
വചനം
“വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ. 1:14).
വിചിന്തനം
ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബെത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ്വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെയോർത്ത് പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരണമാണത്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ മണ്ണിന്റെ മണമുള്ള മക്കൾ അനുദിനജീവിതത്തിലൂടെ വചനമാകുന്ന ദൈവത്തിന് ജീവൻ നൽകുമ്പോൾ നമ്മിലും ഒരു പുതിയ ജീവിതം പിറവിയെടുക്കുന്നു.
പ്രാർഥന
സ്നേഹനാഥനായ പിതാവേ, നിന്റെ വചനമായ പുത്രനെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. ഞങ്ങൾക്ക് ജീവൻ നൽകാനായി മന്നിൽ പിറന്ന നിന്റെ പ്രിയപുത്രനെ സ്നേഹിക്കാനും അവന്റെ വഴികളെ പിന്തുടരാനും ഞങ്ങളെ സഹായിക്കണമേ. യുദ്ധങ്ങളും പീഢനങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന മാനവരാശിയെ രക്ഷിക്കാനായി നിന്റെ ആശീർവാദത്തിന്റെ കരം ഞങ്ങളുടെമേൽ നീട്ടണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും, ആമേൻ.
സുകൃതജപം
പിതാവിന്റെ മഹത്വമായ ഉണ്ണീശോയെ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS