ഉയിർപ്പിന്റെ മനുഷ്യർ!

മനുഷ്യ മനസിന് ദുഃഖത്തോട് ഒരു ചായ്‌വ് ഉണ്ട്. ലോകത്തെ എല്ലാ ദുഃഖവാർത്തയും അറിയിക്കാൻ നമുക്ക് ഇന്ന് സാമൂഹ്യമാധ്യമങ്ങളുമുണ്ട്. ഉയിർപ്പിന്റെ സന്തോഷത്തേക്കാൾ എത്ര ഘനഗാംഭീര്യത്തോടെയാണ് ദേവാലയങ്ങൾ ദുഃഖവെള്ളി ആചരിക്കുന്നത്. ദുഃഖപൂർവം മനുഷ്യൻ മല താണ്ടുന്നു. എന്നാൽ ഉയിർപ്പിന്റെ ദിവസം ഇറങ്ങാൻ സന്തോഷത്തിന്റെ വഴികൾ കൂടി പഠിക്കണം.

സന്തോഷത്തിന്റെ വഴി

എന്താണ് സന്തോഷത്തിന്റെ വഴികൾ? പത്ത് ഇരുപതു വർഷം മുമ്പത്തെ സന്തോഷത്തിന്റെ വഴികളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു കാര്യവും നമുക്ക് ഇന്ന് ഇല്ല. കാരണം മനുഷ്യമനസ്സാണ്. 1996 ൽ പറഞ്ഞുകൊണ്ടിരുന്നത് 1986-ലെ ആനന്ദത്തെക്കുറിച്ചായിരുന്നു. അതുകൊണ്ട് ഇന്ന് സന്തോഷിക്കാനുള്ള വഴി നോക്കുക. പണ്ട് എത്ര രസമായിരുന്നു എന്ന ഡയലോഗ് ഒഴിവാക്കി, ഇന്ന് ഇപ്പോൾ ‘Rejoice’ എന്ന പാട്ട് പാടുക.

പിന്നെ, ചെയ്യുന്ന ഏത് കാര്യവും സന്തോഷത്തോടെ ചെയ്യുക. അത് കറിക്ക് അരിയുന്നതാണെങ്കിലും സാധനം മേടിക്കാൻ പോകുന്നതാണെങ്കിലും, സന്തോഷത്തോടെ ചെയ്യുക. ഇന്ന് മൂവാറ്റുപുഴയിൽക്കൂടി വരുന്നയാൾ ആണെങ്കിൽ അവിടെ ബ്ലോക്ക് ഉണ്ടെന്ന് നമുക്ക് അറിയാം. അതിനെപ്പറ്റി “എന്തൊരു നശിച്ച ബ്ലോക്ക്” എന്നു പറഞ്ഞതു കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ ? ‘എന്നാ ചൂടാണോ’ എന്നു പറഞ്ഞതു കൊണ്ടും കാര്യമില്ല. ഒഴിവാക്കാൻ നോക്കുക. ഇല്ലെങ്കിൽ ഇതല്ല, ഇതിന്റെ അപ്പുറത്തേത് കണ്ടതാണ് കെ.പി. പത്രോസ് എന്ന ഡയലോഗുകൊണ്ട് നേരിടുക.

സൗന്ദര്യം നൽകുക എന്ന കല നിരന്തരം തുടരുക. എന്റെ വികാരിയച്ചനെ ഓർക്കുന്നു. പള്ളിയിലെ വിരികൾ എടുത്തു കൊണ്ടുപോയി അലക്കി അച്ചൻ മാറ്റിയിട്ടു. ചെടികളിൽ പൂക്കൾ ഉണ്ടെന്ന് ഉറപ്പു വരുത്തി. പരിപാടികൾ സമയത്ത് തുടങ്ങി, സമയത്ത് തീർന്നു എന്ന് ഉറപ്പാക്കി. കറ തീർന്ന അച്ചടക്കത്തോടെ ജീവിച്ചു. എല്ലാവർക്കും സംതൃപ്തി.

മറ്റൊരച്ചൻ ഒരു സമയവും നോക്കാതെ അതിഥികളെ സത്കരിച്ചു. കൂടെയിരുന്ന് വെറുതെ വർത്തമാനം പറഞ്ഞു. ആളുകൾ സ്വയം കുറെ പണിയൊക്കെ നോക്കിയും കണ്ടും ചെയ്തു. അച്ചൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. എങ്കിലും അദ്ദേഹം മാറിപ്പോയപ്പോൾ ആളുകൾ പൊട്ടിക്കരഞ്ഞു. എന്താണ് കാരണം? വാളയാർ ചെക് പോസ്റ്റ് കടന്നു വരുന്ന മലയാളിയുടെ മനസിന്റെ സന്തോഷം നിത്യവും പുള്ളി ആളുകൾക്ക് നൽകിയിരുന്നു. ഇതിൽ ഏതാണ് ശരി? രണ്ടു പേരും സൗന്ദര്യം നൽകി. ഒരാൾ പരിസരത്തിന് സൗന്ദര്യം നൽകി. മറ്റെയാൾ മനുഷ്യഹൃദയങ്ങൾക്കും. ഇങ്ങനെയേ കാര്യങ്ങൾ ചെയ്യാവൂ എന്ന നിയമം ഉണ്ടാക്കുന്നവരുണ്ടല്ലോ, അവർക്ക് ഇനിയും ഈ ഭൂമിയെ പിടി കിട്ടിയിട്ടില്ല.

