ദൈവകാരുണ്യത്തിന്റെ നൊവേന ദു:ഖവെള്ളിയാഴ്ച മുതൽ ഉയിർപ്പിനു ശേഷം വരുന്ന ആദ്യ ഞായറാഴ്ച (പുതുഞായർ) വരെയാണ് നടത്തേണ്ടത്.
“ദൈവകാരുണ്യത്തോടുള്ള ഈ നൊവേന പ്രാർത്ഥന എഴുതി എടുക്കുവാനും ദൈവകാരുണ്യത്തിന്റെ തിരുനാളിന്റെ ഒരുക്കത്തിനായി, ദു:ഖവെള്ളിയാഴ്ച മുതൽ അത് നടത്തുവാനും യേശു എന്നോട് കല്പിച്ചു” എന്നു സിസ്റ്റർ ഫൗസ്റ്റീന എഴുതി.
“ഈ നൊവേനവഴി ആവശ്യപ്പെടുന്ന ഏതൊരു കാര്യവും ഞാൻ നൽകുമെന്നുള്ള കർത്താവിന്റെ വാഗ്ദാനം എന്നും ഓർത്തിരിക്കട്ടെ” എന്ന് സിസ്റ്റർ എഴുതുന്നു.
ദൈവകാരുണ്യത്തിന്റെ നൊവേന: ആറാം ദിവസം
(സി. ഫൗസ്റ്റീനായുടെ ഡയറിയിൽനിന്ന്)
(കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുക)
ധ്യാനം:
ഇന്നു കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. ഈ ആത്മാക്കളെല്ലാം എന്റെ ഹൃദയവുമായി ഏറ്റവുമധികം സാദൃശ്യമുള്ളവരാണ്. എന്റെ അതികഠിനമായ വേദനകളിൽ അവരെന്നെ ശക്തിപ്പെടുത്തി. എന്റെ ബലിപീഠങ്ങളിൾ ശ്രദ്ധാപൂർവ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖമാരായി ഞാൻ അവരെ കണ്ടു. പ്രസാദവരങ്ങളുടെ സർവ്വസമ്പത്തും അവരുടെ മേൽ വർഷിക്കും. എത്രയും എളിമയുള്ള ആത്മാക്കളെ എന്റെ വിശ്വാസംകൊണ്ട് അനുഗ്രഹിക്കും.
പ്രാര്‍ത്ഥന:
എത്രയും ദയയുള്ള യേശുനാഥാ അങ്ങുതന്നെ കല്പിച്ചു: ‘ഞാൻ ഹൃദയശാന്തതയും എളിമയുള്ളവനുമാകയാൽ എന്നെ നോക്കി പഠിക്കുവിൻ’ എന്ന്. അവിടുത്തെ ആർദ്രമായ തിരുഹൃദയത്തിൽ കൊച്ചുകുട്ടികളുടെയും, എളിമയും ശാന്തതയുള്ളവരുടെയും ആത്മാക്കളെ സ്വീകരിച്ചാലും! ഈ ആത്മാക്കൾ സ്വർഗ്ഗീയപിതാവിന്റെ ഏറ്റം പ്രിയപ്പെട്ടവരും സ്വർഗ്ഗത്തെ മുഴുവൻ ആനന്ദഭരിതരാക്കുന്നവരുമാണ്. ദൈവത്തിന്റെ തിരുസിംഹാസനത്തിൻ മുമ്പാകെ സൗരഭ്യം വിതറുന്ന പൂച്ചെണ്ടുകളാണവർ. അവരുടെ മധുരസുഗന്ധമേറ്റ് ദൈവംതന്നെ സന്തോഷിച്ചാനന്ദിക്കുന്നു. ദൈവമായ യേശുവിന്റെ എത്രയും ദയയുള്ള തിരുഹൃദയത്തിൽ ഈ ആത്മാക്കൾക്ക് സ്ഥിരമായ അഭയമാണുള്ളത്. സ്‌നേഹത്തിന്റെയും കരുണയുടെയും മധുരസംഗീതം അവർ നിരന്തരം പാടുന്നു.
നിത്യപിതാവേ, എത്രയും അനുകമ്പയുള്ള യേശുവിന്റെ തിരുഹൃദയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ശാന്തതയുള്ള ആത്മാക്കളുടെയും, കൊച്ചുകുട്ടികളുടെ ആത്മാക്കളുടെയുംമേൽ അവിടുത്തെ ദയാദൃഷ്ടി പതിയണമേ. അവിടുത്തെ തിരുസുതനോട് എത്രയും അടുത്ത സാദൃശ്യമുള്ളവരാണീ ആത്മാക്കൾ. ഈ ആത്മാക്കളുടെ പരിമളം ഭൂമിയിൽ നിന്നുയർന്ന് അവിടുത്തെ തിരുസിംഹാസനത്തിലെത്തുന്നു. എല്ലാ നന്മയുടെയും കരുണയുടെയും ഉറവിടമായ പിതാവേ, ഈ ആത്മാക്കളോടുള്ള അവിടുത്തെ സ്‌നേഹത്തെപ്രതിയും ഞാൻ യാചിക്കുന്നു:- സമസ്ത ലോകത്തെയും അനുഗ്രഹിക്കണമെ. എല്ലാ ആത്മാക്കളും ഒന്നടങ്കം അവിടുത്തെ കാരുണ്യത്തെ അനവരതം പ്രകീർത്തിക്കട്ടെ. ആമ്മേന്‍.
1 സ്വ. 1 ന. 1 ത്രി.
ദൈവകാരുണ്യത്തിന്റെ ലുത്തിനിയ:
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ! ലോകത്തിന്റെ വിമോചകാ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
(പ്രതിവചനം: ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു)
സ്രഷ്ടാവിന്റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ!
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രീത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!
അമാനുഷസൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയില്‍ നിന്നു നമ്മെ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ!
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!
സാര്‍വ്വത്രീകസഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!
പരിശുദ്ധ കൂദാശയില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
മാമ്മോദീസായിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
വ്യഥിതഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗ്രഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!
കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള എറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.
പ്രാര്‍ത്ഥിക്കാം
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.
കടപ്പാട്: ‘ദൈവകാരുണ്യത്തോടുള്ള ഭക്തി’ (ഫാ. സാമുവൽ പള്ളിവാതുക്കൽ)