

ദൈവം മനുഷ്യപുത്രനായത് മനുഷ്യനെ പാപഭാരത്തിൽ നിന്ന് രക്ഷിക്കുന്നതിനു വേണ്ടിയാണ്. സിനഗോഗിൽ വച്ച് ഏശയ്യാ പ്രവാചകന്റെ പുസ്തകം വായിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിച്ചു. ആ ദൗത്യ പൂർത്തീകരണം ഒരു ധീരയോദ്ധാവിനെ പോലെയല്ല മറിച്ച് സ്നേഹത്തിന്റെയും കരുണയുടെയും ഒരു വിപ്ലവത്തിലൂടെയാണ് അവൻ പൂർത്തീകരിച്ചത്. അതിനു അവനു തന്റെ രക്തം തന്നെ വിലയായി കൊടുക്കേണ്ടി വന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത് നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നത്, കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നിൽക്കുന്ന ചെമ്മരിയാടിനെ പോലെയും അവൻ ശാന്തനായി നിന്നു എന്ന്. ഈ വേദനയുടെ പാരമ്യം ഗെത്സെമൻ തോട്ടത്തിൽ നാം കാണുന്നു. അത് ഒരു ശാരീരിക മരണത്തിന്റെയോ ശാരീരിക വേദനയുടെയോ അല്ല. തന്റെ ഉള്ളിൽ നടക്കുന്ന ആന്തരികമായ ഒരു സംഘട്ടനത്തിന്റെ ഫലമായിരുന്നു. തന്റെ പിതാവിന്റെ ഹിതം അനുവർത്തിക്കണമോ വേണ്ടയോ എന്ന ഒരു സംശയം. ഈ സമയം ഈശോയുടെ ആത്മാവിൽ ഒരു ഇരുണ്ട രാത്രി വന്നെങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്നു അവിടുന്നു പ്രാർത്ഥിക്കുന്നു. അവിടെ ഈശോയെ ആശ്വസിപ്പിക്കാനായി ഒരു മാലാഖ വരുന്നു. അതുപൊലെ കുരിശിൻ്റെ വഴിയിൽ ഈശോയെ സഹായിക്കാൻ വന്ന കരങ്ങളുള്ള ഒരു മാലാഖയാണ് ശിമയോൻ.
വേദനകൾ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നു വരുമ്പോൾ അതിൽ നിന്ന് ഓടി മാറേണ്ട കാര്യമില്ല. ദൈവം ആ സമയത്ത് ഒരു മാലാഖയായി ശിമയോനെ നിന്റെ പക്കലേക്ക് അയയ്ക്കും. നിന്റെ വേദനകൾ എടുത്തു മാറ്റി ആയിരിക്കുകയില്ല അവൻ നിന്നെ സഹായിക്കുക. മറിച്ച് ഈശോയുടെ കുരിശിനോട് കൂടെ നിന്റെ വേദനകൾ ചേർത്ത് വയ്ക്കുവാൻ ആയിരിക്കും. അതുകൊണ്ടാണ് അൽഫോൻസാമ്മ പ്രാർഥിച്ചത് ഈശോയെ മറ്റുള്ളവരുടെ വേദനകൾ കൂടി എനിക്ക് തന്നോളൂ അത് സഹിക്കുവാനുള്ള കൃപ കൂടി എനിക്കു തന്നാൽ മതി. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ കുരിശുകൾ ഉണ്ട്. ആ കുരിശുകൾ ചുമന്നുകൊണ്ട് ഈശോയുടെ പിന്നാലെ നടന്നു നീങ്ങണം. നമുക്കു താങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അവൻ ശിമയോൻമാരെ നമ്മുടെ പക്കലേക്ക് അയക്കും. നമ്മുടെ വേദനകൾ മാനുഷികമായി നേരിടാൻ നോക്കുന്നു അപ്പോൾ നാം പരാജയപ്പെടുന്നു. പക്ഷേ നമ്മൾ തോറ്റു പോകുന്നിടത്ത് ഈശോയുടെ തോൾ തേടിയെത്തുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ക്ഷമയോടെ മുന്നേറാൻ സാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതിസന്ധികളിൽ, വേദനകളിൽ, കുരിശു ചുമന്നു കൊണ്ടുള്ള യാത്രയിൽ, ശിമയോൻ ആകാൻ ഞാൻ തയ്യാറാകാറുണ്ടോ? ആത്മവിമർശനത്തിന്റേതാകട്ടെ ഈ നോമ്പു ദിനങ്ങൾ.
സി. റെറ്റി ജോസ് FCC