
നൂതന സാങ്കേതിക വിദ്യകളിലൂടെ നേട്ടങ്ങളും ഉയർച്ചയും നേടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ഏകാന്തത അനുഭവിക്കുന്നവർ ഏറെയാണ്. ഓൺലൈൻ സംഭാഷണങ്ങളിലൂടെയും മറ്റു തിരക്കുകളിലൂടെയും കടന്നു പോകുന്നെങ്കിലും കടുത്ത ഏകാന്തതയും മാനസിക സംഘർഷങ്ങളും ഇന്നത്തെ ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. മനസ്സിനെ ശൂന്യതയിലേക്കും നിസ്സഹായതയിലേക്കും നയിക്കുന്ന അധിക ചിന്തകളാണ് പലപ്പോഴും നമ്മെ ഏകാന്തതയിലേക്ക് തള്ളിവിടുന്നത്. ഈ സാഹചര്യത്തിൽ ഏകാന്തതയെ അതിജീവിക്കാൻ നമ്മെ സഹായിക്കുന്ന അഞ്ചു വിശുദ്ധരെ പരിചയപ്പെടാം.
വിശുദ്ധ ഫ്രാൻസിസ് അസീസ്സി
‘ദൈവത്തിന്റെ നിസ്വൻ’ എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് അസീസി പ്രകൃതിയോടും ജീവജാലങ്ങളോടും സഹോദരനെപ്പോലെ ഇടപെട്ടുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി ജീവിച്ച വിശുദ്ധനാണ്. പ്രകൃതിയുടെ സൗന്ദര്യത്തിനും ജീവജാലങ്ങൾക്കും മനസ്സിനെ ശാന്തമാക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിക്കുന്നു. മണ്ണും മനുഷ്യനും മൃഗജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകത്തിൽ നാമും ഉൾപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയുടെ നിശബ്ദതയിലും ഏകാന്തതയുടെ ശൂന്യതയിലും അദ്ദേഹം ദൈവത്തെ കണ്ടുമുട്ടി. സങ്കീർണ്ണതകൾ ഇല്ലാതെ ഈ ലോകത്തിൽ ജീവിക്കാനും അദ്ദേഹം നമ്മെ ക്ഷണിക്കുന്നു. ഞാൻ തനിച്ചാക്കപ്പെടുന്നു എന്ന ചിന്തയാണല്ലോ മനുഷ്യനെ ഏകാന്തതയിലേക്ക് നയിക്കുന്നത് എന്നാൽ, ഞാൻ ഈ ഭൂമിയിൽ, പ്രകൃതിയിൽ വിലപ്പെട്ടവനാണെന്ന ചിന്ത നമ്മെ ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
ആവിലയിലെ വിശുദ്ധ തെരേസ
ഒരു മിസ്റ്റിക്കും സന്യാസിനിയുമായിരുന്ന ആവിലായിലെ വിശുദ്ധ തെരേസ തന്റെ ഏകാന്തതയെ ആഴമായ ആത്മീയതയിലേക്കുള്ള ഒരു വാതിലാക്കി മാറ്റി. ആത്മീയ രചനകളിലൂടെയും ധ്യാനമനനങ്ങളിലൂടെയും ഹൃദയത്തിന്റെ ആന്തരികതയിൽ വസിക്കുന്ന ദൈവത്തിലേക്ക് യാത്ര പോകാൻ അവൾക്കു കഴിഞ്ഞു. വിശുദ്ധ ത്രേസ്യായെ സംബന്ധിച്ചിടത്തോളം ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും നിമിഷങ്ങൾ ഉള്ളിലെ ദൈവീക സാന്നിധ്യത്തിന് ദിവ്യമായ അഗ്നിയിൽ ലയിക്കുന്നതിനുള്ള അവസരമായിരുന്നു. നമ്മുടെ നിശബ്ദതയുടെ നിമിഷങ്ങളെയും ഏകാന്തതയുടെ അനുഭവങ്ങളെയും ദൈവത്തിലേക്ക് നടന്നടുക്കാനുള്ള വഴികൾ ആണെന്ന് ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ നമ്മെ ഓർമിപ്പിക്കുന്നു.
