വചനം
“ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: “ദൈവകൃപ നിറഞ്ഞവളേ, സ്വസ്‌തി! കര്‍ത്താവ് നിന്നോടുകൂടെ” (ലൂക്കാ 1:28).
വിചിന്തനം
ആഗമനകാലത്ത് തിരുപ്പിറവിക്ക് 17 ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽനിന്നു പരിരക്ഷിച്ചു എന്നതാണ് അമലോദ്ഭവസത്യം. അവൾ ജന്മപാപമില്ലാതെ ജനിക്കുകയും പാപമില്ലാതെ ജീവിക്കുകയും ചെയ്തു. അവളെ സ്നേഹിക്കുന്നവൾ പാപത്തിന്റെ വിഷഭയത്തിൽനിന്ന് അകന്നുനിൽക്കണമെന്ന് മറിയം ആഗ്രഹിക്കുന്നു.
ആഗമനകാലത്തിന്റെ ചൈതന്യം – പാപമില്ലാത്ത ജീവിതം – ഉറക്കെ പ്രഘോഷിക്കുന്ന അമലോദ്ഭവ തിരുനാൾ ദിനത്തിൽ നമ്മുടെ ഹൃദയങ്ങളെ നിർമലമാക്കാൻ മറക്കരുതേ.
മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള മരിയൻ തീർഥാടനകേന്ദ്രങ്ങൾ ആത്മീയ ക്ലിനിക്കുകളാണ്. കാരണം, അവയെല്ലാം പാപികൾക്ക് വിശുദ്ധീകരണത്തിനായി നല്ല കുമ്പാരത്തിന് അവസരമൊരുക്കുന്ന അഭയസ്ഥാനങ്ങളാണ്.
പ്രാർഥന
കാരുണ്യവാനായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനം ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസമാണല്ലോ. മറിയത്തിന്റെ ശക്തമായ മധ്യസ്ഥതയുടെ ശക്തിയാൽ പാപസാഹചര്യങ്ങൾ വെടിഞ്ഞ് വിശുദ്ധിയിൽ വളരാനും അന്ധകാരത്തിന്റെയും ആകുലതകളുടെയും മാർഗങ്ങൾ പരിത്യജിച്ച് പ്രകാശത്തിന്റെ മക്കളാകാനും ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും, ആമേൻ.
സുകൃതജപം
അമലോദ്ഭവ മാതാവേ, നിർമലരായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ MCBS