ഉത്ഥാനം

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

ഒരിക്കൽ ഒരു വന്ദ്യ പുരോഹിതന്റെ സംസ്കാരത്തിൽ പങ്കെടുത്തപ്പോൾ സുവിശേഷവായന കഴിഞ്ഞു ഒരറിയിപ്പുണ്ടായി. ദിവംഗതനായ വന്ദ്യപുരോഹിതന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ചരമപ്രസംഗം ഉണ്ടായിരിക്കുന്നതല്ല. പകരം അദ്ദേഹം തന്റെ വിൽപത്രത്തിൽ എഴുതിവച്ചിരിക്കുന്നതുപോലെ മരണത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും ഒരു പ്രസംഗം ഉണ്ടായിരിക്കും. കാരണം, അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഉത്ഥാനം പ്രതീക്ഷിച്ചു ജീവിക്കുകയും ഉത്ഥാനം ഉണ്ടെന്ന പ്രതീക്ഷയിൽ പുരോഹിത ശുശ്രൂഷ ചെയ്യുകയും ഉത്ഥാനത്തിലുള്ള പ്രതീക്ഷയിൽ ജീവിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്തു. താൻ അന്ത്യയാത്ര പറയുന്ന വേളയിലും തന്റെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഇടവകക്കാരും ഉത്ഥാനത്തിലുള്ള പ്രതീക്ഷ ചിന്തക്കും ചർച്ചക്കും വിഷയമാക്കണമെന്ന് ആഗ്രഹിക്കുന്നു.

അദ്ദേഹം ആഗ്രഹിച്ചതുപോലെ മരണത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും തുടർന്ന് മനോഹരമായ ഒരു പ്രസംഗം ഉണ്ടായിരുന്നു. അന്നത്തെ മൃതസംസ്കാര ശുശ്രൂഷ കഴിഞ്ഞു ജനം പിരിഞ്ഞുപോയപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു നഷ്ടബോധമല്ല, സംതൃപ്തിയും സന്തോഷവും പ്രതീക്ഷയും ചാരിതാർഥ്യവും നിറഞ്ഞിരുന്നതുപോലെ തോന്നി.

ഉത്ഥാനത്തിലുള്ള വിശ്വാസവും മരണശേഷം ഉയിർക്കുമെന്ന പ്രതീക്ഷയുമാണ് ക്രിസ്തുമതത്തിന്റെ മഹത്തായ സംഭാവന. ഒരു മനുഷ്യന്റെ മഹത്തായ ഒരു പ്രതീക്ഷയും ആണത്. ഉയിർക്കുമെന്ന വിശ്വാസവും ബോധ്യവും ഉയിർപ്പിലുള്ള പ്രതീക്ഷയും നിത്യജീവിതത്തിലുള്ള വിശ്വാസവും പ്രതീക്ഷയും എല്ലാവിധ ലൗകിക അധികാരങ്ങളും ആഡംബരങ്ങളും നേട്ടങ്ങളും പ്രശസ്തിയും അപ്രസക്തവും അപ്രധാനവും ആക്കുന്നു.

ജീവിതം അവസാനിക്കുന്നില്ലെന്നും ജീവിതം തുടരുകയാണെന്നുമുള്ള പ്രതീക്ഷ ഒരുവനെ സന്തോഷവാനും ശുഭാപ്തി വിശ്വാസിയും ആക്കും. തകർച്ചയിലും പരാജയത്തിലും നിരാശയിലും അതവന് ആത്മവിശ്വാസവും പ്രതീക്ഷയും നൽകും.

