
വചനം
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം (ലൂക്കാ 2:14)
വിചിന്തനം
ഈശോയുടെ മനുഷ്യാവതാരത്തിന്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവ ഹൃദയത്തിലാണ്, ഏതു യുദ്ധവും കലാപവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ ആരംഭം കുറിക്കുന്നത്. മനുഷ്യഹൃദയം സമാധാനപൂര്‍ണ്ണമായാല്‍ സമൂഹവും സമാധാനപൂര്‍ണ്ണമാകും. ഭൂമിയിൽ ദൈവമഹത്വം അംഗീകരിക്കുമ്പോൾ നാം സമാധാനത്തിൽ വളരുകയാണ്.
പ്രാർത്ഥന
സ്വർഗ്ഗീയ പിതാവേ, അത്യുന്നതങ്ങളിൽ നിനക്കു മഹത്വമുണ്ടായിരിക്കട്ടെ. ക്രിസ്തുമസിനായി തീക്ഷ്ണമായി ഒരുങ്ങുന്ന സമയത്ത് നിന്റെ മഹത്വം മാത്രമായിരിക്കട്ടെ ഞങ്ങളുടെ ഏക ലക്ഷ്യം. ഞങ്ങളുടെ രക്ഷയ്ക്കായി മനുഷ്യവതാരം ചെയ്ത നിന്റെ പ്രിയപുത്രന്റെ മഹത്വം അംഗീകരിക്കുമ്പോൾ ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്ന ദൈവപുത്രനും / പുത്രിയുമായി ഞങ്ങൾ രൂപാന്തരപ്പെടുകയാണല്ലോ. അതിനാവശ്യമായ കൃപാവരത്താൽ ഞങ്ങളെ നിറയ്ക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം
ഉണ്ണീശോയെ, എന്നെ നിൻ്റെ സമാധാനത്തിൻ്റെ ഉപകരണമാക്കണമേ!
ഫാ. ജയ്സൺ കുന്നേൽ MCBS