ആഗമനകാലത്തിൽ പ്രത്യേകം അനുസ്മരിക്കേണ്ട അഞ്ച് വിശുദ്ധർ

ഈശോയുടെ ജനനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ആഗമനകാലം. നമ്മുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് ഉയർത്താനും ക്രിസ്തുമസിനായി ഒരുങ്ങാനും ഈ കാലഘട്ടം നമ്മെ കൂടുതൽ സഹായിക്കുന്നു. ആഗമനകാലത്തിന്റെ ചൈതന്യം കൂടുതൽ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ജ്ഞാനികളും വിശുദ്ധരുമായ അഞ്ചു പേരെ നമുക്ക് പരിചയപ്പെടാം.

1. വി. യൗസേപ്പിതാവ്

ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുമ്പോൾ നാം പ്രത്യേകമായി മാതൃകയാക്കേണ്ട ആദ്യത്തെ വിശുദ്ധൻ ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവാണ്. അദ്ദേഹത്തിന്റെ വിശുദ്ധിയിലും ദൈവത്തിലുള്ള വിശ്വാസത്തിലും പിതൃതുല്യമായ പരിചരണത്തിലും യൗസേപ്പിതാവ് ഓരോ വ്യക്തിക്കും മാതൃകയാണ്.

2. വി. അന്ത്രയോസ്

വി. അന്ത്രയോസ് ധീരനായ ഒരു അപ്പോസ്തലനായിരുന്നു. അദ്ദേഹം ക്രിസ്തുവിനെ അറിയുകയും അനുഗമിക്കുകയും ചെയ്തിരുന്നു. ആഗമനകാലം ആരംഭിക്കുന്നതിന് തൊട്ടുമുൻപായിട്ടാണ് ഈ വിശുദ്ധന്റെ തിരുനാൾ സഭയിൽ ആചരിക്കുന്നത്. നവംബർ 30- നാണ് ഈ അപ്പസ്തോലന്റെ തിരുനാൾ.

3. വി. നിക്കോളാസ്

എല്ലാ മനുഷ്യർക്കും മാതൃകയായ ഉദാരമതിയായ ഒരു വിശുദ്ധനാണ് വി. നിക്കോളാസ്. ക്രിസ്തുമസിന്റെ ചൈതന്യം പങ്കുവയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് ഈ വിശുദ്ധൻ. ഡിസംബർ ആറിനാണ് ഈ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള സാന്താക്ളോസ് എന്ന ആശയം രൂപപ്പെടുന്നത് ഈ വിശുദ്ധനിലൂടെയാണ്.

4. അസീസിയിലെ വി. ഫ്രാൻസിസ്

ക്രിസ്തുവിന്റെ ജനനരംഗം പുനർനിർമ്മിക്കുന്ന രീതി ആദ്യമായി ആരംഭിച്ചത് അസീസിയിലെ വി. ഫ്രാൻസിസാണ്. ഉണ്ണീശോയോടുള്ള വിശുദ്ധന്റെ സ്നേഹം, ആഗമനകാലത്തിൽ അദ്ദേഹത്തിന്റെ മാതൃക പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു.

5. വി. ഫ്രാൻസിസ് സേവ്യർ

ഒരു മഹാ മിഷനറിയായിരുന്നു വി. ഫ്രാൻസിസ് സേവ്യർ. അദ്ദേഹം തന്റെ ജീവിതകാലത്ത് 7,00,000-ത്തിലധികം ആളുകളെ സ്നാനപ്പെടുത്തി. വി. ഫ്രാൻസിസ് സേവ്യർ 46 വയസു വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഡിസംബർ മൂന്നിന് ഈ വിശുദ്ധന്റെ തിരുനാൾ സഭയിൽ ആഘോഷിക്കുന്നു. സുവിശേഷത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ സാക്ഷ്യത്തിൽ, ആഗമനകാലത്തിന്റെ സവിശേഷതയായ ക്രിസ്തുവിനോടുള്ള ഉദാരതയും ഉത്സാഹവും ഉൾക്കൊള്ളുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.