

“വിശ്വസ്‌തന്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും” (സുഭാ. 28:20).
ഈശോയുടെ തിരുപ്പിറവിയോട് ഏറ്റവും അടുക്കുന്ന ഈ ദിനത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട ഒരു സുകൃതമാണ് വിശ്വസ്തത. ദൈവത്തിന് മനുഷ്യവംശത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയുടെ ആഘോഷമാണല്ലോ രക്ഷകന്റെ മനുഷ്യവതാരം. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് വിശ്വസ്തത. കാര്യസ്ഥന് വിശ്വസ്തത കൂടിയേ തീരൂ. യജമാനൻ തന്റെ സ്വത്തുവകകളുടെയും തനിക്കുള്ളവയുടെയെല്ലാം മേൽനോട്ടക്കാരനായി നിയമിച്ചിരിക്കുന്നവനാണ് കാര്യസ്ഥൻ. ദിവസവും വരവുചിലവ് കണക്കുകളെക്കുറിച്ച് അവൻ വിലയിരുത്തുന്നു. വരവ്, ചിലവിനേക്കാൾ കൂടിയതാണെങ്കിൽ യജമാനന് സന്തോഷമാണ്; കാര്യസ്ഥനു സംതൃപ്തിയും. കാര്യസ്ഥന്റെ കൈയിൽ ഒരു താക്കോലുണ്ട്. താക്കോൽ വിശ്വസ്തരെയാണ് യജമാനൻ ഭരമേൽപിക്കുന്നത്. ഇതുപോലെ സ്വർഗം തുറക്കാനുള്ള താക്കോലാണ് വിശ്വസ്തത. വിശ്വസ്തതയുണ്ടെങ്കിൽ സ്വർഗപ്രവേശനം എളുപ്പം സാധ്യമാകും.
സീറോമലബാർ സഭയുടെ മൃതസംസ്കാര ശുശ്രൂഷയിൽ പുരോഹിതൻ ചൊല്ലുന്ന ഒരു പ്രാർഥനയിൽ ഇത് വ്യക്തമാണ്: “വിശ്വസ്തരായ ഭൃത്യർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗരാജ്യത്തിലേക്ക് ദൈവം നിന്നെ പ്രവേശിപ്പിക്കുമാറാകട്ടെ.” വിശ്വസ്തന്റെ അവകാശമാണ് സ്വർഗരാജ്യം. ദൈവം നമ്മോട് വിശ്വസ്തനാണ്. നാം അവിശ്വസസ്തരായിരുന്നാലും അവിടുന്ന് വിശ്വസ്തനാണ്. ഏതൊരു ജീവിതത്തിലും വിശ്വസ്തത ഉള്ളവൻ എന്നും നിലനിൽക്കും.
വിശ്വസ്തതയുടെ തീർഥജലത്താൽ ശുദ്ധിചെയ്യപ്പെടുന്ന പുൽകൂട്ടിൽ ഉണ്ണീശോയും മാതാവും യൗസേപ്പിതാവും പരസ്പരം വിശ്വസ്തയോടെ ജീവിച്ചു. അത് നമുക്കും ഒരു മാതൃകയും വെല്ലുവിളിയുമാണ്. അവരുടെ ദൈവികവിശ്വസ്തത ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ജീവിതത്തിന് മിഴിവു നൽകി. ഈ പുണ്യദിനത്തിൽ വിശ്വസ്തതയോടെ നമുക്കുവേണ്ടി മനുഷ്യനായി അവതരിച്ച ദൈവസ്നേഹത്തെ നമുക്ക് ഹൃദയത്തിൽ വരവേൽക്കാം. ഉണ്ണീശോ വിശ്വസ്തതയോടെ ജീവിച്ചതുപോലെ കൂടുതൽ വിശ്വസ്തതയുള്ള മക്കളായി നമുക്കു വളരാം.
ഉണ്ണീശോയേ, വിശ്വസ്തതയോടെ ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ.
സി. റെറ്റി ജോസ് FCC