

“വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു” (യോഹ: 1:14).
മനുഷ്യരൂപമെടുത്ത പരിശുദ്ധ വചനത്തിന്റെ ജന്മദിനമാണ് ഇന്ന്. ആദിയിൽ വചനം ഉണ്ടായിരുന്നുവെന്നും വചനം ദൈവത്തോടു കൂടെ ആയിരുന്നുവെന്നും വചനം ദൈവമായിരുന്നു എന്നും യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽതന്നെ പറഞ്ഞുവയ്ക്കുന്നു. ഈ വചനമാണ് മാംസം ധരിച്ചത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്ക്കരണത്തെക്കുറിച്ചുള്ള പ്രമാണരേഖയായ ‘ഡേയി വെർബു’മിൽ (Dei Verbum – Word of God) മിശിഹായുടെ ശരീരത്തെ വണങ്ങുന്നതുപോലെ വചനത്തെയും നാം വണങ്ങണം എന്ന് സഭ പഠിപ്പിക്കുന്നു. മിശിഹായുടെ ശരീരമാകുന്ന മേശയിൽനിന്നും തിരുവചനമാകുന്ന മേശയിൽനിന്നും ഒരു ക്രിസ്ത്യാനി ഭക്ഷിക്കണം. മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ് (യോഹ. 6:51) വിശുദ്ധ കുർബാന. നാം കേൾക്കുന്ന വചനം നമ്മുടെ ആത്മാവും ജീവനുമാണ് (യോഹ. 6:63). ബെത്ലഹേമിൽ മനുഷ്യാവതാരം ചെയ്ത വചനം മുൻകാലഘട്ടങ്ങളിൽ എഴുതപ്പെട്ട വെറുമൊരു ചരിത്രഗ്രന്ഥം പോലെയല്ല. ഈശോ ഇന്ന് എന്നോട് എന്റെ രക്ഷയെക്കുറിച്ച് സംസാരിക്കുന്ന ജീവിക്കുന്ന പുസ്തകമാണിത്.
പല വ്യക്തികളുടെയും ജീവിതത്തെ മാറ്റിമറിച്ചത് ഈ വചനമാണ്. കാരണം അത് ജീവിക്കുന്ന ഈശോയാണ്. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?” (മത്തായി 16:26). വി. ഇഗ്നേഷ്യസ് ലയോളയുടെ ജീവിതത്തെ മാറ്റിമറിച്ചത് ഈ വചനമായിരുന്നു; പിന്നീട് വി. ഫ്രാൻസിസ് സേവ്യറിന്റെയും.
ദൈവവചനം ഒരിക്കലും പരാജയപ്പെടില്ല; വചനം എന്നും നിലനിൽക്കുകയും ചെയ്യും. കാരണം, അത് ഈശോയാണ്. വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്ന് മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്ന് ചെയ്യാതിരിക്കുമോ? പറഞ്ഞത് നിറവേറ്റാതിരിക്കുമോ? (സംഖ്യ 23:19).
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു. അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്‌ക്കുന്നു. അത് സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്‌ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫലരഹിതമായി അത് തിരിച്ചുവരില്ല. എന്റെ ഉദ്ദേശ്യം അത് നിറവേറ്റും. ഞാന്‍ ഏല്‍പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും (ഏശയ്യാ 55: 10-11). വചനം നിത്യജീവൻ നൽകുന്നു. കാരണം, വചനം ഈശോയാണ്. ആത്മാവാണ് ജീവന്‍ നല്‍കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ് (യോഹ. 6:63).
ലോകത്തിൽ എന്തിനെപ്പറ്റി അറിവുണ്ടായാലും ദൈവത്തെയും ദൈവവചനത്തെപ്പറ്റിയും നിത്യജീവനെക്കുറിച്ചും അറിവില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല.വി. ജെറോം പറയുന്നു: “ദൈവവചനത്തെക്കുറിച്ചുള്ള അജ്ഞത ഈശോയെക്കുറിച്ചുള്ള അജ്ഞതയാണ്.” വചനം ദൈവമാണെങ്കിൽ വചനം വായിക്കുമ്പോൾ ദൈവത്തെ അനുഭവിച്ചറിയുകയാണ്. കൂദാശകളിലൂടെ ദൈവത്തെ അനുഭവിച്ചറിയുന്നതുപോലെ വചനം വായിക്കുമ്പോൾ ഈശോയെ അനുഭവിച്ചറിയണം.