ഇന്ന് നമ്മൾ തന്റെ മുപ്പത്തിമൂന്നാമത്തെ വയസിൽ അന്യായമായി കുരിശിൽ തറക്കപ്പെട്ടു കൊല്ലപ്പെട്ട ഒരു ചെറുപ്പക്കാരൻ സംസ്ക്കാരത്തിന് ശേഷം മൂന്നാം ദിവസം വിജയശ്രീലാളിതനായി ഉയിർത്തതിന്റെ ഓർമ്മത്തിരുനാൾ ഘോഷിക്കയാണ്. ഈശോയുടെ ശിഷ്യരുടെ ദുഖവും നിരാശയും അചിന്ത്യമാം വിധം വലിയ സന്തോഷവും പ്രതീക്ഷയുമായി രൂപാന്തരപ്പെട്ടതിന്റെ ഓർമ്മത്തിരുനാൾ കൂടിയാണിന്ന്. ഈശോ മരിച്ചവരിൽനിന്നും ഉയിർത്തു എന്ന സന്തോഷവാർത്ത ഈശോയുടെ ശിഷ്യരെ ആവേശഭരിതരാക്കി. ക്രിസ്തുവിന്റെ ശവകുടീരം സന്ദർശിച്ചു മടങ്ങിവന്ന മഗ്ദലേന മറിയവും കൂട്ടരും നൽകിയ അറിയിപ്പും ശൂന്യമായ കല്ലറ കണ്ടു മടങ്ങിയ പത്രോസിന്റെയും യോഹന്നാന്റെയും സാക്ഷ്യവും ആയിരുന്നു ഉത്ഥാനത്തിന്റെ ആദ്യത്തെ സാക്ഷ്യം.

അവസാനനാളിൽ എല്ലാവരും ഉയിർക്കുമെന്നു വിശ്വസിച്ചിരുന്ന യഹൂദവിഭാഗത്തിനുപോലും ചിന്തിക്കാനോ ഭാവന ചെയ്യാനോ സാധിക്കുന്ന കാര്യമായിരുന്നില്ല ഈശോ മരിച്ചവരിൽനിന്നും ഉയിർത്തു എന്ന സത്യം. എന്നാൽ തങ്ങളുടെ ഭാവനക്കുപോലും അപ്പുറത്തുള്ള വാർത്ത, അതായത് ഈശോ ഉയിർത്തു എന്ന സത്യവും അത് മനുഷ്യ ചരിത്രത്തെ തന്നെ സ്വാധീനിക്കുകയും തിരുത്തുകയും ചെയ്തു എന്ന വസ്തുതയും അവർ അംഗീകരിക്കുവാൻ നിർബന്ധിതരായി. തങ്ങൾക്ക് അവിശ്വസനീയമായ വാർത്ത ചരിത്രത്തെപ്പോലും സ്വാധീനിക്കുന്നത് വിസ്മയത്തോടെ നോക്കിനിൽക്കാനും അംഗീകരിക്കാനും അതിന്റെ അനന്തര ഫലങ്ങളും പ്രത്യാഘാതങ്ങളും സ്വീകരിക്കാനും അവർ നിർബന്ധിതരായി.

ഇന്നും നമ്മുടെ അറിവിനും ഭാവനകൾക്കും പ്രതീക്ഷകൾക്കും അതീതമയി ലോകത്തു പലയിടങ്ങളിലും നമുക്കു ചുറ്റും പലതും സംഭവിക്കുന്നുണ്ട്. ഉത്ഥാനത്തിലുള്ള പ്രതീക്ഷയും ഈശോയുടെ ഉയിർപ്പിന്റെ ഓർമ്മയാചരണവും നമ്മുടെ അറിവിലും ഭാവനയ്ക്കും പ്രതീക്ഷക്കും അതീതമായ കാര്യങ്ങൾ സംഭവിക്കുമ്പോഴും അവയെ ക്കുറിച്ചു കേൾക്കുമ്പോഴും അവ മനസിലാക്കുവാനും സ്വീകരിക്കുവാനുമുള്ള ഹൃദയത്തിന്റെ തുറവി ആവശ്യപ്പെടുന്നു.

ഉത്ഥിതനായ ഈശോ മഗ്ദലേന മറിയത്തിനും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കും പിന്നീട് പലപ്രാവശ്യം അപ്പസ്തോലന്മാർക്കും ഒരിക്കൽ ക്രിസ്തുവിന്റെ 500 ശിഷ്യർക്ക് ഒരുമിച്ചും പ്രത്യക്ഷപ്പെട്ടു. നാൽപ്പതാംദിവസം അവിടുന്നു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിന് മുൻപ് ആയിരുന്നു ഈശോയുടെ നിരവധിയായ പ്രത്യക്ഷപ്പെടൽ. തുടർന്ന് ക്രിസ്തു ഒരിക്കൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ച സാവൂളിനും പ്രത്യക്ഷപ്പെട്ടു. താൻ പീഡിപ്പിക്കുന്ന ക്രിസ്തുവിന്റെ ദർശനം സാവൂളിനെ മാനസാന്തരപ്പെടുത്തുകയും ക്രിസ്തൂമതത്തിന്റെ ഏറ്റവും വലിയ പ്രേഷിതനും ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനുമാക്കിത്തീർത്തു.

ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പല ദേശങ്ങളിലും ക്രിസ്തു പലപ്പോഴായി പലർക്കും പ്രത്യക്ഷപ്പെടുകയോ ദർശനം നല്കുകയൊ ചെയ്തിട്ടുണ്ട്. പല രൂപങ്ങളിലും പല രീതികളിലും ഇന്നും നമുക്ക് എല്ലായിടത്തും ക്രിസ്തുവിന്റെ സന്നിധ്യം ദർശിക്കാനാവും. എന്നിരുന്നാലും, ക്രിസ്തുവിന്റെ ഉയിർപ്പ് ശാസ്ത്രീയമായി തെളിയിക്കാൻ നമുക്കാകില്ല. ഭൗതിക ശാസ്ത്രം അവലംബിക്കുന്ന മാർഗങ്ങളിലൂടെയും ഭൗതികമായും വൈദ്യശാസ്ത്രപരമായും ദാർശനികമായും തെളിയിക്കാനാവുന്നതല്ല ഉത്ഥാനം. ക്രിസ്തുവിന്റെ ഉത്ഥാനം എന്ന ചരിത്രസത്യം വ്യക്തിപരമായി അനുഭവിക്കാവുന്നതും അനുഭവിക്കേണ്ടതുമായ സത്യമാണ്. ക്രിസ്തു ഉയിർത്തപ്പോൾ യഹൂദ പ്രമാണികൾ അവരുടെ അറിവിനും ഭാവനയ്ക്കും പ്രതീക്ഷകൾക്കും അതീതമായ സത്യങ്ങൾ അംഗീകരിക്കാൻ തയാറായിരുന്നില്ല. അതുകൊണ്ടു അവർ ഇശോയുടെ ഉത്ഥാനത്തെക്കുറിച്ചു പല നുണകഥകളും പ്രചരിപ്പിച്ചു. അതിലൊന്നു കല്ലറയുടെ കാവൽക്കാർ ഉറങ്ങിയപ്പോൾ ഇശോയുടെ ശിഷ്യർ ഈശോയെ മോഷ്ടിച്ചുകൊണ്ടുപോയി എന്നതായിരുന്നു. എന്നാൽ ഈശോയെ മോഷ്ടിച്ചതിന് സാക്ഷികൾ ആരുമില്ലായിരുന്നു. സ്വന്തം ചിന്തകൾക്കും അറിവിനും അതീതമായതൊന്നും അഗീകരിക്കാൻ തയ്യാറല്ലാത്തവർക്ക് ഈശോയുടെ ഉത്ഥാനവും അംഗീകരിക്കാൻ പ്രയാസമായിരിക്കും. അവർക്ക് ഉത്ഥിതനെ കണ്ടെത്താനും എളുപ്പമാകില്ല.

അതുകൊണ്ടു ക്രിസ്തുവിന്റെ ഉത്ഥാനം ക്രൈസ്തവർ വിശ്വസിക്കേണ്ട ഒരു വിശ്വാസസത്യം മാത്രമല്ല, വ്യക്തിപരമായ ഒരു അനുഭവവും ബോധ്യവും പ്രതീക്ഷയും കൂടിയാണ്. ‘ക്രിസ്തു ഉയിർത്തു’ എന്ന സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചും ക്രിസ്തുവിനെ ഹൃദയത്തിൽ ഉൾക്കൊണ്ടും ജീവിക്കുമ്പോൾ നമ്മുടെ അനുദിനജീവിതം ഉത്ഥിതന്റെ വിജയത്തിലും സന്തോഷത്തിലും നിറഞ്ഞതാകും. നമുക്ക് മനസിലാകാത്ത പലതും സമൂഹത്തിലും വ്യക്തിജീവിതത്തിലും സംഭവിക്കുന്നത് കാണുമ്പോൾ അവയോടു തുറന്ന സമീപനവും അവയെ ഉൾക്കൊള്ളാനുള്ള വിശാല ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ ചൈതന്യം നമ്മെ പ്രേരിപ്പിക്കുന്നു. ഉത്ഥിതനായ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ!

ഉയിർപ്പുതിരുനാളിന്റെ അനുഗ്രഹം എല്ലാവർക്കും നേരുന്നു.

റവ. ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.