

നീ ആദ്യം നിയന്ത്രിക്കേണ്ടത് നിന്നെയാണ്. മറ്റുള്ളവർ അല്ല നിനക്കുവേണ്ടി അതിർവരമ്പുകൾ തീർക്കേണ്ടത്. അതറിയാൻ നീ വൈകരുത്. ആത്മനിയന്ത്രണത്തിന്റെ പടവുകളിൽ ഇരുന്നാണ് ക്രിസ്തു തന്റെ കേൾവിക്കാരോട് സംസാരിച്ചിരുന്നത്. മരുഭൂമിയിൽ ഇരുന്ന് ക്രിസ്തു നാൽപത്തിയൊന്ന് ദിനരാത്രങ്ങളുടെ ചൂടും തണുപ്പും ഒരുപോലെ അനുഭവിച്ചത് ആത്മനിയന്ത്രണം അഭ്യസിക്കാൻ വേണ്ടിയായിരുന്നു. ഈ അഭ്യസനം പൂർത്തിയായതിനുശേഷം മാത്രമാണ് അവൻ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
അതിവൈകാരികതയുടെ മണലിൽ കാൽതട്ടി വീഴാതിരിക്കാൻ ക്രിസ്തു കണ്ടെത്തിയ നടപ്പാതയാണ് ആത്മനിയന്ത്രണം. നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത് എന്ന് തന്നെ പിടികൂടാൻ വന്നവരോട് പോലും ക്രിസ്തു എത്ര സൗമ്യമായാണ് ചോദിക്കുന്നത്. വാൾ ഉറയിലിടാൻ തന്റെ സ്നേഹിതനായ പത്രോസിനോട് ക്രിസ്തു ആവശ്യപ്പെടുമ്പോൾ അത് വെറുമൊരു വൈകാരിക പ്രവർത്തനം ആയതുകൊണ്ട് മാത്രമല്ല അങ്ങനെ ക്രിസ്തു പെരുമാറുന്നത്. പിന്നെയോ തന്റെ ശിഷ്യർ ആത്മനിയന്ത്രണം അഭ്യസിക്കാൻ വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു.
ആത്മനിയന്ത്രണം നശിക്കുമ്പോഴാണ് അപകടങ്ങളുടെ കാറ്റ് വീശുന്നത്. ഒരു ദുരന്തവും ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല, നിയന്ത്രിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങൾ വഴി സംഭവിച്ച പാകപ്പിഴകളാണധികവും. ദൈവസ്വരം നിഷേധിച്ച നേരങ്ങളിലെല്ലാം ഫറാവോയുടെ ജീവിതം തകർന്നു തരിപ്പണമാകുന്നത് നമുക്ക് കാണാം. തന്റെ ഹൃദയം അറിഞ്ഞ പത്നിയും താൻ ജന്മം കൊടുത്ത മകനും കൺമുമ്പിൽ വച്ച് മരണപ്പെടുന്നത് ഫറവോ തന്നെ കാണുന്നുണ്ട്. എന്നിട്ട് ആത്മനിയന്ത്രണത്തിന്റെ കുപ്പായം അണിയാൻ ഫറവോയ്ക്കു കഴിയാത്തതുകൊണ്ടാണ് ഒരു വലിയ ദുരന്തത്തിന്റെ കൊടുങ്കാറ്റിൽ ഫറവോയുടെ വംശം തന്നെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി പോയത്.
ആത്മനിയന്ത്രണം പരിശീലിച്ചതുകൊണ്ടാണ് അപകടങ്ങളിൽ പോലും പോറൽ ഏൽക്കാതെ രക്ഷപ്പെട്ടത്. സ്വന്തം അതിരുകൾ ലംഘിക്കാതിരിക്കുക എന്നതാണ് ആത്മനിയന്ത്രണത്തിൽ എത്തിച്ചേരാനുള്ള ആദ്യപടി. ഞാൻ നിൽക്കേണ്ടിടത്ത് നിൽക്കാതെ വരുമ്പോഴും എന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് മേൽ വിവേകം ഭരിക്കാതിരിക്കുമ്പോഴും ആണ് എന്റെ അതിരുകൾ ലംഘിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് എനിക്കും നിനക്കും കൂടിയേ തീരൂ. മറ്റാരുടെയും അതിരുകൾ കടക്കാതിരിക്കുക എന്നതാണ് ആത്മ നിയന്ത്രണത്തിൽ എത്തിച്ചേരാനുള്ള രണ്ടാമത്തെയും അവസാനത്തെയും പടി.
മറ്റുള്ളവർ എന്റെ അച്ചുതണ്ടിൽ കറങ്ങുന്നവരല്ലെന്നും അവർക്കുമേൽ ഒരു അവകാശവും എനിക്കില്ലെന്നും തിരിച്ചറിയാൻ തുടങ്ങുമ്പോഴാണ് നമ്മൾ നിയന്ത്രിതരാവുന്നത്. ഇനിയും അകാരണമായി മറ്റുള്ളവരെ നിയന്ത്രിക്കാൻ എന്തിനാണ് ഞാനും നീയും പരക്കം പായുന്നത്. എല്ലാം അവസാനിപ്പിച്ച് നീ നിന്നിലേക്ക് കടന്നുവരുമ്പോൾ നിന്നിൽ രൂപപ്പെടുന്ന ഒന്നാണ് നിത്യമായ ആനന്ദം (Eternal Bliss)
സി. റെറ്റി ജോസ് FCC