക്ക് എത്താനും നമുക്കു കഴിയും. അതുപോലെതന്നെ, ഉപവാസത്തിലൂടെയും നമുക്ക് ഇഷ്ടമുള്ള ചില കാര്യങ്ങൾ ത്യജിക്കുന്നതിലൂടെയും സ്വയം സമർപ്പണത്തിന്റെ പാതയിലേക്കെത്താൻ നമുക്കു കഴിയും.

5. തെറ്റായ കാര്യങ്ങളിൽനിന്നും അകന്നുനിൽക്കാം

നല്ലതല്ലെന്ന് നമുക്കു ബോധ്യമുള്ള കാര്യങ്ങളിൽനിന്ന് സ്വയം അകന്നുനിൽക്കുക. നമ്മെ മെച്ചപ്പെടുത്തുന്നതിനുപകരം മോശം സാഹചര്യത്തിലേക്കോ, പാപത്തിലേക്കോ നയിക്കുന്ന പ്രലോഭനങ്ങളെ തിരിച്ചറിയുകയും ആ സാഹചര്യങ്ങളിൽനിന്നും ബോധപൂർവം അകന്നുനിൽക്കുകയും വേണം. തെറ്റായ കാര്യങ്ങളിൽനിന്ന് നാം അകന്നുനിൽക്കുന്നതിനൊപ്പം മറ്റുള്ളവരെയും അത്തരം സാഹചര്യങ്ങളിൽനിന്നും അകറ്റാൻ ശ്രമിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.