നോമ്പ് വിചാരങ്ങൾ 34: പടിപടിയായി സംഭവിക്കുന്ന തള്ളിപ്പറച്ചിലുകൾ

സി. റെറ്റി എഫ്. സി. സി.

ഈശോ പത്രോസിനോട് മുൻകൂട്ടി പറഞ്ഞു: “സത്യമായും ഞാൻ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിക്കും” (മത്താ.26,34). ഈശോയുടെ പീഡാനുഭവും മരണവും പത്രോസിന് സങ്കൽപിക്കാനാവുന്നതിന് അതീതമായിരുന്നു. അപ്രകാരമെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈശോയൊടൊപ്പം നിൽക്കാൻ തനിക്കു കഴിയുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മവിശ്വാസത്തേക്കാൾ അമിതാവേശമായിരുന്നു. പ്രധാനാചാര്യന്റെ വീട്ടിൽ വച്ച് ഈശോയെ വിചാരണ ചെയ്യപ്പെട്ടപ്പോൾ പത്രോസ് മൂന്നു പ്രാവശ്യം യേശുവിനെ നിഷേധിച്ചതായി എല്ലാ സുവിശേഷകരും രേഖപ്പെടുത്തുന്നുണ്ട്. (മത്ത.26,69-75 മാർക്കോ. 14,66-72; ലൂക്ക 22,54-62; യോഹ. 18, 15-18).

പ്രധാനാചാര്യന്റെ വീട്ടിൽ ഒന്നിച്ചുകൂടിയിരുന്ന ന്യായാധിപസംഘത്തിലെയോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രമുഖവ്യക്തിയൊ അല്ല, പത്രോസിനെ ഈശോയോടുകൂടെ ഉള്ളവനായി ചൂണ്ടിക്കാണിക്കുന്നത്. തികച്ചും നിസ്സാരരായ കാഴ്‌ചക്കാരും അവിടുത്തെ ജോലിക്കാരുമാണ്. അവർ പറയുന്നതോ വളരെ നിസ്സാര കാര്യങ്ങളുമാണ്. അവനെ ഈശോയോടുകൂടി കണ്ടിട്ടുണ്ട്. ഈശോയെപ്പോലെ ഗലീലിക്കാരനാണ് എന്നിവയാണ്. പക്ഷേ പത്രോസിന്റെ പ്രതികരണം തികച്ചും ഭയചകിതനായ ഒരു മനുഷ്യന്റേതാണ്.

പരിചാരികയുടെ അദ്യ ചോദ്യത്തിൽ പത്രോസ് നിഷേധിച്ചു പറയുന്നതിതാണ്. “നീ പറയുന്നതെന്താണെന്നു ഞാൻ അറിയുന്നില്ല” പരിചാരികയാകട്ടെ ചോദിക്കുന്നതിതു മാത്രമാണ്: “നീയും ആ ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നല്ലോ” എന്നാണ്. പത്രോസ് ഈയവസരത്തിൽ തികച്ചും അജ്ഞത നടിക്കുകയാണ്. മറ്റൊരർത്ഥത്തിൽ പരിചാരികയുടെ ചോദ്യംപോലും മനസ്സിലാകാത്ത കോമാളി ചമയുകയാണ് പത്രോസ്.

രണ്ടാമത്തെ തവണ പത്രോസിന്റെ നിഷേധം അല്പ‌ം കൂടി ശക്തമാണ്. എന്തെന്നാൽ വീണ്ടും പരിചാരിക അവനെ കുടുക്കുവാൻ എല്ലാവരുടെ മുമ്പിലും പ്രസ്‌താവിക്കുന്നു; “ഈ മനുഷ്യനും നസറായനായ ഈശോയോടുകൂടിയായിരുന്നു” ആരോപണം കൂടുതൽ സ്പഷ്ടമാണ്. ഈശോ വെറും ഗലീലിക്കാരനല്ല, നസറായാനാണ്. ഒരു പ്രത്യേക സ്ഥലത്തുള്ളവനാണ്. അതിനാൽ പത്രോസ് പ്രതികരിക്കുന്നത് ആണയിട്ടുകൊണ്ടാണ്. സത്യത്തെ ഉറപ്പിച്ചു പറയാനും അസത്യത്തെ നിഷേധിക്കാനും യഹൂദർ ആണയിടുമായിരുന്നു. (സങ്കീ. 137,5-6)

മൂന്നാമത്തെ നിഷേധം പത്രോസിന്റെ ഭയത്തിൻ്റെ പൂർണ്ണരൂപം പുറത്തുകൊണ്ടു വരുന്നു. “അവൻ ശപിക്കാനും ആണയിടാനും തുടങ്ങി” ഈശോയെ വിളിക്കുന്നത് “ആ മനുഷ്യനെന്നാണ്” ഒരിക്കലും ഒരിടത്തും കാണാത്ത വ്യക്തിയായിട്ടാണ് പത്രോസ് ഈശോയെപ്പറ്റി പറയുന്നത്. ശപിക്കുകയെന്നാൽ തന്റെ അസ്വസ്ഥതയെയും അതിനു കാരണഭൂതനായവനെയും ശക്തമായി നിരാകരിക്കുക എന്നാണർത്ഥം (ജറമി 15,10).

നിർണ്ണായക നിമിഷങ്ങളിൽ ഗുരുവിനെ നിഷേധിക്കുന്ന പത്രോസ് ഒരു സഹതാപ കഥാപാത്രമാണ്. സാധാരണ മനുഷ്യന്റെ ദൗർബല്യവും ബലഹീനതയും അതുപോലെ തന്നെ അവന്റെ ആദർശങ്ങളും ആഗ്രഹങ്ങളും പത്രോസിൽ ഒരുമിച്ചു ചേരുന്നു. തീക്ഷ്‌ണതയുടെയും ഉൽസാഹത്തിന്റെയും നിമിഷങ്ങളിൽ ആദർശങ്ങളുടെ വേലിയേറ്റമുണ്ടാകുന്നുവെങ്കിൽ അതിനടുത്ത നിമിഷങ്ങളിൽ തന്നെ ഭയപ്പാടിന്റെയും അരക്ഷിതാവസ്ഥയുടെയും സ്ഥിതിയിലേയ്ക്കു വീണുപോകുന്നു. ഉയർച്ചയും താഴ്ചയും വിജയവും പരാജയവും വ്യക്തിജീവിതത്തിൽ നിരന്തരം നാം അനുഭവിക്കുന്നു. അതിനാൽ പത്രോസിന്റെ വീഴ്‌ചയും നിഷേധവും എല്ലാ സാധാരണ മനുഷ്യരുടെയും അനുഭവമാണ്.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.