പത്രോസ് ശ്ലീഹായുടെ സഹോദരനും ഈശോയുടെ ആദ്യ ശിഷ്യന്മാരിൽ ഒരാളുമായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയെന്ന മഹാ രഹസ്യത്തെ ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെ നമുക്കു പരിശോധിക്കാം. ഈശോയിലുള്ള ഇളകാത്ത വിശ്വാസവും മറ്റുള്ളവരെ അവന്റെ പക്കലേക്കു നയിക്കാനുള്ള അന്ത്രയോസിന്റെ പ്രയ്നങ്ങളും നമുക്കു ധ്യാനവിഷയമാക്കാം.
ഈശോ ആദ്യം വിളിച്ച ശിഷ്യന്മാരിൽ ഒരുവൻ എന്നനിലയിൽ അന്ത്രയോസ് ‘ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടായാണ്’, ഈശോയെ മനസ്സിലാക്കുന്നത്. ഇതിനു വിശുദ്ധ കുർബാനയുമായി അഭേദ്യ ബന്ധമുണ്ട്. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാട് എന്ന സംജ്ഞ പരിശുദ്ധ കുർബാനയുടെ ഹൃദയമായ ഈശോമിശിഹായുടെ ബലിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിൽ അന്ത്രയോസ് ശ്ലീഹായ്ക്കു പ്രധാനപ്പെട്ട ഒരു പങ്കുള്ളതായി സുവിശേഷ വിവരണങ്ങളിൽ നാം കാണുന്നു. ഈശോയുടെ പക്കലേക്കു അഞ്ചു ബാർലി അപ്പവും രണ്ടു മത്സ്യങ്ങളും ഉള്ള ബാലനെ കൊണ്ടുവരുന്നത് അന്ത്രയോസ് ശ്ലീഹായാണ്. (യോഹ 6:8-9) അപ്പസ്തോലന്റെ ഈശോയിലുള്ള വിശ്വാസമാണ് അത്ഭുതകരമായ അപ്പം വർദ്ധിപ്പിക്കലിലേക്ക് നയിക്കുന്നത്. പിന്നീട് ഈശോ സ്ഥാപിക്കാൻപോയ വിശുദ്ധ കുർബാന എന്ന മഹാ രഹസ്യത്തിന്റെ ചുരുളുകൾ ഇതിൽ ഉൾകൊണ്ടിട്ടുണ്ട്. തന്റെ ശരീരവും രക്തവും പകുത്തുനൽകി മനുഷ്യവംശത്തിനു ജീവന്റെ സമൃദ്ധി നൽകി പരിപോഷിപ്പിക്കുന്ന നല്ല ദൈവത്തിന്റെ ജീവിതം ഈ അത്ഭുതത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
വി. അന്ത്രയോസിന്റെ രക്തസാക്ഷിത്വവും ദിവ്യകാരുണ്യ ആദ്ധ്യാത്മികതയെ പ്രതിഫലിപ്പിക്കുന്നതാണ്. സഭാപാരസര്യമനുസരിച്ച് X ആകൃതിയിലുള്ള കുരിശിലാണ് അദ്ദേഹം ജീവിതം ബലിയായി നൽകിയത്. മരണത്തെ മുഖാഭിമുഖം കാണുമ്പോഴും കുരിശിനെ ആനന്ദത്തോടെ ആശ്ശേഷിച്ച വിശുദ്ധൻ തന്റെ രക്തസാക്ഷിത്വത്തെ ക്രിസ്തുവിന്റെ ബലിയിലുള്ള പങ്കുപറ്റലായാണ് തിരിച്ചറിഞ്ഞത്. “ഏറ്റവും സ്നേഹപൂർവ്വവും ഞാൻ ഏറെക്കാലമായി പ്രതീക്ഷിക്കുന്നതുമായ ഓ, വിശുദ്ധ കുരിശേ, നിന്നെ ഞാൻ ആനന്ദഹൃദയത്തോടും തുറന്ന മനസ്സോടും കൂടി ആശ്ലേഷിക്കട്ടെ” എന്നതായിരുന്നു കുരിശിനോടുള്ള അദ്ദേഹത്തിന്റെ മനോഭാവം.
ആത്മദാനത്തിന്റെ അർപ്പണവേദിയിലാണ് വിശുദ്ധ കുർബാനയുടെ ചൈതന്യം മിഴിവേകി ശോഭിക്കുന്നതെന്നും സഹനങ്ങളെ സ്നേഹത്തോടെ പുൽകിയാലേ ദിവ്യകുരുണ്യ സ്വഭാവം നമ്മിൽ വേരുപാകുകയുള്ളു എന്നും അന്ത്രയോസ് ശ്ലീഹാ പഠിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS