
എല്ലാവരും പുതുഞായർ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. തോമാശ്ലീഹായുടെ തീർത്ഥാടന സ്ഥലങ്ങളിൽ പോകണമെന്നും പ്രാർത്ഥിക്കണമെന്നും തുടങ്ങി മറ്റനേകം പദ്ധതികളുമായി പുതുഞായർ ആഘോഷമാക്കാനുള്ള ഒരുക്കത്തിന്റെ അവസാനഘട്ടത്തിലാണ്.
ഈ തിരക്കിനടയിൽ ഈ ദിവസത്തെ മറ്റൊരു പ്രത്യേകത മനഃപൂർവ്വമല്ലെങ്കിലും ആരും മറക്കാതിരിക്കട്ടെ. ദൈവകരുണയുടെ തിരുനാൾ ദിവസം കൂടിയാണ് ഇന്ന്. കർത്താവിന്റെ വലിയ കരുണ ലോകം മുഴുവനെയും വലയം ചെയ്യുന്ന ഒരു പുണ്യദിനം. ഓരോ ആത്മാവും രക്ഷപെടണമെന്ന് ആഗ്രഹിക്കുന്ന ആ വലിയ സ്നേഹത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഒരു പുണ്യദിനം. “മാനവകുലം മുഴുവൻ എന്റെ കരുണയിലേക്ക് തിരിയുംവരെ സമാധാനം അനുഭവിക്കില്ല” എന്ന ഈശോയുടെ വാക്കുകളെക്കുറിച്ച് ഓർക്കേണ്ട ഒരു പുണ്യദിനം.
സവിശേഷമായ കൃപകകളുടെ തിരുനാൾ
നമ്മുടെ കർത്താവ് ഈ തിരുനാളിനോടു ചേർത്തുവച്ചിരിക്കുന്ന അസാധാരണമായ വാഗ്ദാനങ്ങൾ, സവിശേഷമായ കൃപകൾ, അതാണ് ഈ തിരുനാളിന്റെ ഏറ്റവും വലിയ പ്രത്യേകത.
വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പതിനാലു പ്രാവശ്യം ഈ തിരുനാൾ ആഘോഷിക്കപ്പെടാനുള്ള തന്റെ അദമ്യമായ ആഗ്രഹം ഈശോ വെളിപ്പെടുത്തുന്നതായി കാണുന്നു. “കരുണയുടെ തിരുനാൾ എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ പാപികൾക്കും അഭയവും തണലുമാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ ആഴങ്ങൾ താനേ തുറക്കപ്പെടും. എന്റെ കരുണയുടെ ഉറവയെ സമീപിക്കുന്ന ആത്മാക്കളുടെമേൽ കൃപയുടെ വലിയ സമുദ്രത്തെ ഞാനൊഴുക്കും കുമ്പസാരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനും അന്നു തയ്യാറാകുന്ന ആത്മാക്കൾക്ക് പാപകടങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും പൂർണ്ണമായ ഇളവ് ലഭിക്കും. കൃപയൊഴുകുന്ന ദൈവിക കവാടം അന്ന് തുറക്കപ്പെടും. പാപങ്ങൾ കടുംചുവപ്പയാലും ഒരു ആത്മാവും എന്റെയടുക്കൽ വരാൻ ഭയപ്പെടേണ്ട. കരുണയുടെ തിരുനാൾ എന്റെ അലിവിന്റെ ആഴങ്ങളിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു. ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച അത് പാവനമായി ആഘോഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” (ഡയറി 699).
എന്താണ് ആ വാഗ്ദാനങ്ങൾ?
ഈ തിരുനാൾ യോഗ്യതാപൂർവ്വം ആഘോഷിക്കുന്നവർക്ക് (അതായത് കർത്താവിന്റെ കരുണയിൽ ദൃഢമായി ശരണപ്പെട്ട് തിരുനാൾ ദിനത്തിൽ യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ) അവരുടെ ജീവിതത്തിൽ വന്നുപോയ മുഴുവൻ പാപങ്ങൾക്കും (കുമ്പസാരിക്കാൻ മറന്നുപോയ പാപങ്ങൾക്കു പോലും) പൂർണ്ണമായ മോചനവും ശിക്ഷകളിൽ നിന്നുള്ള പൂർണ്ണമായ ഇളവും (ദണ്ഡവിമോചനം) ഈശോ വാഗ്ദാനം ചെയ്യുന്നു. ദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയും നേടാവുന്നതാണ്.
എന്താണ് ചെയേണ്ടത്?
- പീഢാനുഭവ വെള്ളി മുതൽ കരുണയുടെ നൊവേന ചൊല്ലണം.
- തിരുനാൾ ദിനത്തിലോ, അതിനു മുമ്പോ നല്ല കുമ്പസാരം നടത്തിക്കൊണ്ട് നമ്മെത്തന്നെ ദൈവകരുണയിൽ നിമഞ്ജനം ചെയ്യണം.