ഈ രണ്ടു പേർക്കും ശത്രുക്കളും കാണുമായിരിക്കും. എല്ലാവരുടെയും പ്രീതി സമ്പാദിക്കാൻ സാധിക്കില്ല. എല്ലാ വോട്ടും നേടി ആരും ഒരു തിരഞ്ഞെടുപ്പും ജയിക്കാറില്ല. എങ്കിലും വേമ്പനാട്ടു കായലിലെ ഒരു മൽസ്യം നമുക്ക് എതിരെ സംസാരിച്ചാൽ കായലിലെ മുഴുവൻ മൽസ്യ സമ്പത്തിനോടും നമുക്ക് പക തോന്നുന്നു. അതിനെയോർത്ത് ദുഃഖിക്കുന്നു. കാണുന്നവരോട് അതിനെപ്പറ്റി പരാതി പറയുന്നു. അങ്ങനെ ദുഃഖം കൂട്ടാൻ സാധിക്കുന്നതൊക്കെ ചെയ്യുന്നു. എന്നാൽ എതിര് ഉള്ളവർ പറയുന്നത് കേൾക്കുക. സാധിക്കുന്ന മാറ്റം നമുക്ക് ആവശ്യം ഉണ്ടെന്ന് തോന്നിയാൽ നടപ്പിൽ വരുത്തുക. നമുക്ക് മനസിലാകാത്തതിനെ, നമ്മുടെ പരിധിക്ക് അപ്പുറമുള്ള കാര്യങ്ങളെ പരിഹസിക്കാതിരിക്കുക.

ഉയിർപ്പിന്റെ മനുഷ്യർ

സന്തോഷത്തിന്റെ വഴി ഈശോ കാണിച്ചു തന്നിട്ടുണ്ട്. മീൻ പിടിച്ച് വലഞ്ഞ ശിഷ്യർക്ക് പ്രാതൽ ഒരുക്കുന്ന ഈശോ ആനന്ദത്തിന്റെ മനുഷ്യപുത്രനെ നമുക്ക് കാട്ടിത്തരുന്നുണ്ട്. ആ പ്രഭാതത്തിൽ, കുരിശിന്റെ വഴിയിൽ തന്നെ പ്രഹരിച്ചവർക്ക് എതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ആളല്ല കർത്താവ്. മറിച്ച് അവരുടെ ചാരെയിരുന്ന് വലിയ കാര്യങ്ങൾക്കായി പ്രാർഥിച്ച് ഒരുങ്ങാൻ ആണ് അവിടുന്ന് പറയുന്നത്. വരുന്നത് നേരിടുക. വിളമ്പുന്നത് സന്തോഷത്തോടെ ഭക്ഷിക്കുക. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ നന്ദി പറയുക, പ്രാർഥിക്കുക, ആനന്ദിക്കുക. അതാണ് ഇനിയും നമ്മൾ സ്വായത്തമാക്കേണ്ട ജീവിത വഴി. അങ്ങനെയൊരു ജീവിത വഴി കാശ്മീർ തൊട്ട് കന്യാകുമാരി വരെയും പ്രഭാതം തൊട്ട് പ്രദോഷം വരെയും ജനുവരി മുതൽ ഡിസംബർ വരെയും നടത്തുന്നത് സൂപ്പർ ആയിരിക്കും. ഇനി സന്തോഷിച്ച് ബോറടിക്കുമ്പോൾ മലകളിലോ പുണ്യ നദികളിലോ പോയി കരയുക. നമ്മൾ പറയുന്നതും എഴുന്നതും കേൾക്കുന്നതും നമ്മളെ മാനസാന്തരപ്പെടുത്തും. ഉറപ്പ്. ഈ ഉത്ഥാന സന്ദേശത്തിന്റെ ആനന്ദം നമുക്ക് ഉള്ളിലേക്ക് ആവാഹിക്കാം. ദുഃഖത്തിന്റെ വഴികൾ മറന്ന് പേനയും പേപ്പറും എടുത്ത് ആനന്ദിക്കാനുള്ള വഴികൾ എണ്ണിത്തുടങ്ങാം. അവൻ പറയുന്നു, ‘വാ.. മക്കളെ, കാപ്പി കുടിക്കാം.’ ആമ്മേൻ.

ജിൻസൺ ജോസഫ് മുകളേൽ CMF

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.