![hd-e1676009443208](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/hd-e1676009443208.webp?resize=696%2C435&ssl=1)
എല്ലാ ഫെബ്രുവരി 11-നും ലൂർദ് മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ. അലക്സിസ് കാരൽ. ഫ്രഞ്ച് ശസ്ത്രക്രിയാ വിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ, ദൈവവിശ്വാസത്തിലേക്കു തിരികെവന്ന അത്ഭുത സംഭവകഥ.
ഫ്രാൻസിലെ ഒരു ചെറുപട്ടണത്തിൽ 1873 ജൂൺ 28-ന് ഒരു കത്തോലിക്കാ കുടുംബത്തിലാണ് അലക്സിസ് കാരൽ ജനിച്ചത്. ഈശോസഭക്കാരുടെ സ്കൂളിൽ പഠിച്ചിരുന്ന അലക്സിസ് പതിവായി പരിശുദ്ധ കുർബാനയ്ക്കു പോയിരുന്നു. നിർഭാഗ്യവശാൽ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചതോടെ സഭാകാര്യങ്ങളിൽ നിന്നുമകന്ന് ഒരു അജ്ഞേയവാദിയായ അലക്സിസ് കത്തോലിക്കാ വിശ്വാസത്തെയും ദൈവത്തെയും തള്ളിപ്പറയാന്‍ തുടങ്ങി. എന്നിരുന്നാലും ലൂർദിലെ അസാധാരണമായ ഒരു അത്ഭുതം കാരലിനെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവന്നു.
പഠനത്തിൽ മിടുക്കനായിരുന്ന കാരൽ, വൈദ്യശാസ്ത്രം പഠിച്ച് ലോകോത്തര ശാസ്ത്രജ്ഞനായി മാറി. മനുഷ്യശരീരത്തിനുപുറത്ത് അവയവങ്ങൾക്ക് ജീവൻ നിലനിർത്താൻ കഴിയുന്ന സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തു. അവയവദാന സംസ്കാരത്തിന്റെ മേഖലയിൽ ഒരു വൻകുതിച്ചുചാട്ടമായിരുന്നു അത്. കൂടാതെ, മുറിവുകൾ വൃത്തിയാക്കുന്നതിന് ഒരു നൂതന ചികിത്സാരീതിയും അദ്ദേഹം കണ്ടെത്തി. മുറിഞ്ഞ രക്തക്കുഴലുകൾ ഒന്നിച്ചുചേർത്ത് തുന്നിക്കെട്ടാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചതിന് 1912-ല്‍ കാരലിനെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തേടിയെത്തി.
1858-ലാണ് പരിശുദ്ധ കന്യകാമറിയം ആദ്യമായി ലൂർദിൽ പ്രത്യക്ഷപ്പെട്ടത്. ലൂർദിലെ അത്ഭുതജലത്താൽ ധാരാളം രോഗികൾ ഇന്നും സൗഖ്യം പ്രാപിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളിൽ ഫ്രഞ്ച് മെഡിക്കൽ സംഘം വളരെ സംശയത്തോടെയാണ് ലൂർദിലെ അത്ഭുതങ്ങളെ നോക്കിക്കണ്ടിരുന്നത്. അതിമാനുഷികമായ ശക്തികളെ അവർ ബോധപൂർവം നിഷേധിച്ചു. മാരിയാ ബെയ്ലി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതുവരെ കാരലും തികഞ്ഞ അവജ്ഞയോടെയാണ് ലൂർദിലെ അത്ഭുതങ്ങളെ കണ്ടിരുന്നത്.
ലൂർദിലെ അത്ഭുതങ്ങളുടെ പൊള്ളത്തരം പുറത്തുകാണിക്കണമെന്ന ഏകലക്ഷ്യത്തോടെ ലൂർദിലേയ്ക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു ഡോ. കാരലും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും. ക്ഷയരോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാരിയാ ബയ്ലിയെ രക്ഷിക്കാനുള്ള അവസാനശ്രമമെന്നോണം ലൂർദിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അടുക്കൽ കൊണ്ടുപോവുകയായിരുന്നു അവളുടെ മാതാപിതാക്കളും സുഹൃത്തുക്കളും. യാത്രാമധ്യേ അവളുടെ രോഗം മൂർച്ഛിച്ച് അവൾ അർധബോധാവസ്ഥയിലായി. രോഗകാഠിന്യത്താൽ അവളുടെ വയർ വീർത്തിരുന്നു.