- ദേവാലയത്തിൽ ദൈവകരുണയുടെ ഛായാചിത്രം ആഘോഷമായി ആശീർവദിക്കുകയും പരസ്യമായി വണങ്ങപ്പെടുകയും ചെയ്യണം.
- യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കണം.
- ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ചെയ്ത് കർത്താവിനു കാഴ്ചവയ്ക്കണം.
കരുണയുടെ തിരുനാളിലെ ദിവ്യകരുണ്യ സ്വീകരണത്തെ ഒരു വിശ്വാസിയുടെ രണ്ടാം മാമ്മോദീസ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയും ഉന്നതമാണ് ഈ തിരുനാളിൽ ഒരു ആത്മാവിനു ലഭിക്കുന്ന കൃപകൾ.
ഏതെങ്കിലും പ്രത്യേകമായ കാരണത്താൽ കരുണയുടെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പാപത്തെ ഹൃദയപൂർവ്വം തിരസ്കരിച്ചുകൊണ്ട് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ കരുണയുടെ രണ്ട് കൂദാശകളും – കുമ്പസാരം, വിശുദ്ധ കുർബാന ഇവ – സ്വീകരിക്കും എന്ന നിശ്ചയത്തോടെ, ആയിരിക്കുന്ന സ്ഥാനത്ത് ദൈവകരുണയുടെ ഛായാചിത്രം വണങ്ങിക്കൊണ്ട് മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കുകയും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ഒരു വിശ്വാസപ്രമാണവും “ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു” എന്നു ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്താൽ ഈ തിരുനാളിന്റെ അനുഗ്രഹങ്ങൾ ഒരു വ്യക്തിക്ക് ലഭിക്കുന്നതാണ്.
റവ. ഡോ. ഇഗ്നാസി റോസിക്കി എന്ന ദൈവശാസ്ത്രജ്ഞൻ കരുണയുടെ തിരുനാൾ ദിവസത്തെ ദിവ്യകാരുണ്യ സ്വീകരണത്തെ ഒരു ക്രിസ്ത്യാനിയുടെ രണ്ടാം മാമ്മോദീസ എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പൂർണ്ണമായ പാപമോചനവും ശിക്ഷകളിൽ നിന്ന് ഇളവുമാണ് ഈ തിരുനാളിലൂടെ ഒരാൾക്ക് ലഭിക്കുന്നത്. ജീവിതത്തിൽ വന്നുപോയ മുഴുവൻ പാപങ്ങളിൽ നിന്നും അവയുടെ ശിക്ഷകളിൽ നിന്നും പൂർണ്ണമായ മോചനം നേടാൻ ദൈവം നൽകുന്ന ഈ അവസരം നമുക്കെല്ലാവർക്കും പ്രയോജനപ്പെടുത്താം. പാപത്തിനു മുമ്പ് ജന്മപാപവും കർമ്മപാപവും അതിന്റെ ശിക്ഷകളും നീക്കപ്പെട്ട് ആദിപാപത്തിനു മുമ്പ് ആദത്തിനും ഹവ്വാക്കുമുണ്ടായിരുന്ന പ്രസാദവരാവസ്ഥയലേക്ക് നമുക്ക് പ്രവേശിക്കാം.
വി. ഫൗസ്റ്റീന പുണ്യവതി പറഞ്ഞതുപോലെ നമുക്ക് പ്രാർത്ഥിക്കാം: “കരുണയുടെ ഉറവയായ അവിടുത്തെ തിരുമുറിവുകളുടെ അടുത്തേക്ക് നമുക്ക് ചെല്ലാം. ആ ജീവന്റെ ഉറവയിൽ നിന്നും ആഗ്രഹിക്കുന്നതെല്ലാം കോരിയെടുക്കാം. അങ്ങനെ ജീവിതയാത്രയിൽ തളരാതിരിക്കാം. ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ നിന്നും കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുജലത്തിലും തിരുരക്തത്തിലും ഞാൻ ശരണപ്പെടുന്നു.”
ജോജി ജോൺ
(Whatsapp ഗ്രൂപ്പുകളിൽ ദുഃഖവെള്ളിയാഴ്ച മുതൽ ഇന്നു വരെ മാറിമാറി വന്ന ചില സന്ദേശങ്ങളിൽ നിന്നും എടുത്തവയും വി. ഫൗസ്റ്റീന പുണ്യവതിയുടെ വാക്കുകളും കോർത്തിണക്കിയതുമാണ് ഇതിലെ ഓരോ വരികളും.
കടപ്പാട്: Whatsapp ഗ്രൂപ്പുകളിൽ ഇതേക്കുറിച്ചു പങ്കുവച്ചവരോടും അത് എഴുതിയവരോടും. 2018 -ൽ പ്രസിദ്ധീകരിച്ചത്)