
ഡിജിറ്റൽ മാധ്യമങ്ങളുടെ ഈ ലോകത്ത് സത്യം എന്ന പോലെ തന്നെ നിരവധി നുണകളും പ്രചരിക്കപ്പെടുന്നുണ്ട്. എ ഐ പടുത്തുയർത്തി കൊണ്ടിരിക്കുന്ന ഈ ലോകത്ത് എങ്ങനെ വിവേകപൂർവം ഡിജിറ്റൽ മാധ്യമങ്ങളും അവയുമായി സംവദിക്കുന്ന സമയവും കൈകാര്യം ചെയ്യാമെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ വിവേചന ബുദ്ധിയെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ഏതാനും ചില മാർഗ്ഗങ്ങളിലൂടെ മനസ്സിലാക്കാം.
1. ആവേശത്തെക്കാൾ ചിന്താപൂർവം പ്രതികരിക്കുക
ഡിജിറ്റൽ മാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഈ ലോകത്തിൽ വേഗതയേറിയ ഒരു സംസ്കാരം രൂപപ്പെട്ടു തുടങ്ങി. ഫോണിൽ മെസ്സേജിന് മറുപടി ലഭിക്കാൻ വൈകുമ്പോഴും ഇന്റർനെറ്റ് ലഭ്യത കുറയുമ്പോഴും പെട്ടെന്ന് തന്നെ നാം അസ്വസ്ഥരാകാറുണ്ട്. വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നത് ആവേശത്തോടുള്ള പ്രതികരണത്തേക്കാൾ ചിന്താപൂർവം പ്രതികരിക്കുന്നതാണ് വിവേചന ബുദ്ധി എന്നാണ്. ഇതിന് ആത്മീയ സ്വാതന്ത്ര്യം ആവശ്യമാണ്. നമ്മുടെ മുൻപിൽ എത്തുന്ന പോസ്റ്റുകൾക്കും വീഡിയോകൾക്കും മറ്റു വാർത്തകൾക്കും അധികം ചിന്തിക്കാതെ തന്നെ ലൈക്കുകളും ഷെയറുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നവരായിരിക്കാം നമ്മൾ എങ്കിൽ ഒരു പോസ്റ്റ് പങ്കിടുന്നതിനു മുൻപേ അത് സത്യമാണോ എന്നും അപരന് ഇത് സഹായകരമാണോ എന്നും ധാർമിക മൂല്യങ്ങൾക്കും സമൂഹനന്മകൾക്കും ഇത് ഉപകാരപ്പെടുന്നുണ്ടോ എന്നും സ്വയമായി ചോദിക്കാൻ കഴിഞ്ഞാൽ കുറേക്കൂടി വിവേകപൂർവം ഡിജിറ്റൽ ലോകത്തോട് പ്രതികരിക്കാൻ നമുക്കു സാധിക്കും.
2. ആന്തരിക ചലനങ്ങൾ ശ്രദ്ധിക്കുക
ഓരോ വ്യക്തിയും തങ്ങളുടെ ജീവിതത്തിൽ നേരിടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഉള്ളിലുണ്ടാകുന്ന വികാരങ്ങൾ, ചിന്തകൾ, ആത്മീയ ചലനങ്ങൾ എന്നിവയെ കുറിച്ച് ബോധവാന്മാരായിരിക്കാൻ വി. ഇഗ്നേഷ്യസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ ഉപയോഗം ചിലപ്പോൾ നമ്മുടെ ഉള്ളിൽ ഉത്കണ്ഠ, കോപം, അസൂയ, ആശയക്കുഴപ്പങ്ങൾ എന്നീ തെറ്റായ പ്രതികരണങ്ങളും സമാധാനം, ലക്ഷ്യബോധത്തിലെ വ്യക്തത, സന്തോഷം എന്നീ പോസിറ്റീവ് പ്രതികരണങ്ങളും കൊണ്ടുവരാറുണ്ട്. അതിനാൽ ആന്തരിക ചലനങ്ങളെ മനസ്സിലാക്കിക്കൊണ്ട് ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ഭയത്തിലേക്കും മറ്റു തെറ്റായ പ്രതികരണങ്ങളിലേക്കും നയിക്കുന്നെങ്കിൽ അവയെ ബോധപൂർവം അകറ്റി നിർത്താൻ ശ്രദ്ധിക്കണം.
3. സത്യത്തിന്റെ ഉറവിടം അന്വേഷിക്കുക
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നമ്മുടെ മുൻപിലെത്തുന്നവയുടെ ഉറവിടങ്ങൾ പരിശോധിക്കണം. സ്ക്രീനുകളിൽ ദൃശ്യമാകുന്നത് പലപ്പോഴും എ ഐ സൃഷ്ടിച്ചെടുത്തവയും വാസ്തവവിരുദ്ധമായ വാർത്തകളുമായിരിക്കാം. അവയെ അന്ധമായി വിശ്വസിക്കുന്നതിന് പകരം ഉറവിടങ്ങളെ കണ്ടെത്തുന്ന ഒരു ശീലം നാം വളർത്തിയെടുക്കണം. ഓരോ വിവരങ്ങളും സ്വീകരിക്കുന്നതിനു മുൻപ് ഇതിനുപിന്നിൽ ആരാണെന്നും ഇതിന്റെ ഉദ്ദേശ്യം എന്താണെന്നും ഇതിന് വിശ്വസനീയമായ ഉറവിടങ്ങളുടെ പിന്തുണയുണ്ടോ എന്നും പരിശോദിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ഉപയോഗത്തിൽ നാം വളരുന്നു.
4. ആത്മാവിനെ പരിപോഷിപ്പിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുക
ദൈവത്തോടും സഹജരോടുമുള്ള സ്നേഹത്തിൽ വളരാനാണ് എല്ലാ സൃഷ്ട വസ്തുക്കളും നമ്മെ സഹായിക്കുന്നതെന്നാണ് വിശുദ്ധ ഇഗ്നേഷ്യസിന്റെ ഓർമ്മപ്പെടുത്തൽ. അതിനാൽ നമ്മുടെ ഓൺലൈൻ തിരഞ്ഞെടുപ്പുകളിൽ നമ്മുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന, നമ്മിലെ നന്മയെ പ്രചോദിപ്പിക്കുന്ന, മറ്റുള്ളവരുമായുള്ള ബന്ധം വളർത്താൻ ഉപകരിക്കുന്നവയെ തിരഞ്ഞെടുക്കാൻ ശ്രമിക്കാം. നമ്മെ നിഷേധാത്മക ചിന്തകളിലേക്ക് നയിക്കുന്നവയെ ഉപേക്ഷിക്കാം. ഇതിനർത്ഥം എപ്പോഴും ആത്മീയ കാര്യങ്ങൾ മാത്രം സ്വീകരിക്കണമെന്നല്ല. മറിച്ച്, ധാർമിക നന്മകൾക്ക് വിപരീതമായവയെ തിരഞ്ഞെടുക്കാതിരിക്കുക എന്നാണ്.
5. ജ്ഞാനത്തിനായി പ്രാർഥിക്കുക
വിവേകം എന്നത് ദൈവത്തിന്റെ ഒരു ദാനമാണ്. അതിനാൽ, സത്യം അന്വേഷിക്കാനും അവ കണ്ടെത്താനും അതിനോട് സ്നേഹപൂർവം പ്രതികരിക്കാനുള്ള ക്ഷമയും വ്യക്തതയും നമുക്ക് നൽകണമെന്ന് ദൈവത്തോട് നാം നിരന്തരം പ്രാർഥിക്കേണ്ടിയിരിക്കുന്നു. പുതിയ പ്രവണതകളാലോ വിവാദങ്ങളാലോ സ്വാധീനിക്കപ്പെടുന്നതിനു പകരം സത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നു.
കൃത്രിമ ബുദ്ധിയും തെറ്റായ വിവരങ്ങളും യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഡിജിറ്റൽ ഉപയോഗത്തിൽ പുലർത്തേണ്ട വിവേകം അത്യന്താപേക്ഷിതമാണ്.
വിവർത്തനം: സി. നിമിഷറോസ് CSN