കുരിശിന്റെ വിശുദ്ധ യോഹന്നാൻ
ഈടുറ്റ ആത്മീയ രചനകളുടെ കർത്താവാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ. ‘ആത്മാവിന്റെ ഇരുണ്ട രാത്രി’ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഏകാന്തതയുടെ നിമിഷങ്ങളെ സ്വർഗീയമാക്കിയ അനുഭവങ്ങളുടെ ഒരു ആവിഷ്കാരമാണ്. ആത്മീയ പുനർജന്മത്തിലേക്ക് നയിക്കുന്ന പരിവർത്തന യാത്രകൾ ആയിട്ടാണ് ഏകാന്തതയുടെയും ഇരുളിന്റെ അനുഭവങ്ങളെയും അദ്ദേഹം രൂപാന്തരപ്പെടുത്തിയത്. ഇരുളിന്റെ ആഴങ്ങളിൽ ദൈവിക സൗന്ദര്യം കണ്ടെത്താനുള്ള യോഹന്നാന്റെ സിദ്ധി നമുക്ക് പ്രത്യാശ നൽകുന്നു. ഏകാന്തതയുടെയും ആന്തരിക പോരാട്ടങ്ങളുടെയും കാലഘട്ടങ്ങൾ പരാജയത്തിന്റെ ലക്ഷണങ്ങൾ അല്ല മറിച്ച്, വിജയത്തിലേക്കും ശോഭയാർന്ന ഒരു ആത്മീയ ജീവിതത്തിലേക്കും നടന്നെടുക്കാനുള്ള ഇടനാഴികൾ മാത്രമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
സിയന്നായിലെ വിശുദ്ധ കാതറിൻ
സിയന്നായിലെ വിശുദ്ധ കാതറിൻ ഒറ്റപ്പെടലിന്റെയും പ്രക്ഷുബ്ധതയുടെയും ഒരു കാലഘട്ടത്തിൽ ജീവിച്ച വ്യക്തിയായിരുന്നു. തനിക്കു നേരിട്ട അനുഭവങ്ങളോട് അനുകമ്പ കാണിക്കാനും ആവശ്യമുള്ളവർക്ക് സഹായവും പിന്തുണയും നൽകാനും ജീവിതത്തിന്റെ സങ്കീർണതകളെ ആന്തരിക ജീവിതത്തിന്റെ കരുത്തിൽ മറികടക്കാനും കാതറിനു കഴിഞ്ഞിരുന്നു. ഒരു പുഞ്ചിരിയിലൂടെയും ദയ നിറഞ്ഞ വാക്കിലൂടെയും പരോപകാര പ്രവർത്തികളിലൂടെയും കരുണ നിറഞ്ഞ സമീപനങ്ങളിലൂടെയും ഏകാന്തതയെ ലഘൂകരിക്കാൻ കഴിയുമെന്ന് അവളുടെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നു. ഇത് മറ്റുള്ളവരും ആയുള്ള ബന്ധത്തിൽ ആഴപ്പെടുന്നതിനും സഹായിക്കുന്നു.
ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ
‘ചെറുപുഷ്പം’ എന്ന് നാം സ്നേഹപൂർവം വിശേഷിപ്പിക്കുന്ന ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ ലാളിത്യത്തിന്റേയും ആഴമായ വിശ്വാസത്തിന്റെയും ആൾരൂപമാണ്. ചെറിയ പ്രവർത്തികളിലൂടെ വിശുദ്ധി കണ്ടെത്താനുള്ള ആഹ്വാനം നൽകുന്ന വിശുദ്ധരുടെ ജീവിതം നമ്മുടെ ആന്തരിക ജീവിതത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. വിലമതിക്കപ്പെടാനോ ശ്രേഷ്ഠരാകാനോ നാം വലിയ കാര്യങ്ങൾ ചെയ്യേണ്ടതിൽ നിന്നും ചെറിയ ചെറിയ പ്രവൃത്തികൾ വലിയ വിശ്വസ്തതയോടെ ചെയ്താൽ മതിയെന്നും വിശുദ്ധയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഇത് നേട്ടങ്ങൾ കൈവരിക്കാനുള്ള നമ്മുടെ സമ്മർദ്ദത്തെയും തിടുക്കത്തെയും ലഘൂകരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങളെ വിലയുള്ളതാക്കി മാറ്റുന്ന ലളിതമായ ആത്മീയത പിന്തുടരാനും പുഞ്ചിരിയിലൂടെയും പരസ്നേഹ പ്രവർത്തികളിലൂടെയും വലിയ നിക്ഷേപങ്ങൾ സ്വർഗ്ഗത്തിൽ സൂക്ഷിക്കാനും നമ്മെ പരിശീലിപ്പിക്കുന്ന വിശുദ്ധയുടെ ജീവിതം നമ്മുടെ ഏകാന്തതയെ അതിജീവിക്കാൻ നമ്മെ സഹായിക്കുന്നു.