
“മനസ്സറിവോടുകൂടി ഒരു നിസ്സാരപാപം പോലും ചെയ്ത് ദൈവത്തെ വേദനിപ്പിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം” – വി. അൽഫോൻസാമ്മ
പാപങ്ങളോട് ‘നോ’ പറഞ്ഞ് പുണ്യങ്ങളോട് ‘യെസ്’ പറയേണ്ട സമയമാണല്ലോ നോമ്പുകാലം. ഈ വിശുദ്ധ കാലട്ടത്തിൽ നമുക്കു അനുകരിക്കാവുന്ന മഹനീയ മാതൃകയാണ് വി. അൽഫോൻസാമ്മ. മനസ്സറിവോടുകൂടി ഒരു നിസ്സാരപാപം ചെയ്തു ദൈവത്തെ വേദനിപ്പിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടമെന്നു പറഞ്ഞ അവളുടെ ജീവിതമാതൃക നോമ്പുയാത്രയിൽ നമ്മുടെ ജീവിതത്തെ കൃപനിറഞ്ഞതാക്കും.
പാപം മായിച്ചുകളയാനുള്ള പരിശ്രമത്തിൽ പാപം എന്ന വിപത്തിന്റെ ആഴത്തെ പറ്റിയുള്ള ചിന്ത ആധുനികമനുഷ്യനു നഷ്ടപ്പെട്ടുവെന്നും, ദൈവസന്നിധിയിൽ ആയിരിക്കുന്നതിലൂടെ ലഭിക്കുന്ന നന്മയുടെ നല്ല വശങ്ങളെ, മാനുഷിക വ്യക്തിത്വത്തിന്റെ സമ്പൂർണതയെ, മനസാക്ഷിയുടെ തലങ്ങളെ, മനുഷ്യന് നഷ്ടമായിരിക്കുവെന്നും വി. ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ‘അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതെ, അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും നൽകേണമേ’ എന്ന സങ്കീർത്തകന്റെ മനോഭാവം പ്രാർഥനയാക്കണമെന്നും അതുവഴി നഷ്ടമായ ദൈവീക സന്തോഷം നോമ്പുകാലത്തു വീണ്ടെടുക്കണമെന്നും പാപ്പ കൂട്ടിച്ചേർക്കുന്നു.
നോമ്പുകാലത്ത് പാപം ഒഴിവാക്കി ജീവിക്കാൻ വി. അൽഫോൻസാമ്മയുടെ ജീവിതത്തിൽ നിന്നു പഠിക്കാവുന്ന പഞ്ചമാർഗങ്ങൾ
1. ദൈവവുമായുള്ള ബന്ധം ആഴത്തിലാക്കുക
വ്യക്തിപരവും സമൂഹപരവുമായ പ്രാർഥന, ധ്യാനം, തിരുവചന വായന എന്നിവ വഴി ദൈവവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുകയും പാപത്തിനോടുള്ള പ്രലോഭനം ചെറുക്കാൻ കൃപ ലഭിക്കുകയും ചെയ്യും.
2. ആത്മനിയന്ത്രണം അഭ്യസിക്കുക
നോമ്പുകാലത്തെ ഉപവാസവും ത്യാഗവും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ലൗകീകതയിൽ നിന്ന് അകലം പാലിക്കാനുമുള്ള കരുത്ത് നമുക്കു നൽകുന്നു.
3. പാപത്തിലേക്കുള്ള അവസരങ്ങൾ ഒഴിവാക്കുക
പാപത്തിലേക്കു മനസ്സിനെ തിരിക്കുന്ന സാഹചര്യങ്ങൾ, ബന്ധങ്ങൾ, പരിസ്ഥിതികൾ ഇവ ശ്രദ്ധിക്കുക.
4. നിരന്തരം കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക
കൂദാശകളുടെ തുടർച്ചയായ സ്വീകരണത്തിലൂടെ നമ്മുടെ ആത്മാവ് ശുദ്ധീകരിക്കപ്പെടുകയും ദൈവകൃപയാൽ പരിപുഷ്ടമാക്കപ്പെടുകയും ചെയ്യുന്നു.
5. സ്നേഹ ശുശ്രൂഷകളിൽ താൽപര്യപൂർവം പങ്കെടുക്കുക
മറ്റുള്ളവരെ സഹായിക്കുന്നത് നന്മയുടെ പാതയിൽ മുന്നേറാനും സ്വാർഥത കുറയ്ക്കാനും മനുഷ്യനെ സഹായിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs