നോമ്പ് വിചാരങ്ങൾ 47: പെസഹാ ദൈവം കടന്നുവരുന്ന കൂദാശ

സി. റെറ്റി എഫ്. സി. സി.

പെസഹാ എന്ന പദത്തിന് കടന്നുപോകൽ എന്നർഥം മാത്രമാണ് കൽപ്പിച്ചിരുന്നത്. എന്നാൽ പുതിയ നിയമത്തിലേക്ക് വരുമ്പോൾ കടന്നുവരൽ എന്ന അർഥമാണ് കൂടുതൽ അഭികാമ്യം. കാരണം പെസഹാ ദിനത്തിൽ നിത്യജീവന്റെ അപ്പമായി മിശിഹാ, വിശുദ്ധ കുർബാനയിലൂടെ കടന്നു വരുന്നു. കാൽ കഴുകുന്ന വെള്ളത്തിൽ കണ്ണുനീർ കൂടി ചാലിച്ച് ഒറ്റിക്കൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും പാദങ്ങൾ കഴുകിയ ദിനമാണ് പെസഹാ വ്യാഴം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. (യോഹന്നാന്‍ 15 : 13) എന്നുപറഞ്ഞുകൊണ്ട് സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാനും പഠിപ്പിച്ചവയെ പ്രാവർത്തികമാക്കി കാണിക്കാനും ഈശോ തെരഞ്ഞെടുക്കുന്ന ദിനം പെസഹാ വ്യാഴം.

പാനപാത്രം എടുത്ത് കൃതജ്ഞത സ്തോത്രം ചെയ്തു ‘ഇതു വാങ്ങി നിങ്ങൾ പങ്കുവയ്ക്കുവിൻ’ എന്നും, അപ്പം എടുത്ത് കൃതജ്ഞത സ്തോത്രം ചെയ്തു മുറിച്ചുകൊണ്ട് ‘നിങ്ങൾക്ക് വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്’ എന്ന് പറഞ്ഞുകൊണ്ടും’ എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ’ എന്ന് കൽപ്പിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്ഥാപിച്ച ദിനം കൂടിയാണ് പെസഹാ ദിനം. സർവ്വോപരി കൂടെ വസിക്കാൻ കൂട്ടിരിക്കാൻ ആഗ്രഹിച്ച മിശിഹായെ വിശുദ്ധ ബലികളിലൂടെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ പരിശുദ്ധ പൗരോഹിത്യം സ്ഥാപിച്ച അനുഗ്രഹപ്രദമായ ദിനമാണ് പെസഹാ ദിനം. ചുരുക്കത്തിൽ ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം ആണ്ടുവട്ടത്തിലെ ഏറ്റവും അനുഗ്രഹപ്രദമായ ദിനം ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം ഒന്നു മാത്രം, അത് പെസഹാ വ്യാഴം മാത്രമാണ്.

ഈശോ പെസഹാ ദിനത്തിൽ കടന്നുവന്നത് കടന്നു പോകുന്നതിനു വേണ്ടിയല്ല മറിച്ച് കൂടെ വസിക്കുന്നതിനു വേണ്ടിയാണ്. ഒരു ക്രിസ്ത്യാനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ക്രിസ്തുവിന്റെ അനുയായി ആയതുകൊണ്ടാണ്. വെങ്കച്ച അരയിൽ ചുറ്റി ശിഷ്യന്മാരുടെ കാലുകഴുകുന്ന ഈശോയെയാണ് പെസഹാ ദിനത്തിൽ നാം കാണുക. സൃഷ്ടാവ് സൃഷ്ടിയുടെ മുന്നിൽ ചെറുതാകുന്നു. ദൈവം മനുഷ്യന്റെ കാലു കഴുകുന്നു, ഒരു ക്രിസ്ത്യാനിക്ക് മാത്രമേ ഇത് ചെയ്യുവാൻ സാധിക്കുകയുള്ളൂ. സുവിശേഷങ്ങളിൽ പിന്നീട് ഒരിടത്തും നാം കാണുന്നില്ല വെൺ കച്ച അഴിച്ചുമാറ്റിയ ഒരു ക്രിസ്തുവിനെ.

മാമ്മോദിസയിലെ ഒരു ക്രിസ്ത്യാനിയുടെ അരയിൽ വെൺകച്ച ചുറ്റിയാൽ അത് മരണംവരെയും അവന് കൂട്ടായിരിക്കണം, അത് അഴിച്ചുമാറ്റാൻ ഉള്ളതല്ല. ഈ പെസഹാ ദിനത്തിൽ നമ്മുടെയും ജീവിതം മുറിക്കപ്പെടണം മറ്റുള്ളവർക്കായി. ഈ വെങ്കച്ച അരയിൽ ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ കാലു കഴുകുവാനും അപരനുവേണ്ടി മുറിയപ്പെടാനും സാധിക്കുകയുള്ളൂ. പെസഹാ രാത്രി കൃപയുള്ള രാത്രിയാകുന്നത് അധികാരത്തിന്റെ നൈമിഷികതയെ കുറിച്ച് അവൻ പഠിപ്പിച്ചത് കൊണ്ടാണ്. ആ രാത്രിയിൽ അവൻ പ്രവർത്തികമാക്കിയത് അധികാരത്തിന്റെ അടയാളങ്ങൾ ആയിരുന്നില്ല. പിന്നെയോ വിനയത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയുടെയും പുണ്യവഴികൾ ആയിരുന്നു.

സഹോദരന്റെ ഭാഗത്തോളം താഴാതെ അവനെ രക്ഷിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞവൻ തന്റെ ഹൃദയ രക്തം കൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുമ്പോൾ അവൻ പറയുന്നതും പഠിപ്പിക്കുന്നതും രക്ഷയെ കുറിച്ചാണ്. അവന്റെ രക്ഷയെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ വിശുദ്ധ കുർബാനയെ സമീപിക്കുക. കാരണം വിശുദ്ധ കുർബാന കൂദാശകളുടെ കൂദാശയാണ്. എന്റെ അകൃത്യങ്ങൾ കഴുകി കളയുന്ന കൂദാശയാണ്. സ്നേഹിക്കാം, നിത്യസ്നേഹമായ ഈശോയെ. പൂജിക്കാം, കൂടെവസിക്കുന്ന ദൈവത്തെ. ആരാധിക്കാം, ജീവൻ പകുത്തുനൽകി കുർബാനയായവനെ.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.