

ഈശോ നിയമങ്ങളെ അവഗണിക്കുന്നു, സാബത്തു ലംഘിക്കുന്നു. ദൈവാലയത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നു. ആരാധന പൊള്ളത്തരമായി പ്രഖ്യാപിക്കുന്നു. ദൈവാലയം നശിക്കുമെന്നു പ്രവചിക്കുന്നു. അധികാരികളെ ചോദ്യം ചെയ്യുന്നു. ഈശോയ്ക്കെതിരെ കള്ളസാക്ഷികൾ അണിനിരക്കുന്നതും അവരുടെ ഹീനമായ വാക്കുകളും ഇവയൊക്കെയാണ്. ഈശോയ്‌ക്കെതിരെ മൊഴികൊടുക്കുന്നവർ ഈശോ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് വിചാരണവേളയിൽ പറയുന്നത്. അവരുടെ വാക്കുകളെയാണ് അധികാരികൾ ശ്രവിക്കുന്നത്. അപ്രകാരം പറയാനാണ് അവർ അവരെ പ്രോൽസാഹിപ്പിക്കുന്നതും.
ഇന്നത്തെ സമൂഹത്തിലും കുടുംബങ്ങളിലും നുണക്കഥകളിലൂടെ മറ്റുള്ളവരെ പീഡിപ്പിക്കുന്നവർ അനേകരമാണ്. അവർ നിർദോഷികളുടെ വാക്കുകളെ വളച്ചൊടിക്കുന്നു; സന്ദർഭങ്ങളിൽ നിന്നും അടർത്തിമാറ്റി വാക്കുകൾക്കും വാചകങ്ങൾക്കും പുതിയ അർഥതലങ്ങൾ നൽകുന്നു. ചിലപ്പോഴെങ്കിലും അധികാരികൾ അവരെ പ്രോൽസാഹിപ്പിക്കുന്നു. കള്ളസാക്ഷ്യം വിചാരണവേളയിൽ സാക്ഷികൾ പറയുന്ന നുണകൾ മാത്രമല്ല, ജീവിത യാത്രയിൽ നാം അയൽക്കാരനെതിരെ അസത്യമായി പ്രചരിപ്പിക്കുന്ന വസ്തുതകളും അവർക്കെതിരെ പറയുന്ന നുണകളും കള്ളസാക്ഷ്യം തന്നെയാണ്.
കള്ളസാക്ഷ്യം എന്ന ഇത്തിൾകണ്ണി അനേകം നീതിന്മാരുടെ കണ്ണിൽ കണ്ണീരും ജീവിതത്തിന്റെ നിറവും കെടുത്തികളഞ്ഞിട്ടുണ്ട്. സത്യത്തിന്റെ പാതയിലൂടെ നടന്ന് ഈശോയ്ക്കു സാക്ഷ്യം വഹിച്ച് വിശുദ്ധവാരം കൃപനിറഞ്ഞതാക്കാം
സി. റെറ്റി ജോസ് FCC