‘കൂടൊഴിയും മുമ്പ്’ എന്ന ശീർഷകത്തിൽ മലയാള മനോരമ പത്രത്തിൽ (27/ 11/ 2024) വന്ന രാധിക പദ്മാവതിയുടെ ലേഖനം ശ്രദ്ധേയമാണ്. ഡെത്ത് ക്ലീനിങ് (death cleaning) എന്നതാണ് പ്രമേയം. വാർധക്യത്തിലെത്തുന്ന വ്യക്തികൾ ശിഷ്ടകാല ജീവിതത്തിന് ആവശ്യമായ സാധനങ്ങൾ മാത്രം കൈവശം വയ്ക്കാൻ തീരുമാനിക്കുന്ന ഏർപ്പാടാണ് ഡെത്ത് ക്ലീനിങ്. സ്വീഡനിൽ ആരംഭിച്ച ഈ സമ്പ്രദായം ഇന്ന് പല വിദേശരാജ്യങ്ങളിലും പ്രചാരത്തിലുണ്ട്.
ഡെത്ത് ക്ലീനിങ് ചെയ്യാൻ പോകുന്നയാൾ തന്റെ വേണ്ടപ്പെട്ടവരെ വിവരമറിയിക്കും. ഈ ക്ലീനിങ് ഒരുവർഷം വരെ നീണ്ടേക്കാം. വളരെ കൃത്യതയോടെയാണ് ഈ പ്രവൃത്തി ചെയ്യുന്നത്.
1. വ്യക്തിപരമായ രേഖകളെല്ലാം ഫയലിൽ സൂക്ഷിക്കുന്നു. ഇതിൽ ബാങ്ക് രേഖകൾ, ഇൻഷുറൻസ് എന്നിവ ഉണ്ടാകും.
2. വൈകാരിക അടുപ്പമുള്ള വസ്തുക്കളൊഴികെ മറ്റുള്ളവ പ്രിയപ്പെട്ടവർക്കായ് പേരെഴുതി കവറുകളിലാക്കി മാറ്റിവയ്ക്കുന്നു.
3. അലമാരകൾ മാത്രം ഇരിപ്പിടങ്ങളാക്കിയ വസ്ത്രങ്ങളും ഒരു തോന്നലിന് വാങ്ങിക്കൂട്ടിയ വസ്ത്രങ്ങളും വേർതിരിച്ച് ആവശ്യക്കാർക്കു നൽകുന്നു. ഇതുപോലെ തന്നെ പാത്രങ്ങളും അലങ്കാരവസ്തുക്കളും ഫർണിച്ചറുകളുമെല്ലാം വേർതിരിച്ച് ആവശ്യമുള്ളവ മാത്രം സൂക്ഷിച്ച് മറ്റുള്ളവ ഒഴിവാക്കുന്നു.
നാം വാങ്ങിക്കൂടിയവ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകുമോ എന്നീ ചിന്തകൾ ധ്യാനിച്ച് കൂടൊഴിയും മുമ്പ് ആർക്കും ഭാരമാകാതെ പോകാനായാൽ എത്ര നല്ലതെന്ന ആശയം ലേഖിക പങ്കുവയ്ക്കുന്നു.
ലെസ് ലഗേജ് എന്ന ചിന്ത ക്രിസ്തുവിന്റേതുകൂടിയാണ്. എത്ര കൃത്യമായാണ് യാത്രയ്‌ക്കൊരുങ്ങുന്ന ശിഷ്യർക്ക് അവൻ നിർദേശം നൽകുന്നത്. “അവന്‍ പറഞ്ഞു: യാത്രയ്ക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്” (ലൂക്കാ 9 :3). അമിതമായതെന്തും ഭാരമാണ്. ജീവിച്ചിരിക്കുമ്പോൾതന്നെ അവ ഒഴിവാക്കാനായാൽ എത്ര നല്ലത്.
വർഷത്തിലൊരിക്കൽ അവധിക്കു വരുമ്പോൾ മാത്രം ജീവൻ വയ്ക്കുന്ന വസ്തുക്കളുമായി കേരളത്തിൽ ഏതാണ്ട് പത്തുലക്ഷത്തോളം വീടുകൾ അടഞ്ഞുകിടപ്പുണ്ടത്രെ. ഇവിടങ്ങളിൽ പൊടിപിടിച്ചും ഉപയോഗിക്കാതെയും നശിച്ചുപോകുന്ന എത്രയോ സാധനങ്ങളുണ്ടാകും. വാങ്ങിക്കൂട്ടുന്നവയെല്ലാം ഉപേക്ഷിച്ച് യാത്രയാകേണ്ടവരാണ് നമ്മൾ എന്ന ചിന്ത മനസ്സിൽ സൂക്ഷിച്ച് വാങ്ങിച്ചുക്കൂട്ടലിന് കടിഞ്ഞാണിടുന്നത് എന്തുകൊണ്ടും നല്ലതുതന്നെ. അതുകൊണ്ട് ഒരു ഡെത്ത് ക്ലീനിങ് നടത്താൻ പ്രായമേറെ ആകണമെന്നില്ല. ചെറുപ്രായത്തിലും തുടങ്ങാം. യാത്ര എപ്പോൾ തീരുമെന്ന് ആർക്കുമറിയില്ലല്ലോ. എന്തു തോന്നുന്നു?
ഫാ. ജെൻസൺ ലാസലെറ്റ്