നോമ്പ് വിചാരങ്ങൾ 26: സഹനം നൽകുന്ന അഞ്ച് ആനുകൂല്യങ്ങളെക്കുറിച്ച് വി. യോഹന്നാൻ

സി. റെറ്റി എഫ്. സി. സി.

ഈശോ സ്നേഹിച്ച ശിഷ്യൻ എന്നാണ് യോഹന്നാനെ കുറിച്ച് പറയപ്പെടുന്നത്. ഈശോ പ്രവർത്തിച്ച അദ്ഭുതങ്ങൾക്കും അടയാളങ്ങൾക്കും എല്ലാം ശ്ലീഹാ സാക്ഷിയായിട്ടുണ്ട്. ഈശോയുടെ ജീവിത വഴികളെയെല്ലാം ശ്രദ്ധാപൂർവം അനുധാവനം ചെയ്ത ശിഷ്യനാണ് യോഹന്നാൻ. ഇത്രയൊക്കെ ഗുണങ്ങൾ ശ്ലീഹായ്ക്ക് ഉണ്ടായിരുന്നിട്ടും കിട്ടാതിരുന്ന പല സ്വർഗീയ സൗഭാഗ്യങ്ങളും വെളിപ്പെടുത്തലുകളും ശ്ലീഹായ്ക്ക് ലഭിക്കുന്നത് സഹനങ്ങളിൽ ഈശോയൊടൊപ്പം പങ്കാളിയായപ്പോഴാണ്.

ഈശോയുടെ മരണശേഷം ഒത്തിരി സഹനങ്ങൾ എല്ലാ ശിഷ്യർക്കും ഏൽക്കേണ്ടിവന്നു. ഒരുപക്ഷേ ഏറ്റവും അധികം സഹനങ്ങളിലൂടെ കടന്നുപോയ ശിഷ്യൻ യോഹന്നാൻ തന്നെയാവാനാണ് സാധ്യത. റോമാക്കാർ തടവുകാരെ നാടുകടത്തുന്ന ദ്വീപുകളിൽ ഒന്നാണ് പാത്മോസ്. ഈ ദ്വീപ് ഒട്ടും ഫലപുഷ്ടമായിരുന്നില്ല ജീവന്റെ പച്ചപ്പ് ഒരു തരിപോലും അവിടെ നിലനിന്നിരുന്നില്ല. ഈ ദ്വീപിലേക്കാണ് യോഹന്നാൻ ശ്ലീഹാ നാടുകടത്തപ്പെട്ടത്. ഇവിടെവെച്ച് വൃദ്ധനായ യോഹന്നാൻ അടിമകളോടൊപ്പം ഗുഹയിൽ അടയ്ക്കപ്പെട്ടപ്പോൾ സ്വാഭാവികമായും തകരേണ്ടതായിരുന്നു. എന്നിട്ടും സഹനഗുഹയിൽ സ്നേഹിതനായ ഈശോയോടൊപ്പം ചേർന്നിരുന്നപ്പോൾ യോഹന്നാൻ പ്രകാശിതനാവുകയായിരുന്നു. സ്നേഹത്തിന്റെയും സഹനത്തിന്റെയും അപ്പസ്തോലനായ യോഹന്നാൻ സഹിക്കുമ്പോൾ ലഭിക്കുന്ന അഞ്ചു ആനുകൂല്യങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നു.

1. സഹനം ഒരു ശുദ്ധീകരണ പ്രക്രിയയാണ്

സഹനം വഴി ഒരുവൻ അടിമുടി ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. ഇന്നോളം ചെയ്ത പാപങ്ങളും മാലിന്യങ്ങളും എല്ലാം മാറി താൻ വിശുദ്ധീകരിക്കപ്പെട്ടത് സഹനങ്ങളുടെ പാത്മോസ് ദ്വീപിൽ അന്തിയുറങ്ങിയത് കൊണ്ടാണെന്ന് ശ്ലീഹാ സമ്മതിക്കുന്നുണ്ട്.

