ദിവ്യകാരുണ്യ വിചാരങ്ങൾ 31: സക്രാരിക്കു മുമ്പിൽ എപ്പോഴും യാചനകൾ ഉയരട്ടെ, ഒരിക്കലും നിലയ്ക്കാത്ത അപേക്ഷകൾ

‘അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.’ (എഫേസോസ്‌ 3: 12)

ലോക പ്രശസ്തമായ ‘ദ ഹോബിറ്റ്’, ‘ലോര്‍ഡ് ഓഫ് ദ് റിങ്സ്’ എന്നീ കൃതികളുടെ രചയിതാവും ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്യുന്ന ബ്രിട്ടീഷ് സാഹിത്യകാരനാണ് ജോണ്‍ റൊണാള്‍ഡ് റൂവല്‍ റ്റോള്‍കീന്‍ എന്ന ‘JJR Tollkien’. സെപ്റ്റംബര്‍ മാസം രണ്ടാംതീയതി അദ്ദേഹത്തിന്റെ അമ്പത്തിയൊന്നാം ചരമ വാർഷിക ദിനമായിരുന്നു. ഇംഗ്ലീഷ് ഫിലോളജിസ്റ്റും സര്‍‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു റ്റോള്‍കീന്‍ ഒരു ഉത്തമ കത്തോലിക്ക വിശ്വാസിയും സി.എസ്. ലൂയിസിന്റെ അടുത്ത സുഹൃത്തും ആയിരുന്നു.

റ്റോൾകീൻ്റെ സ്വകാര്യഭക്തി വളരെ ലളിതമായിരുന്നു. അതു മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു.

വിശുദ്ധ കുർബാനയ്ക്കു മുമ്പു കുമ്പസാരിക്കുക

എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക

ഉറങ്ങുന്നതിനു മുമ്പ് ജപമാല ചൊല്ലുക

പരിശുദ്ധകുർബാനയോടുള്ള സവിശേഷഭക്തി അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. 1941ൽ തൻ്റെ മകൻ മിഖായേലിനെഴുതിയ കത്തിൽ റ്റോൾകീൻ ഇപ്രകാരം എഴുതി: “എൻ്റെ ജീവിതാന്ധകാരത്തിൽ വളരെയധികം നിരാശയോടെ ഈ ഭൂമിയിൽ സ്നേഹിക്കാനുള്ള ഒരുമഹത്തായ കാര്യം ഞാൻ നിൻ്റെ മുമ്പിൽ വയ്ക്കുന്നു, പരിശുദ്ധ കുർബാന. അവിടെ നീ പ്രണയവും മഹത്വവും ബഹുമാനവും വിശ്വസ്തതയും ഭൂമിയിലെ എല്ലാസ്നേഹങ്ങളുടെയും യഥാർത്ഥ വഴി കണ്ടെത്തും”

ഇരുപത്തിരണ്ടു വർഷങ്ങൾക്കുശേഷം അതേ മകനുതന്നെ റ്റോൾകീൻ ഇങ്ങനെ കുറിച്ചു: “ഞാൻ ആരംഭം മുതൽ പരിശുദ്ധ കുർബാനയുമായി പ്രണയത്തിലായി. ദൈവത്തിൻ്റെ കരുണയാൽ പിന്നീടൊരിക്കലും വീണുപോയിട്ടില്ല: പക്ഷേ ഞാൻ അതിനനുസരിച്ച് ജീവിച്ചില്ല, അതു കഷ്ടം തന്നെ! ദുഷ്ടതയും അലസതയും കാരണം എൻ്റെ മതം അനുശാസിക്കുന്നതുപോലെ ജീവിക്കാൻ എനിക്കു സാധിച്ചില്ല. പ്രത്യേകിച്ച് ലീഡ്സിലും 22 നോർത്ത്മൂർ റോഡിലും. എനിക്കുവേണ്ടത് സക്രാരിക്കുമുമ്പിൽ ഒരിക്കലും നിലയ്ക്കാത്ത നിശബ്ദയാചനയും വിശപ്പിൻ്റെ ബോധവുമാണ്. ആ ദിവസങ്ങളെ ഓർത്തു ഞാൻ കഠിനമായി വേദനിക്കുന്നു. എല്ലാറ്റിനുമുപരി ഒരു പിതാവെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു.

ഇപ്പോൾ ഞാൻ നിനക്കുവേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. രക്ഷകൻ എൻ്റെ വൈകല്യങ്ങൾ സുഖപ്പെടുത്തട്ടെ. കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്നു പറഞ്ഞു കരയുന്നത് നീ ഒരിക്കലും നിർത്തരുത്.”

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.