നോമ്പ് വിചാരങ്ങൾ 36: കുരിശിനെ പ്രണയിക്കാം, രക്ഷയുടെ സുവിശേഷം സ്വന്തമാക്കാം

സി. റെറ്റി എഫ്. സി. സി.

ഇരുളു പടർത്തുന്ന ആയുധമാണ് പലർക്കും കുരിശ്. പലർക്കും ഒരു അവജ്ഞയോടെ അടയാളമാണ്. പേർഷ്യൻ സംസ്കാരത്തിൽ കുരിശ് പാപികൾക്ക് നൽകുന്ന വിധി പുസ്തകമായാണ് ആലേഖനം ചെയ്തിട്ടുള്ളത്. ശരീരത്തിലെ മുഴുവൻ രക്തവും ചോർത്തി കളയാൻ കുരിശിനോളം സഹായകരമായ മറ്റ് ആയുധം വേറെയില്ല. ഒന്ന് സമാധാനത്തോടെ ശ്വസിക്കാൻ പോലും അനുവദിക്കാത്ത കുരിശിനെ കുറിച്ചുള്ള ഓർമ്മകൾ പോലും ഒരുവനെ അസ്വസ്ഥനാക്കും തീർച്ച.

കുരിശിൽ തറക്കപ്പെടുന്നത് ശാപമായാണ് ഗണിച്ചിരുന്നത്. റോമൻ ഭരണകൂടത്തെ എതിർക്കുന്നവർക്ക് ലഭിച്ചിരുന്ന പരമാവധി ശിക്ഷയാണ് കുരിശിലേറ്റുക എന്നത്. യഹൂദർക്ക് ഇടർച്ചയും വിജാതിയർക്ക് ഭോഷത്തത്തിന്റെ അടയാളവും ആണ് കുരിശ് എന്നു വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു. ഇത്രയും നികൃഷ്ടവും പീഡിതന്റെ വിലാപവുമായ കുരിശിന് പുതിയ മാനങ്ങൾ നൽകി എന്നതാണ് ക്രിസ്തുവിന്റെ അനന്യത.

കുരിശ് വെറുക്കപ്പെടുന്നവന്റെ വിങ്ങൽ അല്ല മറിച്ച് വേദനിക്കുന്നവന്റെ ആശ്വാസമാണെന്ന് ക്രിസ്തു കുരിശിലൂടെ തെളിയിച്ചു. ആരെല്ലാം കുരിശിനെ പ്രണയിക്കുന്നുവോ അവർക്കെല്ലാം രക്ഷയുടെ സുവിശേഷം സ്വന്തമാക്കാം എന്ന് ക്രിസ്തു കാൽവരിയാഗത്തിലൂടെ പഠിപ്പിച്ചു. കുരിശിനെ പ്രണയിക്കുന്നവർക്ക് പാപാന്ധകാരത്തിൽ നിന്നും പിശാചിന്റെ കുടിലതന്ത്രങ്ങളിൽ നിന്നും രക്ഷനേടാം എന്ന ദൈവശാസ്ത്രതലം ക്രിസ്തു കുരിശിലൂടെ അനാവരണം ചെയ്തു.

ഒന്നോർത്താൽ എല്ലാവരുടെയും ജീവിത വഴികളിൽ ഭിന്നമായ കുരിശുകൾ തെളിഞ്ഞും ഒളിഞ്ഞുമെല്ലാം നിൽക്കുന്നുണ്ട്. കാസൻദസാക്കിസ് പറയുന്നതുപോലെ ഓരോ തളിരിലയിലും ചില കുരിശുകൾ അമർന്നിരിക്കുന്നു ഉണ്ടെന്നത് വാസ്തവം തന്നെ. എന്നാൽ അമർന്നിരിക്കുന്ന കുരിശുകളെ വിളിച്ചുണർത്തുകയും ആ കുരിശിൽ മുത്തമിട്ട് മയങ്ങുകയും ചെയ്യുന്നവർക്ക് മാത്രമാണ് സ്വർഗ്ഗ ഭാഗ്യത്തിന്റെ സാഫല്യം ആസ്വദിക്കാനാവു.

ചോരയിൽ കുളിച്ചു നിൽക്കുന്ന ക്രൂശിതൻ എന്റെയും നിന്റെയും കാതിൽ മന്ത്രിക്കുന്നുണ്ട് എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ. ഈ കുരിശിനെ ചുംബിക്കുകയും പ്രണയിക്കുകയും ചെയ്യുന്നവരാണ് വിശുദ്ധരായി മാറുക

സി. റെറ്റി ജോസ് Fcc

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.