നോമ്പ് വിചാരങ്ങൾ 28: നല്ലകള്ളൻ – പറുദീസാ കവർന്ന വിശുദ്ധ പാപി

സി. റെറ്റി എഫ്. സി. സി.

ഈശോ അവനോട് അരുളിച്ചെയ്തു: “സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും” (ലൂക്കാ.23:43)

ഈ വാക്കുകളാൽ നല്ല കള്ളൻ ഈശോയെ കർത്താവായും സ്വർഗ്ഗീയ രാജാവായും അംഗീകരിക്കുന്നു. ഈശോ അന്നു തന്നെ അവനു പറുദീസായുടെ വാതിൽ തുറന്നുകൊടുക്കുന്നു: “സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടി പറുദീസായിൽ ആയിരിക്കും. ഈ വാഗ്ദാനമനുസരിച്ച് ഈശോ മരണാനന്തരം ഈ ‘നല്ല കള്ളനു’ പ്രത്യക്ഷപ്പെട്ടതായി ഒരു വിശ്വാസം നിലവിലുണ്ട്.

ചാർസിലെ ആർനോൾഡ്, നല്ല കള്ളൻ കുരിശിൽ മരണസമയത്ത് എല്ലാ പുണ്യങ്ങളും അഭ്യസിച്ചതായി രേഖപ്പെടുത്തുന്നു: “അവൻ വിശ്വസിച്ചു, അവൻ പശ്ചാത്തപിച്ചു, അവൻ ഏറ്റുപറഞ്ഞു, അവൻ പ്രസംഗിച്ചു. അവൻ സ്നേഹിച്ചു, അവൻ ആശ്രയിച്ചു, അവൻ പ്രാർത്ഥിച്ചു.”

വിശുദ്ധ അത്തനേഷ്യസ് ആശ്ചര്യത്തോടെ പറഞ്ഞു: “ഓ അനുഗ്രഹിക്കപ്പെട്ട തസ്കരാ, ആ പശ്ചാത്താപം കൊണ്ട് ദൈവരാജ്യം കൂടി നീ മോഷ്ടിച്ചിരിക്കുന്നു”

വിശുദ്ധനായ ഈ അനുതാപി കുരിശിൽ കിടന്നുകൊണ്ട് ഇതര പുണ്യങ്ങളും അഭ്യസിച്ചു. ഈശോയുടെ നിരപരാധിത്വം പ്രഘോഷിച്ചു. ഈ മനുഷ്യൻ ഒരു കുറ്റവും ചെയ്‌തിട്ടില്ല. നമ്മുടെ പ്രവൃത്തികൾക്കുള്ള അർഹിക്കുന്ന ശിക്ഷയാണിതെന്നു പറഞ്ഞ് ദൈവേഷ്ടത്തിന് കീഴടങ്ങി മരിക്കുമ്പോൾ അവൻ എല്ലാം സമർപ്പിച്ച് സ്നേഹിക്കുകയായിരുന്നു.

“നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ” (ലൂക്കാ 23: 42) എന്ന നല്ല കള്ളന്റെ അപേക്ഷ അവൻ ഈശോയെ രാജാവായി അംഗീകരിച്ചു ഏറ്റുപറയുന്നതിന്റെ ഉത്തമ തെളിവാണ്. ഈശോയെ നമ്മുടെ രാജാവായി സ്വകാര്യമായിട്ടെങ്കിലും നാം അംഗീകരിക്കുന്നുണ്ടോ? പരസ്യമായി നാം അത് കൂടുതൽ ധൈര്യത്തോടെ ഏറ്റുപറയാറുണ്ടോ? ലോകത്തിൽ സന്തോഷിക്കാൻ ഈശോ നമുക്ക് വളരെയധികം നൽകിയിട്ടുണ്ട്. നമ്മുടെ സന്തോഷങ്ങളിൽ ഈശോ നമ്മോട് സംസാരിക്കുകയും നമ്മുടെ വേദനകളിൽ അവൻ നമ്മോട് നിലവിളിക്കുകയും ചെയ്യുന്നുവെന്ന് സി.എസ്. ലൂയിസിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. നമ്മുടെ പ്രവൃത്തികൾ പറുദീസാ എന്ന യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതും സ്നേഹവും ക്ഷമയും വിതയ്ക്കുന്നതും ആവണം

നമുക്കു പ്രാർത്ഥിക്കാം

“പിതാവേ, അങ്ങയുടെ പുത്രൻ ഒരിക്കൽ പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്ത സ്നേഹത്തിന്റെയും ക്ഷമയുടെയും ജീവിതശൈലി, എന്റെ ഏറ്റവും ചെറിയ വഴികളിൽ പോലും, പ്രതിഫലിപ്പിക്കുവാനും അവസാനം നിന്റെ പറുദീസാ സ്വന്തമാക്കാനും ഞങ്ങളെ പരിശീലിപ്പിക്കണമേ.” ആമ്മേൻ.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.