അവരുടെ ലൂർദ് യാത്രയെ അപലപിച്ചങ്കിലും താൽക്കാലിക ആശ്വാസത്തിനായി കാരല്‍ അവൾക്ക് മോർഫിൻ നൽകി. ലൂർദിൽ മാരിയ ജീവനോടെ എത്തുമെന്ന് ഡോ. കാരലിന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ നിഗമനമായിരുന്നില്ല ദൈവികപദ്ധതി. അവർ ലൂർദിലെത്തി. മാരിയാ ബയ്ലിയുടെ കൂട്ടുകാർ അവളെ വേഗം മാതാവിന്റെ ഗ്രോട്ടോയിലേക്കു കൊണ്ടുപോയി മൂന്നു പാത്രം വെള്ളം അവർ മാരിയായുടെ ശരീരത്തിലൊഴിച്ചു. സൂചികുത്തുന്ന വേദനയായിരുന്നു അവൾക്ക്. പൊടുന്നനെ അവളുടെ വയറും രക്തസമ്മർദവും സാധാരണ സ്ഥിതിയിലായി. വൈകുന്നേരത്തെ ഡിന്നറിന് ആരോഗ്യവാനായ വ്യക്തി കഴിക്കുന്ന ഭക്ഷണവും അവൾ കഴിച്ചു.
ശാസ്ത്രജ്ഞനായ കാരല്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. മാരിയായുടേത് അത്ഭുതമായിരുന്നു എന്ന് ഡോക്ടറിനറിയാം. പക്ഷേ, പരസ്യമായി പ്രഖ്യാപിച്ചാൽ അത് തന്റെ മെഡിക്കൽ കരിയറിനെ സാരമായി ബാധിക്കുമെന്ന് കാരൽ കരുതി. അതിനാൽ ലൂർദ് യാത്ര പരസ്യമാക്കാൻ ഡോ. കാരൽ തുനിഞ്ഞില്ല. പക്ഷേ, ബയ്ലിയുടെ രോഗശാന്തി ഫ്രാൻസിൽ മുഴുവൻ വൻവാർത്തയായി. ഡോ. അലക്സിസ് കാരൽ ഈ അത്ഭുതത്തിന് ദൃക്സാസാക്ഷിയാണെന്ന വാർത്തയും കാട്ടുതീപോലെ ഫ്രാൻസിൽ പരന്നു. പൊതുവായി മതവിശ്വാസങ്ങളെ പരിഹസിച്ചും ഒരു അത്ഭുതത്തിന്റെ സാധ്യത തള്ളിക്കളയാതെയും പറയുന്നതെല്ലാം അതുപോലെ ശരിയല്ല എന്നുള്ളതുമായ ഒരു പൊതുപ്രസ്താവന പുറത്തിറക്കി ഡോ. കാരൽ രക്ഷപെടാൻ നോക്കി. അത്ഭുതങ്ങളുടെ സാധ്യതകളെ തള്ളിക്കളയുന്ന മെഡിക്കൽ മേഖലയെയും കാരൽ വിമർശിച്ചു.
ആതുരമേഖലയിൽ ഇത് വലിയ ഒരു വിവാദത്തിനു വഴിമരിന്നിട്ടു. ഇത്രമാത്രം പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന് എങ്ങനെയാണ് അത്ഭുതങ്ങളുടെ സാധ്യതകളെപ്പറ്റി സംസാരിക്കാൻ കഴിയുക? ഫ്രാൻസിൽ ഡോ. കാരലിന്റെ മെഡിക്കൽ കരിയറിന് മരണമണി മുഴങ്ങി. അതിനാൽ കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയ ഡോ. കാരൽ, അവസാനം ന്യൂയോർക്കിലുള്ള റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച്ചിൽ (Rockefeller Institute of Medical Research) ശുശ്രൂഷ ചെയ്തു.
മാരിയേ ബായ്ലി ഇതിനിടയിൽ ഒരു സന്യാസ സഭയിൽ ചേർന്നു. ലൂർദിൽ താൻ സാക്ഷ്യംവഹിച്ച അത്ഭുതം പരസ്യമായി പ്രഖ്യാപിക്കാൻ അതിനായി മനസ്സും ഹൃദയവുമൊരുക്കാൻ ഡോ. കാരലിന് 25 വർഷങ്ങള്‍ വേണ്ടിവന്നു. അവസാനം 1939-ൽ കത്തോലിക്കാ സഭയിലേക്കു തിരികെവരുന്നതിനായി കാരൽ ഒരു കത്തോലിക്കാ വൈദികനെ സമീപിച്ചു. അവർ സുഹൃത്തുക്കളായി മൂന്നു വർഷങ്ങൾക്കുശേഷം ഡോ. കാരൽ ഒരു വിശ്വാസപ്രഖ്യാപനം നടത്തി: “ദൈവം ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ആത്മാവിന്റെ അമർത്യതയിലും വെളിപാടിലും കത്തോലിക്കാ സഭ പഠിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു.” മറ്റൊരിക്കൽ പ്രാർഥനയെപ്പറ്റി അദ്ദേഹം പറഞ്ഞു: “ഒരുവന് സൃഷ്ടിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഊർജം പ്രാർഥനയാണ്. അനുദിന ജീവിതം നിലനിർത്തുന്നതിനാവശ്യമായ ശക്തി പ്രാർഥന നൽകുന്നു.”
1944 നവംബർ 5-ന് ഡോ. കാരൽ നിത്യസമ്മാനത്തിനായി യാത്രയായി.
ഫാ. ജയ്സൺ കുന്നേൽ MCBS