നോമ്പ് വിചാരങ്ങൾ 39: ഈശോയുടെ സ്നേഹിതയായ വെറോനിക്കാ

സി. റെറ്റി എഫ്. സി. സി.

കുരിശിന്റെ വഴിയിൽ ആറാം സ്ഥലത്തു നാം കണ്ടുമുട്ടുന്ന വെറോനിക്ക എന്ന സ്ത്രീയാണ് നോമ്പുയാത്രയിൽ ഇന്നത്തെ നമ്മുടെവഴികാട്ടി. ഹൃദയം തൊട്ട സ്നേഹത്തിന് മാത്രമേ വിദ്വേഷത്തിന്റെയും അനീതിയുടെയും വലയങ്ങൾ വിച്ഛേദിക്കുവാൻ സാധിക്കുകയുള്ളൂ. ഈശോയുടെ കാലത്ത് സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുവാനോ സേവനങ്ങൾ ചെയ്യുവാനോ കഴിയുകയില്ലായിരുന്നു. അവർ പൊതുസമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടവരായിരുന്നു. ഇങ്ങനെയുള്ള ഒരു അവസരത്തിലാണ് എല്ലാവരും തടിച്ചുകൂടി നിൽക്കുമ്പോൾ വേറൊനിക്ക കുരിശുയാത്രയിൽ എല്ലാ വലയങ്ങളും തകർത്ത് ഈശോയുടെ തിരുമുഖം തുടയ്ക്കുന്നത്. ഈശോയോടുള്ള സ്നേഹം ഒന്നുമാത്രമാണ് ഭയവും ഭീതിയും നിറഞ്ഞ കുരിശിന്റെ വഴിയിൽ ഈശോയ്ക്ക് സ്വാന്ത്വനമേകാൻ വെറോനിക്കയ്ക്കു സാധിച്ചത്. “സ്നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ പൂര്‍ണനായിട്ടില്ല. (1യോഹ 4 : 18)

വെറോനിക്കാ എന്ന പേരിന്റെ അർഥം യഥാർഥ പ്രതിച്ഛായ എന്നത്രേ. ഈശോയുടെ സ്നേഹം തിരിച്ചറിഞ്ഞ അവൾക്ക് ഈശോ മുഴുവനായി നൽകുന്നു. ഈശോയുടെ സ്നേഹത്തിന്റെ പ്രതിച്ഛായ ഹൃദയത്തിലും തൂവാലയിലും സ്വന്തമാക്കിയവളാണ് അവൾ. ഹൃദയത്തിലെ പ്രതിച്ഛായ അവളുടെ ആത്മീയ ജീവിതത്തിനു കരുത്തു നൽകിയെങ്കിൽ തൂവാലയിൽ പതിഞ്ഞ ഈശോയുടെ മുഖം അനേകർക്കു ആശ്വാസം പകരുന്ന അഭിഷേകമായി മാറി. ചെറിയ പ്രവർത്തിക്ക് വലിയ പ്രതിഫലം നൽകുന്ന ഈശോ. എത്ര നിസ്സാരമായ പ്രവർത്തികളായാലും അസാധാരണമായ സ്നേഹത്തോടുകൂടി ചെയ്യുക എന്ന വിശുദ്ധ മദർ തെരേസായുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

വിധവയായ ഒരു സ്ത്രീ തനിക്കുള്ളത് മുഴുവൻ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് കണ്ട് ഈശോ പറഞ്ഞു. ഈ വിധവ മറ്റെല്ലാവരെയും കാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു. എത്ര കൊടുക്കുന്നു, എന്തു കൊടുക്കുന്നു എന്നുള്ളതല്ല എങ്ങനെ കൊടുക്കുന്നു എന്നുള്ളതാണ് പ്രധാനം. മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്ന ഓരോ വ്യക്തി‌യും ആ വേദനയിൽ ഈശോയുടെ വേദന അനുഭവിക്കുകയും അവർക്കു സ്വാന്ത്വനമാവുകയും ചെയ്യുന്നു.

വേദനിക്കുന്ന മനുഷ്യന്റെ ചാരേ അണഞ്ഞ് അവനെ/അവളെ തലോടുമ്പോൾ, കേൾക്കാനായി കാതുകൾ നൽകുമ്പോൾ അതൊരു ഒപ്പിയെടുക്കലുകളാണ്, സൗഖ്യം പകരുന്ന ഒപ്പിയെടുക്കലുകൾ. അതിനു പ്രത്യേകമായ ഒരു സുഗന്ധം ഉണ്ട്. സ്വർഗീയ സൗരഭ്യം ഉണ്ട്. അതുകൊണ്ടാണ് മദർ തെരേസ പറയുന്നത്, നിങ്ങൾ എനിക്ക് എത്രമാത്രം പൈസ തന്നാലും ഞാൻ ചെയ്യുന്നത് ചെയ്യാൻ നിങ്ങൾക്കു സാധിക്കുകയില്ല. കാരണം വേദനിക്കുന്നവരിൽ ഞാൻ ഈശോയുടെ മുഖം കാണുന്നു. വിശക്കുന്നവരിൽ ഞാൻ ഈശോയെ കാണുന്നു. രോഗിയിൽ ഈശോയെ ദർശിക്കുന്നു.

എന്റെ കുടുംബത്തിൽ, സമൂഹത്തിൽ, കർമ്മമണ്ഡലത്തിൽ സ്നേഹം മാത്രം നിറഞ്ഞ ഒരു വെറോനിക്കാ ആകാൻ എനിക്ക് സാധിക്കുന്നുണ്ടോ? ആത്മപരിശോധനയുടെയും ആത്മവിമർശനത്തിന്റെയും നാളുകൾ ആകട്ടെ വിശുദ്ധമായ നോമ്പുദിനങ്ങൾ.

സി. റെറ്റി ജോസ് FCC

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.