

അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്‌ഷപ്പെട്ടു.
(ലൂക്കാ 22: 43)
ദൂതനെ കണ്ടെത്തുന്നവരാണ് സത്യത്തിൽ ഭാഗ്യം ചെയ്ത ജന്മങ്ങൾ. അതുകൊണ്ടാണ് നമ്മുടെയൊക്കെ മാതാപിതാക്കൾ കുഞ്ഞുനാളിൽ തന്നെ കാവൽമാലാഖമാരോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ജീവന്റെ തിരിനാളം തെളിയിക്കാൻ ഒരു ദൂതൻ ഉണ്ടാകണം. ഈശോ ഗെതസ്‌മനിയിൽ പിതാവിന്റെ ഹിതം നിറവേറട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ സ്വര്‍ഗത്തിൽ നിന്നും ഒരു ദൂതൻ എത്തി അവനെ ശക്തിപ്പെടുത്തി
ഈശോയുടെ ദൈവീകതയും മാനുഷികതയും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു രംഗമാണ് ഗെത്സ്മനിയിലെ പ്രാർഥന. ഒരു വ്യക്തിക്കും തന്റെ സഹനങ്ങൾ ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല. ദൈവത്തിന്റെ ദൂതൻ ശക്തിപ്പെടുത്തിയാൽ മാത്രമേ വേദനകളെ നേരിടാൻ സാധിക്കുകയുള്ളൂ. ഈശോയുടെ പീഡാനുഭവ സംഭവങ്ങളിൽ ആദ്യം സഹായകനായി എത്തുന്നത് ഗെത്സ്മനിയിലെ ദൂതനാണ്. 91-ാം സങ്കീർത്തനത്തിന്റെ പൂർത്തീകരണമാണ് ഈശോയുടെ പ്രാർഥനയിൽ നടന്നത്.
നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ കർത്താവിന്റെ ദൂതൻ നമ്മെ ശക്തിപ്പെടുത്താൻ ഓടിയെത്തും എന്നുള്ള ഒരു വലിയ പ്രത്യാശയാണ് ഈ വചനം നമുക്ക് നൽകുക. അതുപോലെതന്നെ ഞാനും നീയും മറ്റുള്ളവർക്ക് ഒരു ദൂതനായി മാറേണ്ടവരാണ്.
ഈശോ എല്ലാവർക്കും ദൂതനായി മാറി. വിശക്കുന്നവന് അവൻ അപ്പം നൽകുന്ന ദൂതനായി മാറി. രോഗിക്ക് അവിടുന്ന് സൗഖ്യം നൽകുന്ന ദൂതനായി മാറി. അപരന്റെ ആവശ്യങ്ങളിലെല്ലാം അവൻ ദൂതനായി മാറുകയായിരുന്നു. ശാരീരികമായ അന്നം വിളമ്പുന്നവൻ മാത്രമല്ല ദൂതൻ. നിന്റെ സമസ്ത മേഖലയെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൂതൻ. ആരുടെയെല്ലാം ജീവിതത്തിൽ ദൂതൻ സഹായമായിട്ടുണ്ടോ അവരെല്ലാം നല്ല വഴിക്ക് നടന്നവരാണ്. ദൂതൻ ആവുക എന്ന ധർമ്മമാണ് എനിക്കും നിനക്കും ഉള്ളത്. ഇത് എത്രത്തോളം നിറവേറ്റപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് ഈ നോമ്പുകാലത്ത് നാം ചിന്തിക്കേണ്ടത്.
ഒരുവൻ നിന്റെ വഴിയരികിൽ സഹായം അർഹിക്കുന്നവനായി നിൽക്കുന്നുവെങ്കിൽ, അവന്റെ വിശപ്പ് ഇപ്പോഴും മാറിയിട്ടില്ലെങ്കിൽ, ഒരുവൻ വഴിയറിയാതെ നിൽക്കുന്നുണ്ടെങ്കിൽ അത് ഒരു ഓർമ്മപ്പെടുത്തലാണ് ഞാൻ ഇനിയും ദൂതനാകേണം മരിക്കുവോളം. ദൂതൻ വിഷമതകളിൽ സ്വാന്ത്വനമാണ്, നൊമ്പരങ്ങളിൽ ആശ്വാസമാണ് , ഭയങ്ങളിൽ ധൈര്യമാണ്, ആശാന്തിയിൽ ശാന്തിയാണ്, നിരാശയിൽ പ്രത്യാശയാണ് ഇരുളിൽ പ്രകാശമാണ്.
സി. റെറ്റി ജോസ് FCC