2. സഹനം അതിജീവനത്തിനു പ്രാപ്തനാക്കുന്നു

തങ്ങളുടെ ഗുരുവും നാഥനുമായ ഈശോ മരിച്ചെന്നറിഞ്ഞപ്പോൾ പഴയ തൊഴിലിലേക്ക് പോയ ശിഷ്യരാണ് എല്ലാവരും. ജീവിക്കാൻ മറന്നുപോയ പട്ടിണി പാവങ്ങൾ. എന്നാൽ അതിനുശേഷം സഹനങ്ങളിലൂടെ കടന്നുപോയപ്പോൾ അവർ മറ്റുള്ളവർക്ക് അതിജീവന മന്ത്രം പകരുന്നവരായി മാറി എന്നാണ് തിരുലഖിതം. പാത്മോസ് ദ്വീപിൽ അനേകായിരങ്ങൾ ബലമില്ലാതെ തളർന്നുവീണപ്പോഴും സഹനങ്ങൾ ഏറ്റെടുത്ത യോഹന്നാൻ ഉയർന്നുനിൽക്കുക തന്നെ ചെയ്തു. ഒരു കാറ്റും ആ നന്മ മരത്തെ ആട്ടി ഉലച്ചില്ല. ഒരു പ്രളയവും അവനെ മുക്കി കൊന്നില്ല. ഒരു കൊടിമരം കണക്കെ സഹനങ്ങളിൽ യോഹന്നാൻ തലയുയർത്തി നിന്നു. അതെ സഹനങ്ങൾ ജീവിതപ്രശ്‌നങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം

3. സഹനം നാളെകുറിച്ചുള്ള വെളിപ്പെടുത്തലുകൾ നൽകുന്നു

ഇന്നലെവരെ ഒരു സ്വപ്നം കാണാത്ത യോഹന്നാനാണ് സഹിക്കാൻ തുടങ്ങിയപ്പോൾ സ്വർഗം തുറക്കപ്പെടുന്നതും അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം ഒരു കണ്ണാടിക്കാഴ്ചയിലൂടെ എന്നവണ്ണം കാണുന്നതും. സഹനങ്ങളുടെ പുഴ നീന്തി കടന്നപ്പോൾ പുതിയ കാഴ്ചകളും പുതിയ കേൾവികളും ലഭിക്കുന്നു. വെളിപാട് ഗ്രന്ഥം രചിക്കാനുള്ള മുഴുവൻ ദർശനവും സൃഷ്ടിച്ചത് സഹനസഞ്ചാരത്തിലൂടെ ആയിരുന്നു.

4. സഹനം ഒരുവനെ ആഴമായ സ്നേഹാവബോധത്തിലേക്ക് ഉണർത്തുന്നു

സഹനങ്ങൾ ദൈവപിതാവിന്റെ സ്നേഹചുംബനങ്ങളാണെന്ന അവബോധം സ്നേഹത്തിന്റെ അപ്പസ്തോലനായ യോഹന്നാന് ഉണ്ടായിരുന്നു. സഹനങ്ങളിലാണ് സ്നേഹത്തിന്റെ മനോഹാരിത ഏറ്റവും നല്ലതുപോലെ ദൃശ്യമാകുന്നത്. പാത്മോസിന്റെ ഇരുണ്ട സഹനങ്ങളിൽ സ്നേഹം ഹൃദയത്തിൽ ജ്വലിച്ചുനിന്നപ്പോൾ യോഹന്നാൻ എഴുതി “കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. (1 യോഹന്നാന്‍ 3: 1) സഹനത്തെ സ്നേഹവുമായി ബന്ധിപ്പിച്ച ശ്ലീഹായെ കുറിച്ചുള്ള പഠനങ്ങൾ ഗഹനവും ചിന്തകൾ ഉയർന്നതും ആണെന്ന് കാണിക്കുന്ന കഴുകന്റെ ചിത്രം സഭ വരച്ചു ചേർത്തത്.

5. സഹനം തിരിച്ചറിവുകൾ നൽകുന്നു

താൻ അനുഭവിക്കുന്ന കാരാഗൃഹവാസവും സഭ നേരിടുന്ന പീഡനങ്ങളും പുതുയുഗപ്പിറവിക്കുവേണ്ടിയുള്ള ഈറ്റുനോവാണെന്ന് തിരിച്ചറിവ് യോഹന്നാൻ സ്വന്തമാക്കിയത് കഠിന സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയപ്പോഴാണ്. സഹനം വഴി യോഹന്നാന് ലഭിച്ച അനുഗ്രഹങ്ങൾ ധ്യാനിച്ച് സഹനങ്ങൾ നെഞ്ചോട് ചേർത്തുവയ്ക്കാനും ജീവിതം പ്രകാശിപ്പിക്കാനും നോമ്പിന്റെ സ്നേഹ ദിനങ്ങളിൽ നമുക്ക് പരിശ്രമിക്കാം. ഓർക്കുക, സ്നേഹത്തിന്റെ നീലജലാശയത്തിൽ സഹനത്തിന്റെ ചുവന്ന നെരിപ്പോടുകൾ സ്നേഹ ചുംബനങ്ങളായി ഉണർന്ന് എഴുന്നേൽക്കും.

സി. റെറ്റി ജോസ് FCC

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.