ആധുനിക ലോകത്തിന് വി. ഓസ്കാർ റൊമേരോ നൽകുന്ന അഞ്ച് പാഠങ്ങൾ

1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു. വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം. ഓസ്കാറും സഹോദരങ്ങളും നിലത്താണു കിടന്നുറങ്ങിയിരുന്നത്.

പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയി. പിന്നീട് കുടുംബത്തിന്റെ ഉപജിവനത്തിനായി ജോലി ചെയ്യാൻ ആരംഭിച്ചു. ദൈവവിളി തിരിച്ചറിഞ്ഞ ഓസ്കാർ പതിനാലാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. 1942ൽ ഇരുപത്തിയഞ്ചാം വയസ്സിൽ വൈദീകനായി അഭിഷിക്തനായി.

വലിയ ഒരു വാഗ്മി എന്ന നിലയിൽ പേരെടുത്ത ഓസ്കാറച്ചന്റെ ശബ്ദം എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. 1970 ൽ സാൻ സാൽവദോർ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഓസ്കാറച്ചൻ നാലു വർഷങ്ങൾക്കുശേഷം സാൻറിയാഗോ ദേ മരിയ രൂപതയുടെ മെത്രാനും പിന്നിട് 1977 ൽ സാൻ സാൽവദോർ അതിരൂപതയുടെ അതിരൂപതാധ്യക്ഷനുമായി നിയമിതനായി. എൽ സാൽവദോറിൽ രാഷ്ടിയ അരക്ഷിതാവസ്ഥയും അക്രമണവും കൊടികുത്തി വാണ സമയത്തു ഓസ്കാർ മെത്രാൻ പാവങ്ങളുടെ പടത്തലവനായി. സൈനിക അടിച്ചമർത്തലിനും മനുഷ്യവകാശ ധ്വംസനത്തിനുമെതിരെ അദ്ദേഹം അൾത്താരയിലും തെരുവോരങ്ങളിലും ശബ്ദമുയർത്തി. അതു ഓസ്കാർ മെത്രാന് ധാരാളം ശത്രുക്കളെ സമ്മാനിച്ചു. ക്യാൻസർ രോഗികളുടെ ആശുപത്രി ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. 2018 ഒക്ടോബർ പതിനാലാം തീയതി ആർച്ചുബിഷപ് ഓസ്കാർ റോമാരെയെ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും ഇന്നത്തെ ലോകത്തിനും ഏറെ പ്രസക്തമാണ്. വി. ഓസ്കാർ റൊമേരോ നമ്മെ പഠിപ്പിക്കുന്ന അഞ്ച് പ്രധാന പാഠങ്ങൾ നോക്കാം.

1. എന്തു വിലകൊടുത്താലും സത്യം പറയുക, നീതി പ്രവർത്തിക്കുക

“ദരിദ്രർക്കൊപ്പം ചേരുകയും അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യാത്ത സഭ യഥാർഥ ക്രിസ്തുവിന്റെ സഭയല്ല.”

എൽ സാൽവഡോറിൽ രാഷ്ട്രീയ അക്രമവും അനീതിയും വർധിച്ച കാലഘട്ടത്തിൽ, വി. ഓസ്കാർ റൊമേരോ ദരിദ്രരുടെ ശബ്ദമായാണ് നിലകൊണ്ടത്. നീതിക്കായി സംസാരിച്ചതിനാൽ വധഭീഷണി നേരിടേണ്ടി വന്നെങ്കിലും, സത്യം സംസാരിക്കുന്നത് കാണാതിരിക്കുവാനും അവഗണിക്കാതിരിക്കാനും അദ്ദേഹത്തിന് ആകുമായിരുന്നില്ല. നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. നാം ജീവിക്കുന്ന ലോകത്ത് അനീതിയെ നേരിടാൻ ഭയപ്പെടുന്നവരാണ് കൂടുതലുള്ളത്. ക്രിസ്ത്യാനികൾ എന്ന പേരുപോലും അസൗകര്യങ്ങൾ ഭയന്ന് ചിലപ്പോൾ ഉച്ചരിക്കുന്നില്ല. അത്തരം സ്ഥിതിക്ക് മാറ്റു വരുത്തുവാൻ നാം ശ്രദ്ധിക്കണം.

2. വിശ്വാസം പ്രവർത്തിയിൽ ജീവിച്ചുകാണിക്കുക

“നമ്മൾ പ്രഘോഷിക്കുന്ന വിപ്ലവം വാളിന്റെതല്ല, വിദ്വോഷത്തിന്റെതല്ല. അത് സ്നേഹത്തിന്റെ വിപ്ലവമണ്, സാഹോദര്യത്തിന്റെ വിപ്ലവമാണ്.”

വി. ഓസ്കാർ റൊമേരോയുടെ അഭിപ്രായത്തിൽ വിശ്വാസം പ്രാർഥനയുടെ അകമ്പടിയിൽ മാത്രം ഒതുക്കിനിർത്തരുത്. മറിച്ച്, അതു സാമൂഹിക നീതിയിലും സേവനത്തിലും പ്രതിഫലിക്കണം, പ്രസക്തി വേണം. ഇന്ന്, വിശ്വാസം പലരുടെയും സ്വകാര്യ കാര്യമായി മാറി. പ്രാർഥനയിലും ആരാധനക്രമവിധികളിലുമായി മാത്രം വിശ്വാസം ചുരുങ്ങുമ്പോൾ, സമൂഹത്തിലെ ദരിദ്രരും നീതിയും അവഗണിക്കപ്പെടുന്നു. “എല്ലാം ചെയ്യാനാവില്ലെങ്കിലും, കഴിയുന്നതൊക്കെ നാം ചെയ്യണം; ബാക്കിയുള്ളത് ദൈവം ചെയ്യും” – എന്ന് വി. ഓസ്കാർ റൊമേരോ ഓർമ്മിപ്പിക്കുന്നു.

3. സഹനങ്ങളുടെ പാതയാണെങ്കിലും ഈശോയെ അനുഗമിക്കുക

വി. ഓസ്കാർ റൊമേരോ, തന്നെ കൊല്ലുമെന്ന വിവരം അറിഞ്ഞിട്ടും സത്യവിശ്വാസം നിർഭയമായി തുടരുകയായിരുന്നു. ക്രിസ്ത്യാനികൾ നിന്ദയും ഉപദ്രവവും ഭയന്ന് പലപ്പോഴും തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കുന്നു. ഒരിക്കൽ ഓസ്‌കാർ പിതാവ് ഇപ്രകാരം പറഞ്ഞു “അവർ എന്നെ കൊല്ലുകയാണെങ്കിൽ, ഞാൻ എൽ സാൽവഡോറിലെ ജനങ്ങളിലൂടെ വീണ്ടും ഉയർന്ന് വരും.” സത്യവിശ്വാസികൾ എന്നനിലയിൽ വിശ്വാസത്തിൽ ഉറച്ചുനില്ക്കുക, കുറ്റപ്പെടുത്തലുകൾ ഭയക്കരുത്. സഹനത്തിനും ആത്മീയ ബലത്തിനുമായി ദൈവത്തിൽ അഭയം പ്രാപിക്കുക എന്നും ആ ദൈവമനുഷ്യൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

4. ദരിദ്രരെയും പീഡിതരെയും സംരക്ഷിക്കുക

ഓസ്കാർ റൊമേരോ പിതാവ് ദരിദ്രർക്കുവേണ്ടി മൗനം പാലിച്ചിട്ടില്ല. അദ്ദേഹം അവർക്കായി ജീവിതം സമർപ്പിച്ചു. അവർക്കു വേണ്ടി നിലകൊള്ളുക എന്നത് അദ്ദേഹത്തിന്റെ മഹത്തായ ദൈവവിളിയായിരുന്നു. ആഗോളതലത്തിൽ ദാരിദ്രവും സാമൂഹിക അസമത്വവും ദിനംപ്രതി വർധിക്കുന്ന ഇക്കാലത്ത് “ശബ്ദമുള്ളവർ നിശബ്ദരായവർക്കുവേണ്ടി സംസാരിക്കണം.” എന്ന വന്ദ്യപിതാവിന്റെ വാക്കുകൾ നമുക്കു ഓർമ്മിക്കാം.

5. സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും സമാധാനം സ്ഥാപിക്കുക

“ഹിംസയെ ഹിംസകൊണ്ടല്ല, മറിച്ച് സ്നേഹത്തോടെയും ക്ഷമയോടെയും മറുപടി നൽകുക” എന്ന് ഓസ്കാർ ഓർമ്മിപ്പിച്ചിരുന്നു. വെറുപ്പും ഭിന്നതയും വിഭാഗിയതയും വർധിച്ചുവരുന്ന ലോകത്ത് “സ്നേഹം പ്രസംഗിക്കുന്നത് ഒരിക്കലും നിർത്തരുത്; അതാണ് ലോകത്തെ ജയിക്കാനുള്ള ശക്തി.” എന്നു വി. ഓസ്കാർ റൊമേരോ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.

നമ്മുടെ കാലത്തിനു മഹത്തായ ഒരു പാരമ്പര്യം കൈമാറുന്നതായിരുന്നു ഓസ്കാറിന്റെ ജീവിതം. സത്യത്തിൽ ഉറച്ചുനിൽക്കാനും, ദരിദ്രരെ സംരക്ഷിക്കാനും, വിശ്വാസത്തിൽ പ്രവർത്തിക്കാനും, സമാധാനം നിലനിർത്താനുമായി പാവങ്ങളുടെ പടത്തലവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഈ പാഠങ്ങൾ നടപ്പിലാക്കാൻ നമുക്ക് പരിശ്രമിക്കാം.

വി. ഓസ്കാർ റൊമേരോ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ!

ഫാ. ജെയ്‌സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.