ഫ്രാൻസിസ് പാപ്പ 2021 ജനുവരി മാസം മൂന്നാം തീയതി നൽകിയ സന്ദേശത്തിൽ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “വചനം മാംസമായിത്തീർന്നു. നമ്മുടെ ഇടയിൽ വസിച്ചു.” അവിടുന്ന് മാംസം ധരിച്ചു: “എന്തുകൊണ്ടാണ് വി. യോഹന്നാൻ ‘മാംസം’ എന്ന പദം ഉപയോഗിക്കുന്നത്? അവിടുന്ന് മനുഷ്യനായിത്തീർന്നു എന്ന കൂടുതൽ മനോഹരമായ പ്രയോഗം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ലേ. ഇല്ല, അദ്ദേഹം മാംസം എന്ന പദം ഉപയോഗിക്കുന്നു. കാരണം, അത് നമ്മുടെ മനുഷ്യാവസ്ഥയെ അതിന്റെ എല്ലാ ബലഹീനതയിലും അതിന്റെ എല്ലാ ദുർബലതയിലും സൂചിപ്പിക്കുന്നു. നമ്മുടെ ബലഹീനതകളെ തൊട്ടറിയാൻ ദൈവം ബലഹീനനായിത്തീർന്നുവെന്ന് അത് നമ്മോട് പറയുന്നു. അതിനാൽ, കർത്താവ് മാംസമായിത്തീർന്ന നിമിഷം മുതൽ, നമ്മുടെ ജീവിതത്തിൽ ഒന്നും അവന് അന്യമല്ലതായി. അവിടുന്ന് പുച്ഛിക്കുന്നതായ യാതൊന്നുമില്ല. സകലവും നമുക്ക് അവിടുന്നുമായി പങ്കിടാൻ കഴിയും, എല്ലാം. പ്രിയ സഹോദരാ സഹോദരീ, ദൈവം മാംസമായിത്തീർന്നത്, അവിടുന്ന് നിന്നെ സ്നേഹിക്കുന്നു എന്ന്, നിന്റെ ബലഹീനതകളിൽ നിന്നെ സ്നേഹിക്കുന്നു എന്ന്, നാം കൂടുതലായി ലജ്ജിക്കുന്ന നമ്മുടെ ബലഹീനതകളിൽ നമ്മെ സ്നേഹിക്കുന്നുവെന്ന് നമ്മോടു പറയുന്നതിനാണ്. ഇത് ധീരമാണ്. ദൈവത്തിന്റെ തീരുമാനം ധീരമാണ്. നാം പലപ്പോഴും ലജ്ജിക്കുന്നിടത്ത് അവിടുന്ന് മാംസം ധരിച്ചു. നമ്മുടെ സഹോദരനായിത്തീരുന്നതിന്, നമ്മുടെ ജീവിതസരണിയിൽ പങ്കുചേരുന്നതിന് അവിടുന്ന് നമ്മുടെ ലജ്ജയിലേക്കു പ്രവേശിക്കുന്നു.”
സങ്കീർത്തകൻ പറയുന്നു: “കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍. അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍” (സങ്കീ. 34:8). വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ച ദൈവത്തെ ഈ ദിവസത്തിൽ നമുക്ക് കൂടുതൽ അനുഭവിച്ചറിയാം. വചനത്തെ കൂടുതൽ സ്നേഹിച്ചുകൊണ്ട് വചനം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ മാംസം ധരിക്കാൻ ഈ ക്രിസ്തുമസ് ഇടയാക്കട്ടെ.
സി. റെറ്റി ജോസ് FCC